Saturday, December 28, 2013

ഇടവേള


അണിഞ്ഞ വേഷങ്ങള്‍ അഴിച്ചു വെച്ച്
അടങ്ങാത്ത തൃഷ്ണകള്‍ മാറ്റിവെച്ച്
മടങ്ങട്ടെ ഞാന്‍ ഇനിഎന്നിലേക്ക്
എന്നെ ഞാനാക്കിയ മണ്ണിലേക്ക്

ഉയരങ്ങള്‍ നിറയെ ബന്ധങ്ങള്‍
നിറയ്ക്കുവാന്‍ കഴിയാത്ത സൌഹൃദം
വളര്‍ന്നു പന്തലിച്ചിന്നുമെങ്കിലു,മൊന്നും
നല്‍കുവാനാകുന്നില്ലെന്നു കുണ്ഠിതം

ചെറിയലോകത്തിലൊരു കുറിയ
ബന്ധനം അത് തന്നെയിന്നുമമൃതം
മാളിക നല്‍കിയ സൗഖ്യമെങ്കിലും
ഓലകുടില്‍ കാഴ്ചകളതു താന്‍ ശ്രേഷ്ഠം

നാളെയൊരുവേള ഇല്ല പാതകള്‍
ഇല്ല ചൂണ്ടുവാന്‍ വഴികാട്ടികള്‍
പിടഞ്ഞു വീഴാം വഴിയോരമീ പഥികനും
തിരുത്താന്‍ മടിച്ചോരെന്‍ വഴികളും

ഒരിത്തിരി നേരമിരുന്നൊന്നു തിരയുവാന്‍
സ്വയമറിയുവാന്‍ ഹൃദയം തിരുത്തുവാന്‍
കറപുരണ്ട മനമാകെ ശുദ്ധികലശമാടുവാന്‍
അറിയുന്നു ഞാന്‍ ഇടവേളയതു നന്നെങ്കിലും

എടുത്ത ശപഥങ്ങള്‍ ഊയലാട്ടുന്നു
കുട്ടി കുറുമ്പ് കാട്ടുന്നു  മമ മാനസം
ഇന്ന് വേണ്ടയത് പിന്നെയോരിക്കലാകാം
ഉള്ളില്‍ പിടഞ്ഞു വീഴുന്നു വാക്കുകള്‍ ............

ജിത്തു 
വെന്മേനാട്    

Wednesday, December 25, 2013

തിര

ചെളി പുരണ്ട കൈകള്‍
നിന്റെ പാദങ്ങളെ
അശുദ്ധമാക്കാതിരിക്കാന്‍
സഖി, കൊതിച്ചിട്ടും
നനയ്ക്കാതെ ഈ തിര
തിരിച്ചു പോകുന്നു..!! "
   jithu
venmenad 

Sunday, December 22, 2013

വില്‍പത്രം ..
പാദമിടറുന്ന  നാളെയില്‍
താങ്ങായ് നില്‍ക്കുവാന്‍
പിച്ച വെക്കും നേരം
നല്‍കിയ കരങ്ങള്‍
കാണില്ലയൊരുവേള
യതിനാല്‍ , കുറിക്കുന്നു
നിനക്കായീയച്ഛന്‍

നേര്‍വഴി തെളിക്കുവാന്‍
നൊമ്പരം നല്‍കിയീ,ട്ടുണ്ടച്ഛന്‍
നീ കരയും നിന്നൊപ്പം
നീയറിയാതെ കരഞ്ഞി,ട്ടുണ്ടച്ഛന്‍

മകനേ,നീ മകനായ്‌ വളരണം
മാതപിതാഗുരു ദൈവമതോര്‍ക്കണം
ലഹരിയൊരു ലഹരി പോല്‍
ചിത്തില്‍ പടരാതെ കാക്കണം..

തെറ്റും ശരിയും നിന്നില്‍ തുടങ്ങണം
നിന്നില്‍ പൂക്കണം ഇന്നിന്റെ ശരികള്‍
പഠിക്കണം തെറ്റേറെ പറ്റി-
യൊരച്ഛന്റെ പാഠങ്ങള്‍
ശരികള്‍ ,നീയതില്‍ തിരയണം
നൊന്തുവെന്നാല്‍ വെറുക്കരുതച്ഛനെ
വെറുക്കുന്നുവന്നാല്‍ ഓര്‍ക്കാതിരിക്കുക

ആണെന്നാല്‍ ആകാരമല്ല
പെണ്ണെന്നാല്‍ പെണ്ണുടലല്ല
പുഞ്ചിരിയിലറിയാ വഞ്ചനയുണ്ടാം
കണ്ണീരില്‍ക്കുതിര്‍ന്ന ചിരിയുമുണ്ടാം
നേര് ചൊല്ലുക നേരായി ചൊല്ലുക
ശിരസ്സ്‌ താഴാതെ മകനേ,നീ വളരുക

ഏറെ കണ്ടോരെന്‍ കണ്ണുകള്‍ കൂടാതെ.
കാലം നല്‍കിയ മുറിവുകള്‍ കൂടാതെ
നല്‍കുവാന്‍ അച്ഛനേറെയില്ലൊന്നും
നീ തന്നെ എന്‍ സ്വത്തതു നീയു,മറിയുക

_ജിത്തു_
വെന്മേനാട്..

