Sunday, December 21, 2014

പുല്‍ക്കൊടിഅതിരില്ലാ വാനമെണ്ണിയാലൊടുങ്ങാ സൃഷ്ടികള്‍
കണ്ണെത്താ ദൂരം വന്മരങ്ങള്‍
അതിനിടയിലീയുലകില്‍ പൂവില്ലാ കായില്ല,
മണമില്ല,ഗുണമേതുമില്ലാ ഞാനൊരു പുല്‍കൊടി

വേനലില്‍ കരിയുന്നു പെരുമഴയില്‍ ചീയുന്നു
ഇടയിലെവിടെയോ നാമ്പിടുന്നു ജീവിതം
ഇരുളുകള്‍ ഹൃത്തില്‍ നിറയ്ക്കുന്നു നീര്‍മണി
പുലരിയില്‍ തുഷാരമതിലുദിക്കുന്നു സൂര്യന്‍

ഒന്നിച്ചു ചേര്‍ന്നാല്‍ പച്ചപ്പിന്‍ കുളിരാണ്
യെന്നാല്‍ ഒറ്റയ്ക്ക് നിന്നാല്‍ കളയാണതറിയാം
അ ടിമണ്ണു ചോരാതെയതിരുകള്‍ കാക്കാന്‍
തായ്‌ വേര് തമ്മില്‍ കൈകോര്‍ത്തീടാം

അംഗുലിയിലംഗുലമായ്‌ ഉദകം ചെയ്യുവാന്‍
കൊഴിഞ്ഞ ജീവനൊരിറ്റു കണ്ണീര്‍ പകരുവാന്‍
കറുകയായെങ്കിലും നീയെനിക്കേകിയ ജന്മ,
മതെത്രമേല്‍ പുണ്യം, സകലേശാ നന്ദി ....

ജിത്തു
വെന്മേനാട്

Wednesday, December 17, 2014

അഹം ( ഭാവം )


പുതുമകള്‍ മറന്നുപോയൊരു
ശീലുകള്‍, പഴയ പാഠങ്ങളീ
പെരുവഴിയിലുച്ചത്തില്‍ ചൊന്നു
നിന്നെ വിളിച്ചതും പഠിച്ചതും
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ഒഴിയാതെ പെയ്ത പെരുമഴയില്‍
നനഞ്ഞു ഞാന്‍, പുതു മണ്ണിലും
പുല്‍ക്കൊടിയിലും,ഒരുമാത്രയെന്‍
കുഞ്ഞിനൊരു പേര് തിരഞ്ഞത്
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

വഴികാട്ടിയാം സ്തംഭങ്ങള്‍ നിങ്ങള്‍
വെറുമൊരു പാരായണികന്‍, ഞാന്‍
വഴിതെറ്റിയലയുന്ന പൈതമിന്നും.
വെറുംവാക്കിലര്‍ത്ഥം ചികഞ്ഞത്-
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

കവിയെന്നു കളിയായി,കളി കൂട്ടുകാര്‍
വാക്കില്‍ കഷായം പകര്‍ന്ന നാളിലും
മടുക്കാതെ തോഴി -അലഞ്ഞു ഞാന്‍
തിരഞ്ഞിട്ടും തിരഞ്ഞിട്ടുമകന്നു നീ
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ജിത്തു
വെന്മേനാട്

Friday, November 28, 2014

മറവിഇന്നലെ കൂടി ഞാനോർത്തവയാണവ-
യിന്നെല്ലാമിതെങ്ങു പോയ് മറഞ്ഞിരിപ്പൂ.
നാവിന്‍ തുഞ്ചത്ത് തന്നെയുണ്ടെന്നാലോ
വഴുതിയൊഴിഞ്ഞെങ്ങോ ഒളിച്ചു നിൽപ്പൂ...

മുന്‍പിലുണ്ടെന്നാൽ കാണുവാനില്ലൊന്നും
കൺകെട്ടോ മായയോ, യിതിനെന്തു ചൊല്ലും.
ദാഹിച്ചു മോഹിച്ചു തിരയുമ്പോളൊക്കെയും
പിടിയി,ലൊതുങ്ങാതെ കണ്ണാരം കളിച്ചിടുന്നു.

പണ്ട് കൊതിച്ചവ മറവിയിലൊളിച്ചവ
ഹൃദയം പിഴിഞ്ഞിട്ടും അകലത്തു നിന്നവ
കുത്തുന്ന നോവുകള്‍ പൊള്ളും കനലുകള്‍
അസമയ,ത്തൊന്നാകെ മുന്നില്‍ നിരന്നു നിൽപ്പൂ.

വിളിക്കാത്ത നേരത്തെ,രിയുന്നയോർമ്മകൾ
കാണുവാനാകാതെ കീറിയ ചിത്രങ്ങൾ
കൺമുൻപിലൊന്നൊന്നായ് നീട്ടുന്ന മനസ്സേ,
നീയിതുമാത്ര,മേതാഴിയിൽ കുഴിച്ചു മൂടി. ..!

