Sunday, July 20, 2014

എനിക്കും ഒരു കവിയാകണം (ഒരു കവിത എഴുതണം ) ....!!!




ഒളിപ്പിച്ച വാക്കുകള്‍ രാകി വയ്ക്കണം
മൗനരാഗങ്ങളില്‍ തേന്‍ പുരട്ടണം
മുറിപ്പാടുകള്‍ ഉണങ്ങാതെ നോക്കണം
കുത്തുന്ന നോവില്‍ പൊട്ടി ചിരിക്കണം

ഇടറും പാതയില്‍ മിഴിനീരുടയും നേരം
ഇന്നലെകള്‍ പെറുക്കിയൂന്നു വടിയാക്കണം
ഇനിയൊരു കനവിന്‍ തിരി കൊളുത്തണം
ഇരവിലുമിരുളിലുമൊരു ഉഷസ്സിനെ തേടണം

ആരെയും ഭയക്കാതെ ആകാശവീഥിയില്‍
അക്ഷരസ്ഫുലിംഗങ്ങള്‍  വാരി വിതറണം
അനര്‍ഗളം അവനിയില്‍ നേരിന്‍ ചിന്തുകള്‍
ആവണിതേന്‍ മഴയെന്ന പോല്‍ പെയ്യണം

വറ്റിയ പുഴയിലും ജീര്‍ണ്ണിച്ച മലനിരയിലും
വറ്റാത്തയശ്രുവാല്‍ അക്ഷരപൂജ നടത്തണം
വേനലില്‍ തണലാവാന്‍ പൂമരമാവേണം
കവിയാകണമെനിയ്ക്കുമൊരു കവിതയെഴുതണം

എനിക്കുമൊരു കവിതയെഴുതണം .....!!!!

ജിത്തു
വെന്മേനാട്

Wednesday, July 16, 2014

ഓണം



കര്‍ക്കിടകക്കാറോഴിഞ്ഞു
കുളിരുകൊണ്ടോര്‍മ്മകള്‍
കാറോഴിഞ്ഞ വാനം ചിരിച്ചു  
കളകളമൊഴുകിയരുവികള്‍

തുമ്പ മുക്കുറ്റിപ്പൂ വിരിഞ്ഞു
തുമ്പികള്‍ ആടി വരവായി
ഓലേഞ്ഞാലിക്കിളി പാടി
ഓണമായ്‌  പൂക്കാലമായ്‌

ഒരായിരം സ്വര്‍ണ്ണക്കതിരുമായ്‌
മഞ്ഞപുതച്ചു വയലേലകള്‍
ഓണത്തപ്പന് സദ്യയൊരുക്കി 
കുണുങ്ങിയൊരുങ്ങി കാത്തുനിന്നു

പലപലകളികളാമോദമായ്‌
പുത്തനുടുപ്പണിഞ്ഞ കിടാങ്ങള്‍
പുലിക്കളിക്കുമ്മാട്ടി പള്ളിയോടവും
പൂക്കളമൊരുക്കിയെന്‍ ഗ്രാമവും

തൃക്കാക്കരപ്പനു നിറകാഴ്ചയേകി
തിരുവോണനാളീ മലയാളഭൂമി
മനമൊന്നായ്‌ ആര്‍പ്പു വിളിച്ചു
ഓണത്തപ്പാ വരിക വരിക

ഓണമായ്‌ പൂക്കാലമായ്‌ ..........!

ജിത്തു
വെന്മേനാട്

Wednesday, July 9, 2014

അഗ്നിപര്‍വതം





പെയ്തൊഴിയുന്നു കാലങ്ങള്‍ മുന്നില്‍
താണ്ടി തീര്‍ക്കുന്നു യുഗങ്ങള്‍ സൂര്യനും
പ്രണയകനലൂതി മനമാകെ പവനന്‍
എരിഞ്ഞ ചാരങ്ങളില്‍ തീ പകരുന്നു

ജ്വാലാമുഖിയില്‍ ലാവപോല്‍ രുധിരം
വെട്ടി നീ മുറിച്ച പാടുകളിലുതിരുന്നു
പൊട്ടി തെറിച്ച വാക്കുകള്‍ ചുറ്റിലും
തീമഴയായ് അറിയാതെ പൊള്ളുന്നു