Friday, December 20, 2013

പാഞ്ചാലിപകര്‍ത്തട്ടെ ദേവീ ,നിന്നുടെ മനം
പാഞ്ചാല പുത്രി ,ദ്രൌപദി
നിന്നുടെയാരും പകര്‍ത്താത്ത
യാരുമറിയാതെ ഒഴുകിയ കണ്ണുനീര്‍

രാധേയന്‍ കുലച്ച പിനാകം
കാതിലാ ഞാണൊലി മുഴക്കി
മനതാരില്‍  മലര്‍ വിടര്‍ന്ന്‍തും
പൂമാലയായ്‌ മനം സ്വയംവരം
കൊതിക്കവേ അരുതെന്ന്
വിലക്കിയ കണ്ണന്‍റെ മിഴിയും
പകര്‍ത്തട്ടെ ഞാനിന്നു കൃഷ്ണേ..

ബ്രാഹ്മണവേഷം കെട്ടി
പാര്‍ത്ഥന്‍ കരംഗ്രഹിക്കവേ
സൂര്യപുത്രനെന്നുടെ മിഴിനീര്‍
ഉതിരവേ, അകതാരുടഞ്ഞതും
പ്രണയമുള്ളില്‍ പിടഞ്ഞതും

പതി തന്നെ നിന്നെ പകുത്തതും
പാതിയാം പെണ്ണേ നിന്നെ
ചൂത് കളിച്ചതും മറന്നീട്ടും-
മറക്കാതെ ചോദിച്ചു പോകുന്നു

ഒരമ്മ പറയുമോ പെണ്ണിനെ
പകുക്കുവാന്‍ ക്ഷത്രിയനാം
ക്ഷേത്രിക്കാവുമോ പ്രാണതെ,
ചതുരംഗ കരുവായ്‌
മാനവി നിന്നെ ചതിക്കുവാന്‍

അധികാരകൊതിയേറി
പതിയഞ്ചും രണഭൂമിയൊരുക്കി
നിനക്കെന്നുചൊല്ലി
നിണപ്പുഴ തീര്‍ത്തതും
എന്തെയിന്നും മനം നീ
മൗനം പുല്‍കിയുറക്കുന്നു...

പകര്‍ത്തട്ടെ പ്രിയേയീ
കര്‍ണന്‍ , നിന്നെയോര്‍ത്തു
കുറിക്കട്ടെ പാഞ്ചാലി
നീയറിഞ്ഞിട്ടും അറിയാതെ
പോയോരെന്‍ പ്രണയം .... നിന്‍ മനം.!!!!

_ജിത്തു_
വെന്മേനാട്

Tuesday, December 17, 2013

സൂര്യന്‍തെന്നലിന്‍ താരാട്ടില്‍
സ്വയം മറന്നാടുന്ന പൂവേ
അറിഞ്ഞുവോ നിന്നില്‍
നിറഞ്ഞ മണം നിന്‍ ചന്തം
നല്കിയതെന്‍  നെഞ്ചകം
നിനക്കുള്ള  പ്രണയം

ഇലചാര്‍ത്തില്‍ ഒളിച്ചും
കണ്ടീട്ടും കാണാതെ-മുഖം
കുനിചെങ്ങോ മിഴിയാഴ്ത്തി
കുത്തി നോവിച്ച മലരേ  ........

മഴയായ്‌  കരഞ്ഞതും
നിന്നെ പുണര്‍ന്നതും
മിഴി നീര്‍ തുള്ളിയായ്‌
പിരിയാന്‍ മടിച്ചതും
എന്നെ അറിയാതെ-
യെല്ലാം മറന്നില്ലേ ; പൂവേ

ഇരുള്‍ വന്നു മറച്ചാലും
ഒരു നാളും  മറക്കാതെ
വന്നില്ലേ പെണ്ണെ
ഒരു നോക്ക് കാണാന്‍

നീയില്ലാതൊരു ദിനം
എനിക്കില്ല പ്രിയേ
നല്‍കുന്നു ജീവനീ,-
യാഴിയില്‍ ത്യജിക്കുന്നു
ഇനിയില്ല സൂര്യന്‍ ....
അസ്തമിക്കുന്നു ഞാന്‍