ജിത്തു
വെന്മേനാട്

Monday, November 10, 2014

പുഷ്പകം
പാറി വരും നേരം നിന,ക്കേകുവാന്‍
നറും തേനുമായ്‌ ഞാന്‍ കാത്തു നിന്നു
ഒരു മാത്രയെങ്കിലും മിഴികളില്‍
വാസന്തം തീര്‍ക്കുവാന്‍ ഒരുങ്ങി നിന്നു

രാവുകള്‍ പകലുകളീ  വഴിയോരം
വിഷാനനമിഴയും മണല്‍ക്കാട്ടില്‍
എത്ര നാഴികകള്‍ കൊതിച്ചു ഞാനി-
രുന്നിട്ടും അരികിലണയാഞ്ഞതെന്തേ

പ്രണയ സുഗന്ധം പേറി,യേകയായ്‌
നിന്നെയുമോര്‍ത്തിവള്‍ നിന്നു
മഴവ്വില്‍ പൂവിതള്‍ ചൂടി ചുണ്ടില്‍, മധുര
കനവുമായ്‌ തോഴിയിരുന്നു  ..!!

ദൂതുമായ്‌പത്രം പ്രിയാ,നിനക്കേകുവാന്‍
മാരുതനോടും, ഞാന്‍ ചൊല്ലി
നാടായ നാടെല്ലാം നുണകള്‍ പറഞ്ഞ
വനിതു മാത്രം ചൊല്ലാന്‍ മറന്നോ,

നാളുകള്‍ നീങ്ങുന്നു തളരുന്നു ഞാനും
വാടുന്നു,ജരവീണിതള്‍ പൊഴിയുന്നൂ
വര്‍ണ്ണചിറകുകള്‍ വീശി, ശലഭമാ,യീ
വഴിയൊന്നു വരിക,ഒരു മുത്തം തരിക

അവസാനമെന്‍ സുന്ദരമേനി,യീ
അവനിയില്‍ പതിയ്ക്കും മുന്‍പേ
അനുരാഗമേ, നിന്നധരങ്ങളാലെ
അന്തരാത്മാവിന്‍ തേന്‍ നീ,നുകരുക ..!!

ജിത്തു
വെന്മേനാട്

Friday, October 31, 2014

പ്രണയംപതിയേ തഴുകവെ ഇളകി ചിരിയ്ക്കുന്ന
ആലിലചാര്‍ത്തതിലാണെന്‍റെ പ്രണയം

വെയിലേറ്റു വാടുന്ന മലരേ നിന്നോപ്പം
ഉരുകുന്ന പ്രാലേയമാണെന്‍റെ പ്രണയം

മുകിലിന്‍ കവിളില്‍  മഴവില്ലു ചാര്‍ത്തും
മിഹിരന്റെ മുത്തമാണിന്നുമെന്‍ പ്രണയം

പൗര്‍ണമിരാവില്‍ കരയോടു കൊഞ്ചും
അലയുടെ കൈകളില്‍ പകരുന്നു പ്രണയം

മഴക്കാറൊന്നു കണ്ടപ്പോള്‍ ഒളി-കണ്ണിട്ടു
നോക്കിയ പടിഞ്ഞാറന്‍ കാറ്റിലെന്‍ പ്രണയം

വര്‍ണ്ണചിറകടിച്ചരികില്‍ പറന്നെത്തും
ചിത്രപതംഗത്തിനേകുവാനകതാരില്‍

കുസുമമേ, കാത്തു നീ,വെച്ചൊരു മധുരിയ്ക്കും
തേന്‍കണമതിലാകുന്നെന്‍ പ്രണയം

നീയൊഴുകും വഴിയില്‍,നിലാമഴയില്‍ ത്രിസന്ധ്യ
യില്‍,താരകള്‍ വര്‍ണ്ണങ്ങള്‍  വാനിലൊരുക്കി

പുത്തന്‍ പുടവയുപഹാരമേകുവാന്‍ - മറഞ്ഞു
നില്‍ക്കുമൊരു ഇരുള്‍ മാത്രമാണിന്നും പ്രണയം

ശതകോടി ലതകള്‍ കൂടൊരുക്കി കാത്താലും-നിന്‍
ശിഖിരമണയുമൊരു ദേശാടനകിളിയാകുന്നു പ്രണയം

ജിത്തു
വെന്മേനാട്

Friday, October 24, 2014

പ്രണയംപുഴയില്‍
അക്ഷരങ്ങള്‍
വാരിയെറിഞ്ഞു
കുഞ്ഞോളങ്ങള്‍ പാദങ്ങളെ
ഉമ്മ വെയ്ക്കുന്നതും നോക്കിയിനിയും ഞാനിരിയ്ക്കും .

