Monday, December 27, 2010

എന്തെഴുതണം?

എന്തെഴുതണം അന്ധകാരത്തിന്‍ 
ശൂന്യതയില്‍ നിന്നറിയില്ലെനിക്കിന്നു .
പാരില്‍ മണല്‍ത്തരിപോലുമല്ലാത്തോരെന്‍
വലിപ്പത്തെ കുറിച്ചോ,അതിലൂറും ഗര്‍വ്വിനെ കുറിച്ചോ?

സോദരന്‍ കഴുത്തറുക്കുവാന്‍ കല്‍പ്പിച്ചോരാ,
മതത്തിന്‍ പൊരുളിനെ കുറിച്ചോ?
ദൈവത്തിന്‍ മേനിയില്‍ അഴുക്കു പുരട്ടിയൊരാ
ജാതിഭേദത്തിന്‍ ആഴത്തെ കുറിച്ചോ?

വിശന്നരാവില്‍ അന്നം തരാത്തൊരാ കുലത്തിന്‍ മേന്മയോ?
മനുഷ്യത്വം മറന്നോരാ മനുഷ്യന്റെ മനമോ?
അര്‍ത്ഥത്തിനായ് കാമം വിറ്റൊരാ പെണ്ണിന്റെ നേരോ,
പെങ്ങളെ പൂകിയാ ചെന്നായതന്‍ പുരുഷത്വമോ?
പുരുഷന്റെ പെരുമയോ, മഹതി നിന്‍ മഹിമയോ?
പകലിന്‍ മാന്യതയോ ഇരുളിന്‍ മൗനമോ?

എന്തെഴുതണം എനിക്കറിയില്ല തോഴാ,
നിനക്കറിയാമതെങ്കില്‍ മടിക്കാതെ മൊഴിയുക. 
അതിന്‍ മുന്‍പൊരുമാത്ര എനിക്കായി നല്‍കുക,
എന്‍ വസ്ത്രുമതുരിയട്ടെ,രക്തം കുടിക്കുമാ-
കീടങ്ങളേറെയുണ്ടതു ഞാന്‍ കുടഞ്ഞോട്ടെ..

_Jithu_
 Abudhabi

Saturday, December 18, 2010

നീ അറിയുക

പിന്‍വിളി കേള്‍കെ കോപിച്ചിടാതെ കണ്മണി,
നോക്കില്‍ വെറുപ്പ്‌ നിറക്കാതെ കേള്‍ക്കുക..
ഇല്ല , എനിക്കേറെയൊന്നും ചൊല്ലുവാന്‍
ഇഷ്ടമാണെന്ന പാഴ്വാക്ക് കൂടാതെ....
കേട്ട് ചിരിച്ചേക്കാമീ  ലോകവും
കൂടെയെന്നോമല്‍ സഖീ ഒരുമാത്ര നീയും

കുരുത്തോല തുമ്പില്‍ ഊയലാടി  ഞാന്‍ ,
മൂളിയ വരികളില്‍ നിന്‍ നിറഗന്ധമായിരു-
ന്നതു നീ അറിഞ്ഞില്ലായിരിക്കാം?
അതിന്‍  രാഗം പ്രണയം എന്നതും  
പ്രിയേ നീ അറിഞ്ഞില്ലായിരിക്കാം?
വെയിലേറ്റു നീ വാടിയ നേരം
കരിമുകിലായ് നിറഞ്ഞതും,ഉരുകി 
എന്‍ മിഴിനീരൊരു മഴത്തുള്ളിയായ്,
നിന്‍ കവിള്‍ ചുംബിച്ചതും, 
പുഴയായ് നിന്‍ കൊലുസ്സിന്‍ -
താളം കവര്‍ന്നാടിതിമിര്‍ത്തതും,
പൂങ്കാറ്റായ് നിന്‍ രുചകം തഴുകി
ദാവണിക്കാരി; ഞാനോടി മറഞ്ഞതും
ഇല്ല  -നീ അറിഞ്ഞില്ലായിരിക്കാം ...???-

പോകയോ മരുപ്പച്ച തേടി,യെങ്കില്‍ നീയോര്‍ക്കുക
ഒരിക്കല്‍ നീയറിഞ്ഞേക്കാം,
അന്നു നിന്‍ കണ്ണുകള്‍ ‍ എന്‍ കണ്ണീരു തിരഞ്ഞേക്കാം
അന്നു നിന്‍  മനമെന്‍ കരം കൊതിച്ചേക്കാം,

ഒരുവേളയന്നെന്‍ കൈകളില്‍ ബന്ധത്തിന്‍  വിലങ്ങിരിക്കാം 
ഹൃദയത്തില്‍ നിന്‍ പേര് മായ്ച്ചിരിക്കാം...
കണ്ണുനീര്‍ ഹൃദയത്തില്‍ വീണത്‌ പൊള്ളിയേക്കാം
അതിനാല്‍ ഓര്‍ക്കാന്‍ മറക്കുക,
മറക്കാന്‍ പഠിക്കുക...
പാരില്‍ ഈ ഞാനും കേവലം മര്‍ത്യജന്മം ....