ഇനിയില്ല സൂര്യന്‍ ....
അസ്തമിക്കുന്നു ഞാന്‍

 _ജിത്തു_
വെന്മേനാട്

Saturday, December 14, 2013

"ഭ്രാന്തന്‍ "കൊത്തി പറിക്കുമൊരു കഴുകന്റെ
കണ്ണുകള്‍ , കുത്തി പറിച്ച,-
ന്നട്ടഹസിച്ച നാള്‍
നഗ്നയാം കിളിപെണ്ണിനെ നെഞ്ചോട്‌
ചേര്‍ത്തെന്‍റെ പെങ്ങളെന്നു,റക്കെ
പറഞ്ഞനാള്‍ ....
നിങ്ങളെനിക്കേകിയ നാമം "ഭ്രാന്തന്‍ "

ആശയം വിറ്റവര്‍ കൊട്ടാരം തീര്‍ത്ത നാള്‍
ദൈവത്തെ വിറ്റവര്‍ വൈരം കൊരുത്ത നാള്‍
ഈറാന്‍ മൂളികള്‍ ആര്‍ത്തു വിളിച്ച നാള്‍
ഈശ്വരന്‍ ചിരിച്ചന്നു, കൂടെ ഞാന്‍
പൊട്ടി പൊട്ടിചിരിച്ച നാള്‍ .
മുതുകില്‍ കുത്തിയ ചാപ്പ -
ഭ്രാന്തന്‍

മഹീരുഹം മുറിവില്‍ പിടഞ്ഞ നാള്‍
പരശുവാഴത്തില്‍ പതിച്ച നാള്‍
ആസനത്തില്‍ ആലും പേറി
രാജസഭകള്‍ തപസ്സിലാണ്ട നാള്‍

പൂമരം കരഞ്ഞന്നു നീഡങ്ങള്‍ നോക്കിയാ
പക്ഷി കരഞ്ഞന്നു കൂടെ ഞാന്‍
പൊട്ടി പൊട്ടി കരഞ്ഞനാള്‍
നീയും വിളിച്ച പേര്‍ ഭ്രാന്തന്‍ .

അറിവിന്‍ ധാന്യങ്ങള്‍ .....
അധരത്തില്‍ കൊറിച്ച നാള്‍
കുപ്പതൊട്ടിയില്‍.....അവശിഷ്ടങ്ങളില്‍
അക്ഷര-മാണിക്ക്യം തിരഞ്ഞനാള്‍
ആനന്ദിതം ഏറ്റു വാങ്ങിയ പേര്‍ ഭ്രാന്തന്‍ .....

_ജിത്തു_
വെന്മേനാട്

Friday, December 13, 2013

അറിയാതെ പോകരുത്.....!!!നിണമൂറ്റി സിരകളില്‍
പ്രണയം നിറക്കുമ്പോള്‍
രക്തത്തില്‍ പിടഞ്ഞ ജീവനുകള്‍
നിനക്കായ്‌ ഹോമിച്ച സ്വപ്‌നങ്ങള്‍
ഒന്നും ഓര്‍ക്കാന്‍ മറക്കരുത്

വിഭവങ്ങളഞ്ചാറു നിരന്നീട്ടും
അതിലൊന്നിലേതിലൊ
ഉപ്പൊന്നു എരിവൊന്ന-
റിയാതെയേറിയ തെറ്റിന്
കൈകുടഞ്ഞെണീക്കുമ്പോള്‍

കരിയില്‍ പുകഞ്ഞ മനസ്സുകള്‍
എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍
കണ്ണീരുപ്പു പുരണ്ട ജന്മങ്ങള്‍
ഉണ്ണാത്ത വയറുകള്‍
അറിയാതെ പോകരുത് ....

മുറിവില്‍ നഷ്ടബോധങ്ങളില്‍ ,
മനസ്സൊന്നു പിടഞ്ഞെങ്കില്‍
ദൈവത്തെ പഴിചെങ്കില്‍
അറിയാതെ ശപിചെങ്കില്‍

ഇഴയുന്ന മനുഷ്യനെ കൂടെ
ഇരക്കുന്ന കൈകളെ പിന്നെ
ഇമകളില്‍ മരവിച്ചയാശകള്‍
കണ്ടിട്ടും കാണാതെ പോകരുത്....

ഒന്നും അറിയാതെ പോകരുത്.....!!!!