അക്ഷര തുള്ളികള്‍
കൈകളാല്‍ തട്ടി തട്ടി കളിക്കുമ്പോള്‍
മുഖത്ത് പറ്റിയ തുള്ളിയുടെ നനവ്‌
തൂലികയില്‍ ഇനിയും പകരും ...

കാവില്‍ വിളക്ക് അണയും വരെ
നാരായത്തുമ്പില്‍
നിന്‍ കരിമഷി പുരട്ടി ചിരിയ്ക്കും
ഇനിയും നിന്നെ പ്രണയിക്കുക തന്നെ ചെയ്യും.
മടുക്കും വരെ ഞാനിനിയും നിന്നെ പുണരുക തന്നെ ചെയ്യും ..

Monday, October 6, 2014

ലലനവാരിജദള ലോചനം ചാരുവദനം
തവകടാഷം ശസ്ത്രം ഹൃദയഭേദകം
കൃഷ്ണാങ്കുരം ചരണ ചുംബിതം
പവനാശനാശനന്‍ ലജ്ജിതം

പത്മകം ത്രിഗന്ധ ലാഞ്ഛനം
കുലീനം സിന്ദൂരമലംകൃതം
അരുണശോണിമയാര്‍ന്ന കന്ദളം
ഫല്‍ഗുനമംബരം ചുംബനകാമിതം

മഹോദധിജമഭേദ കന്ധരം
തുളുമ്പും മാര്‍ത്തടമതി മോഹിതം
പിപ്പലപത്ര രൂപം രുചകം
മണിപൂരകം അതി സുന്ദരം

സിതച്ഛദ ഗാമിനി വര്‍ണ്ണിനീ
മമമനമതില്‍ മൂലരൂപനിവാസിനി
ഇഷുധിയന്തരാ ന വാകം ശിഷ്ട-
മവര്‍ണ്ണനീയം നിന്‍ മോഹനഗാത്രം

ശുഭം !! ;)

_ജിത്തു_
വെന്മേനാട്

Wednesday, October 1, 2014

പൂജ്യം

വാലായി
കൂടെ ചെര്‍ന്നിരിക്കാന്‍ മാത്രമല്ലേ
ഞാന്‍ കൊതിച്ചത് ...

എന്നിട്ടും
വെട്ടി മുറിക്കുവാന്‍ പാകത്തില്‍
എന്നെ നീ മുന്നോട്ടു തള്ളിയത്
എന്തിനായിരുന്നു

നിഴലായ്‌
നിന്നോപ്പം
വാമഭാഗമലങ്കരിയ്ക്കുവാന്‍
കൊതിച്ചോരെന്നെ നീ
ഭാഗങ്ങളുടെയും
അംശങ്ങളുടെയും പേര് പറഞ്ഞു
നാരായത്തുമ്പിലെ
ഒരൊറ്റ കുത്ത് കൊണ്ട്
വിലയേതുമില്ലാത്ത
വെറുമൊരു
"പൂജ്യം"
മാത്രമാക്കിയത് എന്തുകൊണ്ടായിരുന്നു  ....!!!

ജിത്തു


വെന്മേനാട്

Saturday, August 2, 2014

പുഴ (ഒരു വേനലില്‍ ..!! )വറ്റിയ വഴികളിലൂടെ ഒന്ന് തിരിഞ്ഞു നടന്നു...
നിറഞ്ഞു തുളുമ്പിയ യൗവനത്തിലൂടെ
പിന്നെയും പിറകോട്ടു ..

ഒരു കൊച്ചരുവിയായ്‌
തീരും മുന്‍പ്
ഉരുളന്‍ കല്ലുകളില്‍
തട്ടി തടഞ്ഞു
വഴിയറിയാതെ
പകച്ചു നിന്ന
നീര്‍ച്ചാലുകളായ്
ബാല്യങ്ങള്‍

ഭാഗ്യവാനാണ്
പരന്നൊഴുകാന്‍
പുഴയെന്നു
ഗര്‍വോടെ പറയാന്‍
കഴിഞ്ഞല്ലോ....!!

മതി ..വെയിലിനെ പഴിക്കണ്ട
തിരിഞ്ഞു നടക്കാം
കാത്തിരിയ്ക്കാം
ഋതു മാറും
ഇനിയുമൊരു
മഴ വരും

കൈ പിടിയ്ക്കും
പുഴ നിറയും ...!!