മഴയൊരു തണലായ്‌ പുണരുന്നുവെങ്കിലും
അവളൊരു താങ്ങായ് തഴുകുന്നുവെങ്കിലും
ഉള്ളിലെ തേങ്ങല്‍ ചിലനേരം ചിതറുന്നു
ആളികത്തുന്നു നെഞ്ചിലെരിയും ചിന്തകള്‍

മുഖംകണ്ടു ഭയക്കുന്നു വാനവും ഭൂമിയും
തീതുപ്പും ഭൂതമായ്‌ വാഴ്ത്തിയകലുന്നു
അഗിരമിനിയും പുലമ്പാതിരിയ്ക്കുവാന്‍
കണ്ടു പിടയും മനം,അധരങ്ങള്‍ മൂടുന്നു

ശാന്തം സൗമ്യം എരിയുന്ന നേരവും
കദനമുള്ളില്‍ തിളയ്ക്കുന്ന നിമിഷവും
ചാരങ്ങള്‍ തുപ്പാതെ മൗനം പുതച്ചു,റങ്ങാ-
തുറങ്ങട്ടെ നീറും മനമോടെ തീമല

ജിത്തു
വെന്മേനാട്

Tuesday, July 8, 2014

നിള



നീന്തി തുടിച്ച നിന്‍ മാറില്‍
ഇനിയും മുങ്ങി കുളിക്കുവാന്‍
നീ വരും വഴി  നീളെ നടന്നു
മണല്‍ക്കുഴിയില്‍ വീണു
പിടയും മമ സഖിയെ കണ്ടു,-
വിന്നെന്‍  മിഴിനീരുടഞ്ഞു .......!

ജിത്തു 
വെന്മേനാട് 

Sunday, July 6, 2014

വേനല്‍മഴ !




കിഴക്കന്‍ കാറ്റില്‍ പറന്നു വരുന്ന മഴമേഘങ്ങളെ നോക്കി ഇലപൊഴിഞ്ഞ ശിഖിരങ്ങള്‍ മന്ദഹസിച്ചു . പൊള്ളുന്ന മണ്ണില്‍ നനവായൊരു പ്രണയ മഴ.

ചൂടേറ്റ് വാടിയ മണലിന്‍ മാറില്‍ ഉമ്മ വെച്ചു മടിച്ചു മടിച്ചവള്‍ യാത്ര ചൊല്ലിയകന്നിട്ടും തെന്നലില്‍ ബാക്കി വെച്ച കുളിരിന്‍ ഓര്‍മ്മയില്‍ തുഷാരബിന്ദുക്കള്‍ ഇലതുമ്പിലൊട്ടി നിന്നു  .മേടമാസ രാവുകള്‍ അവള്‍ ഇറുക്കാന്‍ മറന്ന കണികൊന്ന പൂക്കള്‍,അവളിനിയും വരും നേരം സമ്മാനം നല്‍കാന്‍ കാത്തു വെച്ചു  ...

ഇന്നലെ പെയ്ത മഴയില്‍ കിളിര്‍ത്തോരാ തളിരുകള്‍ ,  പിന്നെയും ഒരു പേമാരി വരുന്നതും  കാതോര്‍ത്തിരുന്നു !!!


ജിത്തു 
വെന്മേനാട് 

Friday, July 4, 2014

സ്വപ്നം.



അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!

_ജിത്തു_
വെന്മേനാട് 

Wednesday, July 2, 2014

അക്ഷരത്തെറ്റ്



മൗനത്തില്‍ നിനക്കായ്‌ 
കാത്തു വെച്ചതെല്ലാം 
വാക്കില്‍ ഞാന്‍ ഒളിച്ചു വെച്ചിട്ടുണ്ട് ..
ഇനിയൊരിക്കല്‍ 
വഴിതെറ്റി നീ വരുന്നുവെങ്കില്‍ 
അക്ഷരത്തെറ്റുകള്‍ക്കിടയില്‍ 
എന്‍റെ ഹൃദയം 
ഞാന്‍ കൊരുത്തു വെച്ചിട്ടുണ്ട് ..!!

ജിത്തു 
വെന്മേനാട്