  _ജിത്തു_
വെന്മേനാട്

Thursday, December 12, 2013

ഇനിയും.....!മറന്നു തുടങ്ങിയ കണ്ണുകള്‍ക്ക്‌ മുന്നില്‍
ഇനിയും നീ
വരാതിരിക്കുക...
നോക്കി പുഞ്ചിരിക്കാതിരിക്കുക

പുഞ്ചിരി വറ്റിയ എന്‍റെ അധരങ്ങള്‍
മന്ദഹാസം പോലും
സമ്മാനിക്കാന്‍ കഴിയാതെ
വിതുമ്പിയാലോ .....!!!

ഇനിയുമെന്‍ പേര്‍ ചൊല്ലി
വിളിക്കാതിരിക്കുക
കേള്‍ക്കാന്‍ കൊതിച്ച വിളി
കേള്‍ക്കാതെ
കാതുകള്‍ ,
വാതില്‍ കൊട്ടി അടച്ചേക്കാം
നിന്നെ കുറിച്ച് മാത്രം പാടിയ
കണ്ഠം, അക്ഷരം കിട്ടാതെ
അലറിയേക്കാം

പൊന്നു കൊണ്ട് മൂടിയ മണിയറയില്‍
കാമം മാത്രമാണ് എന്നറിയുമ്പോള്‍
ജാതകം തിരുത്തുവാന്‍
മരവിച്ച ഹൃദയത്തില്‍
സ്നേഹം തേടി വരാതിരിക്കുക...........

മറന്നു തുടങ്ങിയ കണ്ണുകള്‍ക്ക്‌ മുന്നില്‍
ഇനിയും നീ വരാതിരിക്കുക...

_ജിത്തു_
വെന്മേനാട്

Tuesday, December 10, 2013

ബാല്യംഒറ്റമുറി കൂരയില്‍ അമ്മതന്‍ ചാരെ
ഒന്നുമോര്‍ക്കാതുറങ്ങിയ കാലം
ഓലകീറില്‍ ഒളിച്ചു നോക്കും
ഓമന തിങ്കളെ അറിയാതെ
എന്തിനോ, അമ്മ ഭയന്ന കാലം
ഉമ്മയില്‍ താരാട്ട് പകര്‍ന്ന കാലം

കഞ്ഞിയും, ചാലിച്ച മുളകും
കുമ്പിളില്‍ കോരി കുടിച്ച കാലം
കീറിയ നിക്കറിന്‍ വള്ളിയില്‍
കെട്ടിയരവയര്‍ നിറച്ച കാലം ....

മമ്മദും അമ്മുവും അയലത്തെ രാമുവും
കണ്ണാരം പൊത്തി കളിച്ച കാലം
പാടത്തും പറമ്പിലും പിന്നെയാ തോട്ടിലും
കുത്തിമറിഞ്ഞു രസിച്ച നേരം

കൈയെഴുത്തും പിന്നെ കേട്ടെഴുത്തും
ക്ലാസ്സിന്‍ ചുമരിലെ പേരെഴുത്തും
പുസ്തക താളിലെ മയില്‍പ്പീലി തുണ്ടും
അമ്മൂവമ്മതന്‍ കൂടയില്‍ നെല്ലിപുളിയും ..

അച്ഛന്റെ സമ്മാനം നാണയ തുട്ടുകള്‍
മണ്‍ കുടുക്കയില്‍ കിലുകിലുക്കം
എന്നുമന്തിയ്ക്കും പുലരച്ചയിലും
എന്തിനോ വേണ്ടി കിലുക്കി നോക്കും...

ഉത്സവനാളില്‍ മമ്മൂഞ്ഞുമൊത്തു
ചുണ്ട് ചുവപ്പിച്ചു പമ്പരം വാങ്ങിച്ചു
കൈകളില്‍ സ്നേഹം കൊരുത്ത കാലം
ഒരായിരം വര്‍ണം വിടര്‍ന്ന ബാല്യം

അയലത്തെ തൊടിയില്‍ മാവിലെറിഞ്ഞതും
നായ കുരച്ചപ്പോള്‍ ഓടി മറഞ്ഞതും
കാലില്‍ മുറിഞ്ഞപ്പോള്‍ അമ്മു കരഞ്ഞതും
ഇന്നലെ കണ്ട കിനാവു പോലെ
കൊതി തീരാത്ത കവിത പോലെ..............!!!!!