_ജിത്തു_
വെന്മേനാട് 

Sunday, July 20, 2014

എനിക്കും ഒരു കവിയാകണം (ഒരു കവിത എഴുതണം ) ....!!!
ഒളിപ്പിച്ച വാക്കുകള്‍ രാകി വയ്ക്കണം
മൗനരാഗങ്ങളില്‍ തേന്‍ പുരട്ടണം
മുറിപ്പാടുകള്‍ ഉണങ്ങാതെ നോക്കണം
കുത്തുന്ന നോവില്‍ പൊട്ടി ചിരിക്കണം

ഇടറും പാതയില്‍ മിഴിനീരുടയും നേരം
ഇന്നലെകള്‍ പെറുക്കിയൂന്നു വടിയാക്കണം
ഇനിയൊരു കനവിന്‍ തിരി കൊളുത്തണം
ഇരവിലുമിരുളിലുമൊരു ഉഷസ്സിനെ തേടണം

ആരെയും ഭയക്കാതെ ആകാശവീഥിയില്‍
അക്ഷരസ്ഫുലിംഗങ്ങള്‍  വാരി വിതറണം
അനര്‍ഗളം അവനിയില്‍ നേരിന്‍ ചിന്തുകള്‍
ആവണിതേന്‍ മഴയെന്ന പോല്‍ പെയ്യണം

വറ്റിയ പുഴയിലും ജീര്‍ണ്ണിച്ച മലനിരയിലും
വറ്റാത്തയശ്രുവാല്‍ അക്ഷരപൂജ നടത്തണം
വേനലില്‍ തണലാവാന്‍ പൂമരമാവേണം
കവിയാകണമെനിയ്ക്കുമൊരു കവിതയെഴുതണം

എനിക്കുമൊരു കവിതയെഴുതണം .....!!!!

ജിത്തു
വെന്മേനാട്

Wednesday, July 16, 2014

ഓണംകര്‍ക്കിടകക്കാറോഴിഞ്ഞു
കുളിരുകൊണ്ടോര്‍മ്മകള്‍
കാറോഴിഞ്ഞ വാനം ചിരിച്ചു  
കളകളമൊഴുകിയരുവികള്‍

തുമ്പ മുക്കുറ്റിപ്പൂ വിരിഞ്ഞു
തുമ്പികള്‍ ആടി വരവായി
ഓലേഞ്ഞാലിക്കിളി പാടി
ഓണമായ്‌  പൂക്കാലമായ്‌

ഒരായിരം സ്വര്‍ണ്ണക്കതിരുമായ്‌
മഞ്ഞപുതച്ചു വയലേലകള്‍
ഓണത്തപ്പന് സദ്യയൊരുക്കി 
കുണുങ്ങിയൊരുങ്ങി കാത്തുനിന്നു

പലപലകളികളാമോദമായ്‌
പുത്തനുടുപ്പണിഞ്ഞ കിടാങ്ങള്‍
പുലിക്കളിക്കുമ്മാട്ടി പള്ളിയോടവും
പൂക്കളമൊരുക്കിയെന്‍ ഗ്രാമവും

തൃക്കാക്കരപ്പനു നിറകാഴ്ചയേകി
തിരുവോണനാളീ മലയാളഭൂമി
മനമൊന്നായ്‌ ആര്‍പ്പു വിളിച്ചു
ഓണത്തപ്പാ വരിക വരിക

ഓണമായ്‌ പൂക്കാലമായ്‌ ..........!

ജിത്തു
വെന്മേനാട്

Wednesday, July 9, 2014

അഗ്നിപര്‍വതം

പെയ്തൊഴിയുന്നു കാലങ്ങള്‍ മുന്നില്‍
താണ്ടി തീര്‍ക്കുന്നു യുഗങ്ങള്‍ സൂര്യനും
പ്രണയകനലൂതി മനമാകെ പവനന്‍
എരിഞ്ഞ ചാരങ്ങളില്‍ തീ പകരുന്നു

ജ്വാലാമുഖിയില്‍ ലാവപോല്‍ രുധിരം
വെട്ടി നീ മുറിച്ച പാടുകളിലുതിരുന്നു
പൊട്ടി തെറിച്ച വാക്കുകള്‍ ചുറ്റിലും
തീമഴയായ് അറിയാതെ പൊള്ളുന്നു

മഴയൊരു തണലായ്‌ പുണരുന്നുവെങ്കിലും
അവളൊരു താങ്ങായ് തഴുകുന്നുവെങ്കിലും
ഉള്ളിലെ തേങ്ങല്‍ ചിലനേരം ചിതറുന്നു
ആളികത്തുന്നു നെഞ്ചിലെരിയും ചിന്തകള്‍

മുഖംകണ്ടു ഭയക്കുന്നു വാനവും ഭൂമിയും
തീതുപ്പും ഭൂതമായ്‌ വാഴ്ത്തിയകലുന്നു
അഗിരമിനിയും പുലമ്പാതിരിയ്ക്കുവാന്‍
കണ്ടു പിടയും മനം,അധരങ്ങള്‍ മൂടുന്നു