 _Jithu_
Abudhabi

Monday, December 13, 2010

അപ്പെന്‍ഡിക്സ്‌



വല്ലാത്ത വയറു വേദന ....സഹിക്കാന്‍ വയ്യ.
നായരേട്ടന്റെ അഷ്ടഗന്ധിയും അയമോദകവും കഴിച്ചു നോക്കി, രക്ഷയില്ല .. രവിയേട്ടന്‍ പറഞ്ഞ യോഗാസന മുറകള്‍ പലതും പയറ്റി...ഇല്ല രക്ഷയില്ല...ഇനി എന്ത് ചെയ്യും.
റൂമിലെത്തിയപ്പോള്‍ അവിടെ കുമാരേട്ടന്റെ വക എന്തോ ഒരു ഔഷധവും.അങ്ങനെ എല്ലാവിധ
പരീക്ഷണങ്ങള്‍ക്കും വിധേയനായി ഈയുള്ളവന്‍ വിഷമിച്ചു നില്‍ക്കുകയാണ്...
ഇനി ഒരേ ഒരു വഴിയെ ഉള്ളൂ , മറ്റൊരു കുമാരേട്ടന്റെ വകയാണ്..ഈശ്വരന്‍ വൈദ്യനെ പോയി കാണുക..ആള് പരിഹാരം ഉണ്ടാക്കും..


ഈശ്വരന്‍ വൈദ്യനെങ്കില്‍ ഈശ്വരന്‍ വൈദ്യന്‍....സൂചി എങ്ങാനും വെക്കുമോ...??
പോയി നോക്കാം വയറു വേദന തന്നെ കൂടുതല്‍...
വൈദ്യര്‍ വയറില്‍ പിടിച്ചൊരു അമര്‍ത്തല്‍...ഹോ ...ഇതു തന്നെ ഈശ്വര ഏറ്റവും വലിയ വേദന. സകല ദൈവങ്ങളെയും കിടന്ന കിടപ്പില്‍ ചീത്ത പറഞ്ഞു....കൂടിയ ഇനമാണ്..അപ്പെന്‍ഡിക്സ്‌  .കട്ട്‌ ചെയ്തെ പറ്റൂ.
പിന്നെ ബഹളമയം ആയിരുന്നു....സ്കാന്നിംഗ്..രക്തം, പഞ്ചാര..ഹോ ഹോ ..


ഇനി കാത്തിരിപ്പാണ്...8 മണി ആവണം ...
പുറത്തെ കാഴ്ചകള്‍ കാണാം.
അവിടെയതാ നിറമില്ലാത്ത പൂക്കള്‍..ചിറകില്ലാത്ത പറവകള്‍..നൂലില്ലാ പട്ടം.
എന്താണീ പൂക്കള്‍ക്ക് നിറം ഇല്ലാതെ പോയത്.?.
ചിറകില്ലാതെ എന്തിനാണ് ഈ പറവകള്‍ക്കീ ജന്മം ??......നൂലില്ലാ പട്ടം...??
ഹും ...അതെന്തെങ്കിലും ആവട്ടെ....ഇവിടെ എന്റെ വയറു.... ഈ അപ്പെന്‍ഡിക്സ്‌ ...
ഇതൊന്നു മാറിയാല്‍ മതിയായിരുന്നു...


അപ്പോളേക്കും സമയമായി....ഓപ്പറെഷന്‍ തീയറ്ററില്‍ കയറ്റി....പിന്നെയൊന്നും ഓര്‍മയില്ല...
എഴുന്നേറ്റു നോക്കുമ്പോള്‍...ബെഡില്‍ ..
ഒറ്റ ദിവസം കൊണ്ട് ഒരു രോഗിയും ആയി....എന്ത് ചെയ്യും...!!
ശരീരമാകെ കീറിമുറിച്ചു ,എല്ലാം വാരികൂട്ടി തുന്നികെട്ടി ഇരിക്കുകയാണ്...
അപ്പെന്‍ഡിക്സ്‌ ...ടെസ്റ്റ്‌ റിസള്‍ട്ട്‌ വരും....അത് കിട്ടിയാല്‍ പോകാമെന്നാണ് വൈദ്യര് പറഞ്ഞത്....ഹും .അത് വരെ ജാലക വാതില്‍ തുറന്നിടാം...


അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും നോക്കിയാല് ഈ ലോകം വളരെ വലുതാണ്‌....
എല്ലാം കാണാം...
വീണ്ടും അതേ പൂവ്..നിറമില്ലാതെ...അതേ പറവകള്‍ ചിറകില്ലാതെ...അതേ പട്ടവും ഓളങ്ങളില്‍ അലഞ്ഞു ഒഴുകുന്ന കപ്പിത്താനില്ലാത്ത കപ്പലുകളും...
എനിക്കൊന്നു കരയണം എന്നു തോന്നുന്നു..നിറമില്ലാത്ത പൂക്കള്‍ക്ക് വേണ്ടി...ചിറകില്ലാത്ത സുന്ദരി പറവകള്‍ക്ക് വേണ്ടി..
ഞാനും ഒന്ന് കരഞ്ഞോട്ടെ....


ഹേ ...ആരോ  ചിരിക്കുന്നു.....മുറിച്ചു മാറ്റിയ അപ്പെന്‍ഡിക്സ്‌ ആണു, അവന്‍ റിസള്‍ട്ടും  ആയി എത്തിയിരിക്കുന്നു...
റിസലട്ട് ഇങ്ങനെ ആയിരുന്നു.-" അരകിലോ ഉണ്ട്....അകത്തു മുഴുവനും "അഹന്ത " നിറഞ്ഞിരിക്കുകയാണ്......."
"അനുഭവിച്ചോ....അനുഭവിച്ചോ...ഒരു വയറു വേദന നിനക്കു സഹിക്കാന്‍ പറ്റുന്നില്ല അല്ലേ..
ഇപ്പോള്‍ എന്നിട്ട് കരയുകയാണ്....കണ്ണില്‍ കണ്ട പൂവിനും പൂച്ചക്കും വേണ്ടി...എന്നെ മുറിച്ചു മാറ്റുമ്പോള്‍ ആലോചിക്കണമായിരുന്നു..."
അവന്‍ വീണ്ടും കളിയാക്കി ചിരിക്കുകയാണ്.....


നീ എന്ത് പറഞ്ഞാലും കുഴപ്പമില്ല....ഇപ്പോള്‍ എന്തോ ഒരു ഭാരം കുറഞ്ഞപോലെ...
ഇനി ഞാനും ഒന്ന് കരഞ്ഞോട്ടെ...അല്ലെങ്കിലും ഞാനൊരു മനുഷ്യന്‍ അല്ലേ.....!!!


അപ്പോളതാ പുറകില്‍ കൂട്ടച്ചിരി...
ഹൊഹോ....എല്ലാവരും ഉണ്ടല്ലേ....
കളിയാക്കിക്കോ...നിങ്ങ‍ള്‍ക്കിപ്പോള്‍ ഒന്നും മനസിലാവില്ല...
അപ്പെന്‍ഡിക്സ്‌-അവനെ ഒന്ന് മുറിച്ചു മാറ്റി നോക്കൂ നിങ്ങള്‍ക്കും മനസിലാവും...നിറമുള്ള കണ്ണുകള്‍ ഉള്ള പറക്കാന്‍ ചിറകുകള്‍ ഉള്ള ചിന്തിക്കാന്‍ നല്ല മനസുള്ള നിങ്ങളും അന്നു കരയും എന്റെ കൂടെ ...
വെറുതെ എങ്കിലും......


എന്നെ വെറുത വിട്ടേക്കൂ.......
ഇനി എങ്കിലും ഞാനൊന്നു കരഞ്ഞോട്ടെ...
  


      _Jithu_       
     Abudhabi

Friday, December 10, 2010

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ...?

 പെണ്ണിന്റെ പിണക്കം മാറ്റാന്‍ എന്താ ഒരു വഴി......???


Monday, December 6, 2010

നീതി

കണ്ണു മൂടിയ സൈനിക,വെളിച്ചം മറക്കുന്നു
പിന്നതാ പൊട്ടികരയുന്നു
അന്ധയായ നീതിബോധമേ നിനക്കില്ല
എന്റെ നിറമുള്ള കണ്ണുകള്‍
അന്ധത പൂകി ,അധരങ്ങള്‍ മൂടി
പിന്നെയും പൊട്ടികരഞ്ഞു നീ .