_ജിത്തു_
വെന്മേനാട്

Sunday, December 8, 2013

വഴിയമ്പലം


ഭാരമൊട്ടിറക്കി വെച്ച്
ഭാവനകള്‍ മാറ്റി വെച്ച്
മല്‍മുണ്ടൊന്നു നിവര്‍ത്തി
വിശ്രമിക്കുന്നു ഞാനുമീ
വഴിയമ്പലത്തില്‍

തിരിഞ്ഞു നോക്കിയാല്‍
താണ്ടിയ പാതകള്‍
വഴികാട്ടിയ സ്തംഭങ്ങള്‍
തണല്‍ മരങ്ങള്‍ ആരാമങ്ങള്‍

പൂക്കള്‍ പലവിധം
പൂത്തുലഞ്ഞു നില്‍പ്പൂ
പുഞ്ചിരി തൂവിയി,ന്നിന്‍
പുതുകിനാക്കള്‍ പോല്‍

വീണു കിടപ്പുണ്ട്
വിരിയാതടര്‍ന്ന മലര്‍
വിസ്മൃതിയില്‍ പൊഴിഞ്ഞ
പാഴ് കിനാവ്‌ പോല്‍

കൊതിച്ചു നില്‍ക്കും പ്രസൂനം
കാത്തു വെച്ച സ്വപ്നങ്ങള്‍
പ്രണയിച്ചു പാടുന്നു
പറവകളൊരായിരം
താരാട്ടിലാടുന്നു ആലിലകള്‍

അരികിലൊരു കുംഭം
അതിലിറ്റു തണ്ണീര്‍
വരളുന്ന തൊണ്ടയില്‍
പ്രത്യാശയാം അമൃതം

മടങ്ങുന്നു ഞാനും
മുന്നോട്ടു പോകുവാന്‍
മാറാപ്പില്‍ കരുതുന്നു
മുന്‍പാരോ ചുമരില്‍
കോറി വെച്ച വാക്കുകള്‍
തീരാത്ത കാഴ്ചകള്‍
പാഠങ്ങള്‍ പാതകള്‍

കുറിച്ച് വെക്കുന്നു ഞാനു-
മീ വഴിയമ്പലത്തില്‍
കണ്ട കാഴ്ചകള്‍
കാലില്‍ , തടഞ്ഞ കല്ലുകള്‍
കഠിനമാം പാതകള്‍

വഴിതെറ്റിയീ
വഴിയമ്പലത്തില്‍
നാളെയൊരുനാള്‍
സ്വപ്‌നങ്ങള്‍ തേടിയൊരാള്‍
വരുന്നുവെങ്കില്‍

നേര്‍വഴി കാട്ടുവാന്‍
പകര്‍ത്തി വെക്കുന്നു
ഇന്ന് നിന്‍ ചുമരില്‍
എന്‍റെ കണ്ണുകള്‍
എന്‍റെ മുറിവുകള്‍

വഴിയമ്പലമേ വിട......................

  _Jithu_
Venmenad

Wednesday, December 4, 2013

മടക്കംമടങ്ങുന്നു ദേഹമീ ദേഹിയുപേക്ഷിച്ചു
തായ് വേരിലാത്മാവ് ചേര്‍ത്ത് വെച്ച്
കുഞ്ഞിപ്പൂവിനെ ചേര്‍ത്തോന്നുമ്മ  വെച്ച്
യാന്ത്രികം ജീവിത പാതകള്‍ താണ്ടുന്നു..

മിഴിനീര്‍ തുടയ്ക്കാതെ കൂട്ടിലെ പൈങ്കിളി
കാട്ടില്‍ മറയുമീ,യെന്നെയും നോക്കി നില്‍പ്പൂ..
കാതങ്ങള്‍ താണ്ടണം തിരിയാതെ പോകണം
ഓടിയാലെത്താത്ത മോഹങ്ങള്‍ തേടണം

കൊതിപൂണ്ട മോഹങ്ങള്‍ പല്ലിളിക്കുമ്പോള്‍
കുരുതി കൊടുക്കണം ജീവന്‍റെ പാതിയും
മധുരിക്കും മണ്ണിന്‍ സ്വപ്നങ്ങളൊക്കെയും
മണല്‍ക്കാട്ടിലാഴത്തില്‍ ദഹനം നടത്തണം

മടങ്ങുന്ന നേരം സിരകളില്‍ മധുരവും
ഭാരം ചുമന്ന ഹൃദയത്തില്‍ മേദസ്സും
ആപത്തു കാലത്ത് നേടി മടങ്ങണം
ആരോരും കാണാതോര്‍ത്ത്‌ കരയണം

അമ്മേയെന്‍ മണ്ണേ, കാത്തു വെക്കണം
മറന്നു വെച്ചോരെന്‍ കുറിയ വഴികളും
നൊമ്പരം മറന്നു താണ്ടിയ മുള്ളുമാ കല്ലും
വേരില്‍ കൊരുത്തോരെന്‍ നീറും ഹൃദയവും

 _ജിത്തു_
വെന്മേനാട്

Monday, December 2, 2013

കരിന്തിരി

"അണയ്ക്കാതെ,അണയ്ക്കാതെ; 
ഞാനൊരു കരിന്തിരി
തിളയ്ക്കുന്ന ചോരയില്‍ , 
നല്‍കുന്നീ പൊന്‍പ്രഭ..