ശാന്തം സൗമ്യം എരിയുന്ന നേരവും
കദനമുള്ളില്‍ തിളയ്ക്കുന്ന നിമിഷവും
ചാരങ്ങള്‍ തുപ്പാതെ മൗനം പുതച്ചു,റങ്ങാ-
തുറങ്ങട്ടെ നീറും മനമോടെ തീമല

ജിത്തു
വെന്മേനാട്

Tuesday, July 8, 2014

നിളനീന്തി തുടിച്ച നിന്‍ മാറില്‍
ഇനിയും മുങ്ങി കുളിക്കുവാന്‍
നീ വരും വഴി  നീളെ നടന്നു
മണല്‍ക്കുഴിയില്‍ വീണു
പിടയും മമ സഖിയെ കണ്ടു,-
വിന്നെന്‍  മിഴിനീരുടഞ്ഞു .......!

ജിത്തു 
വെന്മേനാട് 

Sunday, July 6, 2014

വേനല്‍മഴ !
കിഴക്കന്‍ കാറ്റില്‍ പറന്നു വരുന്ന മഴമേഘങ്ങളെ നോക്കി ഇലപൊഴിഞ്ഞ ശിഖിരങ്ങള്‍ മന്ദഹസിച്ചു . പൊള്ളുന്ന മണ്ണില്‍ നനവായൊരു പ്രണയ മഴ.

ചൂടേറ്റ് വാടിയ മണലിന്‍ മാറില്‍ ഉമ്മ വെച്ചു മടിച്ചു മടിച്ചവള്‍ യാത്ര ചൊല്ലിയകന്നിട്ടും തെന്നലില്‍ ബാക്കി വെച്ച കുളിരിന്‍ ഓര്‍മ്മയില്‍ തുഷാരബിന്ദുക്കള്‍ ഇലതുമ്പിലൊട്ടി നിന്നു  .മേടമാസ രാവുകള്‍ അവള്‍ ഇറുക്കാന്‍ മറന്ന കണികൊന്ന പൂക്കള്‍,അവളിനിയും വരും നേരം സമ്മാനം നല്‍കാന്‍ കാത്തു വെച്ചു  ...

ഇന്നലെ പെയ്ത മഴയില്‍ കിളിര്‍ത്തോരാ തളിരുകള്‍ ,  പിന്നെയും ഒരു പേമാരി വരുന്നതും  കാതോര്‍ത്തിരുന്നു !!!


ജിത്തു 
വെന്മേനാട് 

Friday, July 4, 2014

സ്വപ്നം.അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!

_ജിത്തു_
വെന്മേനാട് 

Wednesday, July 2, 2014

അക്ഷരത്തെറ്റ്മൗനത്തില്‍ നിനക്കായ്‌ 
കാത്തു വെച്ചതെല്ലാം 
വാക്കില്‍ ഞാന്‍ ഒളിച്ചു വെച്ചിട്ടുണ്ട് ..
ഇനിയൊരിക്കല്‍ 
വഴിതെറ്റി നീ വരുന്നുവെങ്കില്‍ 
അക്ഷരത്തെറ്റുകള്‍ക്കിടയില്‍ 
എന്‍റെ ഹൃദയം 
ഞാന്‍ കൊരുത്തു വെച്ചിട്ടുണ്ട് ..!!

ജിത്തു 
വെന്മേനാട് 

Monday, June 30, 2014

പമ്പരം

ആരോ കറക്കി വിട്ട പമ്പരം
സൂചി മുനതുമ്പിലെ അഭ്യാസം
നീട്ടിയാരോയെറിഞ്ഞ നിമിഷം
എവിടെയോ നാമ്പിട്ട ജീവിതം

കല്ലില്‍ തടഞ്ഞു വീഴും വരെ
ഒടുവില്‍ പിടഞ്ഞു തീരും വരെ
കറങ്ങി കറങ്ങിയീ പെരുവഴിയി
ലാടിയാടി പൊലിയും നാടകം


ജിത്തു
വെന്മേനാട്

Thursday, May 8, 2014

മഴവേനല്‍ മഴ 

വരണ്ടു കീറിയ ഭൂമിയില്‍ 
പ്രതീക്ഷതന്‍ സ്വാന്തനമായ്‌ 
വേനല്‍ മഴ ...

മിഥുന മഴ 

നീര് വറ്റിയ പുഴയില്‍ 
ഉണങ്ങി മെലിഞ്ഞ തരുവില്‍ 
പടര്‍ന്നു കയറുന്ന പ്രണയമഴ 

വര്‍ഷം 

കലിതുള്ളിയവള്‍ 
സംഹാര രുദ്രയായ്‌ 
കുറുമ്പ് കാട്ടും കാലം ...