പറിച്ചെടുക്കൂ നീറും ഹൃദയം
മരണം മണക്കും പാല പൂക്കട്ടെ..
തഴുതിട്ടിടാം ആത്മനിന്ദകള്‍,
പൂട്ടിയിടുക മനമാ ഇരുളില്‍
താഴ് കൈ എത്തും ദൂരെ മറക്കാതെ കാക്കുക..
അന്ധകാരത്തില്‍ കാട്ടുതീ പടരുന്ന  നേരം,
നിന്റെ ചിന്തകളാ മനം തിരഞ്ഞേക്കാം


ചിതലരിക്കും മുന്‍പാ കറുത്ത സ്വപ്നങ്ങള്‍ തൂത്തു വാരാം..
മണിചിത്രത്താഴാ,
വിങ്ങും കരള്‍ അറിയാതെ തകര്‍ത്തേക്കാം
കാത്തു നില്‍കാതെ..,
നഖമുനയാലാ പൊയ്‌മുഖങ്ങള്‍ വലിച്ചുകീറാം
മുഖംമൂടികള്‍  അഗ്നിക്കായ് നല്‍കാം,
ഒരു പിടി ചാരം കരുതുക...
നെറികെട്ട നരനുടെ നെഞ്ചില്‍ വിതറാം


നീതി, നിന്‍ ചാരിയ മിഴികള്‍ തുറന്നു വെക്കണേ
താളുകള്‍ തുലാസില്‍ ഭാരം നിറക്കാതെ  നോക്കണേ.. ..
താഴിട്ട മനം നീ തുറക്കാതെ കാക്കണേ ...
വീണ്ടും കണ്ണുനീര്‍ വാര്‍ക്കാതിരിക്കണേ.....


അന്തരം അന്ധരാം നാടിനു പുതുസ്വപ്‌നങ്ങള്‍ പകരാം
നിറങ്ങള്‍ വിരിയട്ടെ...പുഞ്ചിരി പൂക്കട്ടെ ...

       _Jithu_
        Abudhabi

Wednesday, December 1, 2010

ലക്ഷ്മണാ നീ പൊറുക്കുക...


ഇതു ഞാന്‍ രാമന്‍,
ലക്ഷ്മണാ നീ പൊറുക്കുക...
ഏട്ടന്റെ കടമകള്‍ ചുമലേറ്റിയ ഭരതാ,
നിന്നെയാണെനിക്കേറെയിഷ്ടം.
അനുജാ നീ തന്നെ നേര്,
കണ്ണടച്ചോരെന്നില്‍ പടരുന്നു കാരിരുള്‍..!!!


താതന്റെ ആശകള്‍ പൂക്കണം,
കൈകേയി മാതയെ റാണിയായ്‌  വാഴ്ത്തണം.
കാനന പാതയിരുള്‍ വന്നു മൂടിയാല്‍
നീ എന്റെ മിഴികളില്‍ വെളിച്ചമായ്  മാറണം
നാടിനെ ഓര്‍ക്കണം 
നാടിന്റെ ജിഹ്വകം ഭയക്കണം.


തള്ളിപറഞ്ഞവര്‍ തന്നെ പറയണം,
നീ തന്നെ വല്ലഭന്‍, ജ്യേഷ്ഠനെക്കാള്‍ ശ്രേഷ്ഠന്‍.
അവരുടെ വാക്കുകള്‍ പെരുമ്പറ കൊട്ടണം
കാതില്‍ മുഴങ്ങണം-അവിടെനിക്കഭിമാനം കൊള്ളണം.


ദുഷ്ചിന്ത രാക്ഷസര്‍ ചക്രവ്യൂഹങ്ങള്‍ തീര്‍ത്തേക്കാം,
അവിടെയെന്റനുജന്‍ ധനഞ്ജയനാവണം.
അവരുടെ മാറ് പിളര്‍ക്കണം
എന്‍ മനം തുടിക്കണം,നിന്നിലൂറ്റം കൊള്ളണം.


പതറുന്ന നേരം ഏട്ടന്റെ കരം ഗ്രഹിക്കണം,
അകലെയാണെങ്കിലും അരികിലുണ്ടോര്‍ക്കണം,
നേര്‍വഴി കാട്ടുവാന്‍, നല്ലത് കാണുവാന്‍
ഭരതാ നീയെന്റെ സ്വപ്നം, അനുജരില്‍ പ്രിയന്‍....


  _Jithu_
  Abudhabi
(ഏട്ടന്റെ അനുജനാം ഭരതനോട്.....)