തമസിന്റെ കരത്തില്‍ നിന്ന-
കറ്റി ഞാന്‍ വെളിച്ചമായ്... 
അന്തരംഗങ്ങളില്‍ ആശതന്‍ സ്ഫുരണമായ്
നീയുരുകും വേളയില്‍ 
ഞാനുരുകി-യതു
നിന്‍ ഹൃദയത്തിന്‍ നിഴലായ് 
ചാരത്തു നിന്നതും....

കണ്ണുകളില്ലെപ്പോഴും 
ഞാനൊരു വെളിച്ചമായി
നീട്ടിയ വഴിത്താര മറന്നതെന്തിന്നു നീ ....
അണയുന്ന വേളയില്‍ 
എരിയുമെന്‍ നെഞ്ചകം, 
ഒരു കരിമ്പടമായ് നിന്നെ പൊതിഞ്ഞുവോ?...
അത് നിന്‍ പൊലിമതന്‍ മാറ്റ് കുറച്ചുവോ..??
ജ്വലിക്കുമാ സൂര്യന്റെ 
അഗ്നിയുമൊരു നാളില്‍ 
രജനിയായ് വന്നിരുള്‍ ‍
വിഴുങ്ങാമതു-നീ മറന്നുവോ?

അണയാമൊരു നാളിലറി-
യാമാതെങ്കിലും അണയും വരേയ്ക്കും
നിന്‍ നിഴലായ് വളരാന്‍ 
അറിയാതെയെങ്കിലു-മെന്‍ 
മനം കൊതിക്കയാണുണ്ണി...
അണയുംവരേക്കുമണയാതിരിക്കാന്‍ 
തരിക നിന്‍
കരവും ദൃഡമാകും ചുമലും.......... "

_Jithu_
Venmenad


(....സമര്‍പ്പണം: കരിന്തിരി പോല്‍ , പെരുവഴിയില്‍ കണ്ടുമുട്ടിയ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും...)

Wednesday, November 27, 2013

തിരുത്ത് ..

ക്ഷമിച്ചു തിരുത്താം 
തിരുത്തിയാല്‍ തുടരാം 
തുടരാതെ കാക്കാം 
തിരുത്തിയ തെറ്റുകള്‍ 

 _ jithu _
Venmenad

Sunday, November 24, 2013

മൗനം .... വാചാലം !!!


മൗനം വാചാലമെന്നാരു ചൊല്ലി..
മുറിവേറ്റ കിളിയോ മൗനിയാ മുനിയോ 
മറന്ന വാക്കുകള്‍ പൊട്ടിക്കരഞ്ഞ നാള്‍ 
മനം നൊന്തു പാടിയ രമണനോ രാമനോ 

ജരവീണ ചുമല്‍പൊട്ടി നിണമൊഴുകി
യതറിഞ്ഞിട്ടുമറിയാതെ നുകമേന്തി 
തളര്‍ന്ന നേരം -കണ്ണടച്ചോരെന്‍ 
സന്തതിയൊ ഈ താതന്റെ കണ്‍കളോ 

പുന്നാരപൈതലിന്‍ ഒട്ടിയ വയറില്‍ 
മറന്നോരമ്മതന്‍ മാനമോ മൗനമോ
പാഞ്ചാലി, നിന്നുടെ ആടകള്‍ ഉലയവേ 
യുധിഷ്ഠിരന്‍ തന്നുടെ മൗനമോ വാക്കോ..

മൗനം വാചാലമെന്നാരു ചൊല്ലി 
ഉറക്കെ പറയുക മൗനം വെടിയുക 
ചൊല്ലി കളയുക ചൊല്ലേണ്ടതൊക്കെയും 
നാളെയൊരു നാള്‍ നോവാതിരിക്കാന്‍ 
നാളെയൊരു നാള്‍ നോവാതിരിക്കാന്‍ ........!!!!