ചാറ്റല്‍ മഴ 

നാണം കുണുങ്ങിയരികില്‍ 
വന്നാടിയാടി-യോടി 
മറയുന്നു ചാറ്റല്‍ മഴ 

രാത്രി മഴ 

പ്രണയ തീമഴ നെഞ്ചില്‍ തൂവി 
ചാരെ ചിരിയ്ക്കുന്നു രാമഴ 

തുലാമഴ 

ആരവമോടെ വിരുന്നു വന്നു 
തകര്‍ത്താടി പാടുന്നു 
തുലാവര്‍ഷം .....

ജിത്തു
വെന്മേനാട് 

Saturday, May 3, 2014

നിഴല്‍
ഞാന്‍,നിന്നോപ്പം വളര്‍ന്നവന്‍.
പാദങ്ങളില്‍ പുണ്യം തിരഞ്ഞവന്‍
കല്ലിലും മുള്ളിലും കാട്ടുവഴിയിലും
കൈ നീട്ടി കൂട്ടു നിന്ന സൗഹൃദം

കാലടികളില്‍ ഞെരിഞ്ഞമര്‍ന്നവന്‍
ചതുരംഗകളരിയില്‍ ഇടറി നീ,വീഴവേ,
ഓര്‍മ്മകളില്‍ കാല്പാടുകള്‍ തിരയവേ
നിഴലായ്‌, നേര്‍വഴി നീട്ടി വന്നവന്‍

ഇരുളില്‍,ഭയന്ന നാള്‍ -പതറി,
യറിയാതെ നീ തളര്‍ന്ന നാള്‍
സാന്ത്വനമായ്‌ പുണര്‍ന്നവന്‍
പുലരി വരുവോളം കൂടെ നിന്നവന്‍

ഒരുനാള്‍ നീ വളര്‍ന്ന നാള്‍
പുറകിലൊരു പെരുവഴിയില്‍
മറവിയുടെ ശവപ്പറമ്പുകളില്‍
വലിച്ചെറിഞ്ഞ  ഇന്നലെകള്‍

 _ജിത്തു_
വെന്മേനാട്

Saturday, April 26, 2014

വീണ്ടും ചില പരീക്ഷണങ്ങള്‍

കവിത 

ചിതറിയ ചിന്തകള്‍ 
വലിച്ചെറിഞ്ഞ 
അക്ഷരക്കൂട്ടങ്ങള്‍ .....

അക്ഷരം 

ദാഹിച്ചു വലഞ്ഞ 
താളുകളില്‍ തെളിനീര്‍ ...

താള്‍ 

ഇന്നലെകള്‍ കോര്‍ത്തു 
ഇന്നുകള്‍ 
നാളെയ്ക്ക് കാത്തു വെച്ച 
മുത്തുമാലകള്‍ ...

ചിന്തകള്‍ .

പുകയുന്ന നെഞ്ചകം 
വിറയാര്‍ന്ന വിരലുകള്‍ 
പുണരുന്ന നാരായം

Friday, April 18, 2014

ഇനിയെന്തെഴുതാന്‍കാമക്കലി വെട്ടി നുറുക്കിയ
നിന്‍ നിറകണ്ണുകള്‍ നോക്കി,
ചിതറിയ കരിവളകള്‍ നോക്കി
പൊന്മകളെ, യിനിയെന്തെഴുതാന്‍ ..!!

രതിസുഖമാര്‍ന്നു മദിക്കും പൂതന
രൂപം കണ്ടു ഭയന്നൊരു തൂലിക
ഇനിയൊരു പെണ്ണിനെ നോക്കി
തായ്‌മനമതുമെങ്ങിനെ കുറിക്കുവാന്‍ ..!!

കാമപേയിളകിയ കാലികള്‍ രക്തം
കുടിയ്ക്കും  പ്രണയമെന്നോതിയലറു,മതു
കണ്ടു ഭയന്നു, പ്രണയം പാടി രസിചൊ
രെന്‍ കവിതകള്‍, ഇനിയെന്തു പാടാന്‍ ...!!

കുരുതി കൊടുത്തു  പെറ്റവയറുകള്‍
കൊത്തി  നുറുക്കി വിശുദ്ധ"പ്രേമം"
കേട്ടു നടുങ്ങി കാടും നാടും,പടരാന്‍
കൊതിച്ച വരികളിനിയെന്തു വരക്കാന്‍ ....!!

ജിത്തു

Thursday, March 20, 2014

എനിയ്ക്ക് വേണം ..............!!!കല്ലറകള്‍ ചവുട്ടി താണ്ഡവമാടുവാന്‍
അധികാരത്തളങ്ങളില്‍ ചെങ്കോലെന്തുവാന്‍
പല്ലക്കില്ലേറി പാമരനായ്‌ ചമയുവാന്‍
വേണം മുഖമൂടി, തിരയുന്നു ചുറ്റുമീ ഞാനും

അറപ്പ് തീര്‍ന്നൊരു കൊടുവാള്‍ വേണം
ഉതിര്‍ന്ന ചോരക്കറയതില്‍ വേണം ...
രുധിരമൂറ്റിയലറുന്ന ദംഷ്ട്രകള്‍ വേണം
കൊതി തീരാത്ത കൈകള്‍ വേണം...

പിച്ച ചട്ടിയേന്തി,യിരക്കുവാന്‍ മാനം-
കെട്ട മനസ്സ് വേണം, കോരന്റെ
കുമ്പിളിലും കാലണ തപ്പിയിളിയ്ക്കുവാന്‍
വെളുവെളെ തിളങ്ങുന്ന പുഞ്ചിരി വേണം ..

തിരുത്തുവാന്‍ നാറുന്ന നാക്ക് വേണം
മടക്കുവാന്‍ വളയുന്ന നട്ടെല്ല് വേണം ...
കണ്ടതെല്ലാം കാണാതെ പോകുവാന്‍
കാഴ്ച മങ്ങിയോരകക്കണ്ണ്‍ വേണം

ആവണം എനിക്കൊരു രാഷ്ട്രീയതൊഴിലാളി
വേണം മുഖപടം - യെന്നിലെയെന്നെ മറയ്ക്കുവാന്‍

ജിത്തു
വെന്മേനാട്   .

Friday, February 21, 2014

പുസ്തകംകെട്ടുപിണഞ്ഞ അക്ഷരങ്ങളില്‍
ഒളിപ്പിച്ചു വെച്ച നിഗൂഡതകള്‍ തേടി
മഷി പടര്‍ന്ന താളുകളില്‍ അലയുകയായിരുന്നു ഞാന്‍ ..!!

ഒരു മെഴുകുത്തിരി വെട്ടത്തില്‍
താളുകള്‍ മറിയും തോറും
അറിയും തോറും
എത്തി പിടിയ്ക്കാനാകാതെ
വരികള്‍ക്കിടയില്‍  നീ ഒളിച്ചിരുന്നു  ....!

ഒടുവില്‍ ,
വായിച്ചു തീരും മുന്‍പേ
ആരോ കട്ടെടുത്ത കഥയില്‍
ഇനിയും പൂരിപ്പിയ്ക്കാന്‍ ആകാത്ത സമസ്യകള്‍ മാത്രം ബാക്കി വെച്ചു
ആ പുസ്തകവും ചിതലരിച്ചു ....!!

ജിത്തു 
വെന്മേനാട്

Sunday, February 9, 2014

ഓര്‍മ്മകള്‍പലകുറിയോര്‍മ്മകള്‍ വിരുന്നു വന്നു
അരികിലായ്‌ എന്തിനോ കാത്തുനിന്നു
അരുതെന്ന് ചൊല്ലി വിലക്കുവാനാ,കാതെ
വിറയാര്‍ന്നു വിരലുകള്‍ വിതുമ്പി നിന്നു

പോയ്മുഖമണിഞ്ഞിട്ടും പടച്ചട്ടയണിഞ്ഞിട്ടും
പടിവാതിലിലെന്നെയും നോക്കി നിന്നു
മനതാരില്‍ തന്ത്രങ്ങള്‍ മെനഞ്ഞു നോക്കി
മറവിതന്‍ ചെപ്പില്‍ ഒരുമാത്രയടച്ചു നോക്കി

പുതുവസന്തങ്ങളേറെ കടന്നു പോയി
നീര്‍ത്തുള്ളികള്‍ മാനസം നനച്ചു പോയി
മായാതെ പിന്നെയും ഉള്ളിന്റെയുള്ളില്‍
കുത്തിയൊലിചൊഴുകിയാ നൊമ്പരങ്ങള്‍ ...!!

അറിയാം നിനക്കെന്നെയിരുളിലും
അടരുവാന്‍ ആവില്ലയൊരുനാളിലും
അഴലായ്‌ നിഴലാ,യെന്നില്‍ മൗനമായ്‌
അകതാരില്‍ നീയെന്നുമൊരു കനലായ്‌ !!

മഴ പെയ്തു മരുവില്‍ കൂട്ട് നിന്നു
മധുരമായ്‌ നീയേകിയ അനുഭവങ്ങള്‍
നോവുന്നുവെങ്കിലും പൊഴിഞ്ഞ മലരേ
ഇനിയെന്നും നീ വെറും ഓര്‍മ്മ മാത്രം .!!