ജിത്തു
വെന്മേനാട്

Thursday, November 21, 2013

കര്‍ഷകന്‍കാട് കയറി കര്‍ഷകനാകണം
കല്ല്‌ വെട്ടി കൃഷിയിറക്കണം
അതിരു തീര്‍ത്തെന്റെതാക്കണം
ആയിരം കാതം സ്വന്തമാക്കണം

മണ്ണ് മാന്തി വയല്‍ നികത്തണം
മകന്‍ പോല്‍ മണ്ണിനെ പൂജിച്ച
മരമണ്ടകൂട്ടത്തെയവരുടെ ചിന്തയെ
മണ്ണിനടിയില്‍ വേരോടെ മൂടണം

കാട് വെട്ടി കല്ലെടുത്തു
കൊടും കാട്ടിനുള്ളിലെ മണ്ണെടുത്ത്
കൊട്ടാരം തീര്‍ത്തു  കൃഷിയിറക്കണം
കര്‍ഷകനെന്ന് കണ്ണിറുക്കി പറയണം

കറുത്ത കൈകളാല്‍ കാശ് കൊയ്യണം
കൊയ്ത കാശില്‍ ദൈവം മയങ്ങണം
കൊതിപൂണ്ട കണ്ണാല്‍ മനുഷ്യദൈവങ്ങള്‍
കുഞാടിന്‍ കൈകളില്‍ ആയുധം നല്‍കണം

കസ്തൂരിഗന്ധം പേറി മണ്ണിന്‍മക്കള്‍
കാടിന്റെ മനമേറ്റു പാടവേ
കഴുത്തറുക്കുവാന്‍ ഇടനെഞ്ച് പിളരുവാന്‍
കുഞ്ഞാടിന്‍ കൈയില്‍ ആയുധം നല്‍കണം

കാട് കത്തണം നാട് കത്തണം
അതിരു മാന്തി കാടായകാടൊക്കെ
അരവയറിനൊരുത്തരം തേടുമാ
കര്‍ഷകപരിശകളുടെ കഴുത്തില്‍ കെട്ടണം

 _ജിത്തു_
വെന്മേനാട്

Tuesday, November 19, 2013

തെമ്മാടിതെറ്റ് തെറ്റെന്നു കണ്ട തെറ്റിന്
ചൂഴ്ന്നെടുക്കാം എന്റെ കണ്ണുകള്‍
നേര് നേരെന്നു ചൊന്ന തെറ്റിനു
പിഴുതെടുക്കാം എന്‍റെ ജിഹ്വകം
ദുഷിച്ച വാക്കുകള്‍ കേട്ട തെറ്റിനു
അടച്ചു വെക്കാം നിനക്കെന്റെ കര്‍ണ്ണവും

കഴിയില്ലയാര്‍ക്കും നിനക്ക് പോലും
തന്തോന്നിയെന്‍ ഹൃദയം തിരുത്തുവാന്‍
കണ്ട കാഴ്ചകള്‍ മായയെന്നോതുവാന്‍
ചൊന്ന വാക്കുകള്‍ കുരുതി കൊടുക്കുവാന്‍
കേട്ടതൊക്കെയും ഇല്ലയെന്നോതുവാന്‍
കുറിച്ച വാക്കുകള്‍ മായ്ചെഴുതുവാന്‍

ഭ്രാന്തനെന്നാരൊക്കെ വിളിച്ചാലും
തെമ്മാടിയെന്നാരു മൊഴിഞ്ഞാലും
ഉറക്കെയലറും കണ്ണടക്കാതെ കാണും
ഹൃത്തിന്‍ വാക്കുകള്‍ കണ്ണിന്‍ ശരികള്‍

എങ്കിലുമറിയുക ശരിയുമൊരുനാള്‍
തെറ്റെന്നു തോന്നിയാല്‍
എറിഞ്ഞ വാക്കുകള്‍ വഴുതിയെന്നാല്‍
മനസ്സറിഞ്ഞൊരു മാപ്പ് ചൊല്ലുവാന്‍
മടിയില്ല തെല്ലും
ഇല്ല
മടിയില്ല തെല്ലും....!!!

   _Jithu_
 Venmenad

Monday, November 18, 2013

കാത്തിരുപ്പ്വാസന്തം കാത്തു നില്‍പ്പു
നീരു വറ്റിയ മണലില്‍
പുലരി തേടും രാവി നൊ പ്പമീ
ഇലപൊഴിഞ്ഞ ശിഖരവും .............

തെളിനീരിന്‍ കുടവുമായ്‌
തെന്നല്‍ ഒഴുകി വന്നീടും
താരാട്ട് പാട്ടുമായവന്‍
തരളിതനാം കാമുകനാകും

നിശാഗന്ധിതന്‍ ഗന്ധമേറി
നീര്‍മണി തുള്ളി പുണര്‍ന്നീടും
മേനിയാകെ പൂ തളിര്‍ക്കും
തനുരുഹം ദലം ചിരിച്ചീടും .