ജിത്തു
വെന്മേനാട്

Friday, February 7, 2014

പല്ലവി....രാഗമറിയാതെ മീട്ടി വിപഞ്ചികള്‍
താളമറിയാതെ കിലുങ്ങി ചിലങ്കകള്‍
ദേവസുന്ദരി നീയൊരു വീണയായ്
ഞാനതിലോഴുകും മൗന രാഗമായ്‌

കൊഞ്ചും മൊഴികള്‍ പുഴയേറ്റു പാടി
മയൂര നടനമാടി രസിച്ചു പൂമരകന്യകള്‍
അധരമേകിയെന്റെ മോഹങ്ങളില്‍ നീ,
യലിഞ്ഞു ചെരവേ ലജ്ജയാല്‍ മുകില്‍
ചിറകിലോളിച്ചെത്തി നോക്കി ദിനകരന്‍

വികാരതീവ്രം നിന്നോടെനിക്കുള്ള പ്രണയം
യൗവനതീക്ഷ്ണം കവിതേ, യെന്നഭിലാഷകള്‍
ഒന്നായ്‌ ചേര്‍ന്നീടാമിനിയുമാരും വരയ്ക്കാത്ത
നിറങ്ങള്‍ ഉടയാടകളില്‍ സമ്മാനം നല്‍കാം

നീ നല്‍കും വാക്കിലൊരു കവിതയായ്‌
നിന്‍ ഇളംമേനിയില്‍ പ്രണയാര്‍ദ്രനായ്‌
ഒന്നായൊഴുകിടാം കനലുകള്‍ പകുത്തീടാം
പ്രണയകൊടുമുടിയില്‍ തീമഴ പോഴിച്ചീടാം

ജിത്തു 
വെന്മേനാട്

Sunday, February 2, 2014

കുഞ്ഞിപ്പൂവ്*അമ്മ തൻ ചുംബനമേറ്റു വിടർന്നൊരാ
കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരിപ്പൂവിനെ*
കണ്ടു കൊതിയ്ക്കുന്നു പാര്‍വണതിങ്കളും
ആരോരും കാണാതെ മുത്തം കൊടുക്കുന്നു
തഴുകി പുണരുന്നു വൃശ്ചിക തെന്നലും

കുഞ്ഞിളം പൂവേ, നിന്‍ മിഴിയിലോരായിരം
താരകള്‍ ,നാണിച്ചു നില്‍ക്കുന്നു വാനവും
പാടി നടക്കുന്നു പല്ലില്ലാ മോണയില്‍
മഴവില്ലഴകൊത്ത പാഞ്ചാര ഹാസത്തെ
ദേശങ്ങള്‍ പാറിപറക്കുമാ പൈങ്കിളി പെണ്ണും

കരയാതെ പൊന്നേ തുളുമ്പാതെ കണ്ണുകള്‍
ചിണുങ്ങികരയും മഴ കുഞ്ഞിനെ കാണ്‍കെ
പൊട്ടി കരഞ്ഞോരാ കാര്‍മുകില്‍ പെണ്‍ മുഖം
വാടികരിഞ്ഞപോല്‍ തേങ്ങുന്നുവായമ്മയും

ഒരു നാളും വാടാതെ ചുണ്ടിലെ പുഞ്ചിരി
ഓമന പൈതലേ നീയെന്നെന്നും കാക്കുക
എന്‍ പൂമൊട്ടേ, നീ പൂ പോല്‍ വിടരുക
പനിനീര്‍ ചേലോടെ സുഗന്ധം പരത്തുക

 _ജിത്തു_
വെന്മേനാട് 

(ആദ്യത്തെ രണ്ടു വരികള്‍ക്ക് കടപ്പാട്  P M Narayanan Nambisan Sir  )

Thursday, January 30, 2014

ജനുവരി 30

 ( ഒരോര്‍മ്മ ! )

ഓര്‍ക്കാന്‍ ആരുമില്ലാതെ 
തേഞ്ഞ പാദുകങ്ങളില്‍ 
പൊടിഞ്ഞ ചോരയും 
പൊട്ടിയ കണ്ണാട ചില്ലില്‍ 
ചിതറിയ മണ്ണിന്‍ അതിരുകളും 
പിന്നെയും നമ്മെ നോക്കി 
കരഞ്ഞു കൊണ്ടേയിരുന്നു ....

ഹേ റാം ..

Wednesday, January 29, 2014

തിരയുന്നത്......!!!

കരഞ്ഞു തീര്‍ത്ത  
മഴവെള്ള ചാലുകളില്‍ 
കളിവള്ളം ഒഴുക്കി 
രസിക്കുകയാണ് ഞാന്‍ ..!!

കൊടും ചൂടില്‍ പൊള്ളിയമര്‍ന്ന 
പാടങ്ങളില്‍ 
ബാക്കി വെച്ച പതിരുകളില്‍ 
വീണു പോയ കതിരുകള്‍ 
തിരഞ്ഞു നടക്കുകയാണ് ഞാന്‍ ...!!

പാറക്കൂട്ടങ്ങളോട് 
തല തല്ലി പതം പറഞ്ഞ 
കടലിന്‍ മനം തേടി 
മുങ്ങാം കുഴിയിട്ടു 
ആഴങ്ങള്‍ തിരയുകയാണ് ഞാന്‍ ..!!

ജിത്തു 
വെന്മേനാട്