മൂളിപാട്ടു പാടി വരും
മധുപങ്ങള്‍ വരിവരിയായ്‌
മലരിതളില്‍ നിറമേകാന്‍
മലനാട്ടിന്‍ ശലഭങ്ങള്‍
മധുരക്കനി തിന്നീടാന്‍
മതിമറന്നാടിടാന്‍
പറവകള്‍ ഒരായിരമായ്‌
പല നാട്ടില്‍ നിന്നെത്തും...............

 _jithu_
Venmenad

Friday, November 15, 2013

ജീവന്‍ഒഴുകിയൊലിക്കട്ടെ രക്തം....
പടരട്ടെ എന്‍ പാദങ്ങളില്‍
കറ മായാതെ കിടക്കണം
നാളെ,
എന്‍ നിണവുമിതുപോല്‍
പടരവെ ഒത്തു നോക്കുവാന്‍ ....
രക്തത്തിന്‍ ചുവപ്പും
മെന്‍ ജീവന്റെ തുടിപ്പും.........

  _Jithu_
Venmenad

അച്ഛന്‍സ്വപ്നങ്ങള്‍ കണ്ടുണരാതെ
കനവുകളില്‍ നിറം ചാര്‍ത്തി
ഉറങ്ങീടുക പൊന്‍ മകളെ
അച്ഛനുണ്ടിവിടു,റങ്ങാതെ....

പറന്നുയരുക കിളി മകളെ.
കുഞ്ഞിളം ചിറകാലെ
തളരാതെന്‍ പൊന്നെ
അച്ഛനുണ്ടിവിടതു നീ, മറക്കാതെ...

പതറാതെന്‍ ഉണ്ണി,
വിഷപ്പല്ലുകള്‍ ചിരിയ്ക്കുമ്പോള്‍
തകര്‍ത്തീടുക മതില്‍ കെട്ടുകള്‍
കീറീടുകാ മുഖം മൂടികള്‍
ഞാനുണ്ട് കൂടെ,
നീയൊരുനാളും ഭയക്കാതെ

തുറന്നീടെണം അകകണ്ണുകള്‍
കലികാലമതോര്‍ക്കേണം
മുറുകെ നീ പിടിച്ചീടുക
ഈയച്ഛന്‍റെ ചുമലില്‍

മയങ്ങീടുക മടിയാതെ
നിന്നച്ഛനുണ്ടിവിടു,റങ്ങാതെ..
നിന്നച്ഛനുണ്ടിവിടു,റങ്ങാതെ.............

  _Jithu_
Venmenad

Tuesday, November 12, 2013

ദേശാടനക്കിളിവരിക,യെന്‍ വിഹായസ്സിന്‍ കൂട്ടുകാരെ,
ചിരി തൂകി കളി ചൊലീ എങ്ങു പോകൂ .!
അതിരില്ലാ ദേശത്തെ കാഴ്ചകളൊക്കെയും
ദേശാടനക്കിളി, നീ ചോല്ലുകില്ലേ....!!

മാമല മേടും, മയിലാടും കുന്നും,

മണല്‍ പരപ്പും പിന്നെയാ, മാരിവില്ലും.....
മന്ദാര മലരും മധുരക്കനിയും 
മലയാളി പെണ്ണിന്റെ പുഞ്ചിരിയും.........

പൂനിലാവമ്പിളി പോന്നാമ്പല്‍ പൂവും
പാര്‍വത രാജന്‍ ,പടിഞ്ഞാറന്‍ കാറ്റും,
മവന്‍ കട്ടെടു,ത്തോരെന്‍ പൂമഴയും.
കണ്ടെങ്കില്‍ ചൊല്ലുക, നീ കണ്ട കാഴ്ചകള്‍ ....

നല്‍കാം എന്നുടെ, നിറമോലും സ്വപ്നങ്ങള്‍
നിന്‍, വെന്മേനിയില്‍ ചാര്‍ത്തി, യലങ്കരിയ്ക്കാന്‍ .... 
കൊതിയേറെ, കേള്‍ക്കുവാന്‍
നിറമേറും കാഴ്ചകള്‍ , 

പുന്നാര പൈങ്കിളി ചൊല്ലു വേഗം........!!!!

  _jithu_
Venmenad

Monday, November 11, 2013

ധര്‍മ്മം..നിറഞ്ഞ കീശയില്‍ നൂറുമോരായിരം
നെടുകെ പരതിയാ കടലാസ്സു കെട്ടില്‍
ഒളിച്ചിരിയ്ക്കും ഓട്ട കാലണ
കണ്ടെടുതോരാ സന്തോഷത്താല്‍
ചിര്ച്ചു പിന്നെ നല്‍കി " ദാനം "
തിരിച്ചു ഞാനൊരുറ്റത്തോടെ
ചൊല്ലി
കാണുക യിതു താന്‍ "ധര്‍മ്മം.."

  -Jithu-
Venmenad