Monday, March 28, 2011

ഭീരു


പടരുന്നു കള്ളങ്ങള്‍ ,കൊള്ളകള്‍ ഉലകില്‍ ..
പകരുന്നു ജാതിമതഭേദമെന്നാകിലും..
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..

കുറ്റവാളികള്‍, അവര്‍, പലരുണ്ട്  ചുറ്റില്‍-
അവരില്‍ നീയില്ല , ഞാനില്ല
നമ്മളിലൊരാള്‍ പോലുമില്ല..
അവരെത്ര തുച്ഛം ഓര്‍ക്കുക നിത്യം.

പ്രളയം മുടിച്ചേക്കാം തീമഴ പെയ്യാം  
മനംനൊന്തൊരു  സൂര്യന്‍ കടലില്‍ മറഞ്ഞേക്കാം
സന്ധ്യ തന്‍  മാറില്‍  നിരാശനാം പുലരി,
നിശയാം ഇരുളിനെ പുല്‍കി മയങ്ങാം
 

ജ്വലിക്കുന്ന  മനവുമായ്‌  മറ്റൊരു  സൂര്യന്‍
പുതുപുലരിയുമായ്  വരവുണ്ടതറിയുക .
കാണട്ടെ  നിന്‍  മിഴിയിലുമാ സൂര്യന്റെ സ്വപ്നം
തളിര്‍ക്കട്ടെ നിന്‍ വാക്കിലുമീ ശൌര്യം

തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
അടരാടി മരിക്കുന്ന പോരാളിയാവാം
ഭയന്നോടി മറയും ഭീരുവാവാതെ നോക്കാം

_Jithu_
Abudhabi 

Thursday, March 24, 2011

സായംസന്ധ്യ..

കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
പിന്നെന്നെ മാടിവിളിക്കും കായല്‍ക്കരയോരം
ഒരു സായംസന്ധ്യയില്‍....
 

Thursday, March 17, 2011

തിര
തിരമാലകളാര്‍ത്തു ചിരിച്ചു..
കേട്ടവരൊക്കെയും കണ്ടു രസിച്ചു
ഉഴവൂ വയലുകള്‍ എന്ന കണക്കെ..
ഉയരും തിരകളിലമരും നഗരം
 
ആടിയുലഞ്ഞു അംബരചുംബികള്‍
ആളിയുയര്‍ന്നു അഗ്നിസൌധം
കാണ്മു തെല്ലൊരു കൌതുകമോടെ..
അലകളിലലയും വമ്പന്‍ നൌകകള്‍, 

കേട്ടവര്‍ കണ്ടവര്‍ തിരവൂ വീണ്ടും,
തിരയില്‍ മറയും യന്ത്രപാമ്പ്
ഒഴുകും യാനം തിരയുടെ ഉയരം
അടിമുടിയുലയും ഭരണം പോലും 

അകലും പാളികള്‍ ചിതറും ലാവകള്‍
അകലെ കരയും അമ്പിളിമാമനും
അലറി വിളിപ്പു മതവും മനുജനും
കീറിമുറിപ്പൂ  തിരയുടെ ശാസ്ത്രം

കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
പിടയും ഉയിരിന്‍ കണ്ണിലെ ദാഹം
മുതലക്കണ്ണീര്‍ തുള്ളിയടര്‍ന്നു,
തിരിഞ്ഞു പിന്നെ തിരഞ്ഞൂ വീണ്ടും   
രാക്ഷസത്തിരയുടെ നവനവ രൂപം.
 
_Jithu_
 Abudhabi

Monday, March 14, 2011

എന്റെ ദേശം

വെണ്മയെഴും വാമനനാടെന്റെ  ദേശം ...
കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
പിന്നെന്നെ മാടിവിളിക്കും കായല്‍ക്കരയോരം,
പനയോല തെങ്ങോല പന്തലൊരുക്കും
പൂവള്ളി‍കുടിലീ കുബേരന്റെ മാളിക ........

ഒറ്റക്കാല്‍ തപം ചെയ്യും സന്യാസിക്കൊറ്റികള്‍
പല്ലുരുമി കാട്ടുന്ന തടിമാടന്‍ ഞണ്ടുകള്‍
കഥ പാടിയെത്തും വൃശ്ചികകാറ്റും.
ചിത്രപതംഗവും തൂക്കണം കുരുവിയുമാ 
തൊട്ടാവാടിയും -തെമ്മാടിചെറുക്കന്റെ  കൂട്ടുകാര്‍.

കണികാണാന്‍ വെള്ളരി,കണിക്കൊന്ന പൂക്കളും
എന്നെയുണര്‍ത്തും പൂവാലന്‍ കോഴിയും
പാടിയുറക്കും പുള്ളിപൂങ്കുയില്‍,ഒപ്പമാടി
തിമിര്‍ക്കും മേഘനാദാനുലാസി സതീര്‍ഥ്യരും ..

നാണം കുണുങ്ങി കവിളില്‍ തലോടും
കലികൊണ്ട് തുള്ളും കളിപറഞ്ഞെത്തും     
ചറപറ പൊഴിയും കൊതിതീരെ കരയും 
മാമലമേട്ടിലെ രാജകുമാരി, മാരി -
എന്‍ തോഴി.......

മുക്കുറ്റി, പെണ്ണിന്‍ കവിളിലെ നുണക്കുഴി
തുമ്പപ്പൂ പൈതലിന്‍ പാല്‍നിലാ പുഞ്ചിരി..
പേരാലിന്‍ കൊമ്പത്തരഞ്ഞാണ്‍ കിലുക്കം.
മാരിവ്വില്‍ അര്‍ക്കന്റെ സ്നേഹോപഹാരം.

വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
വാമനനാടിന്‍ സുസ്വാഗതം ..തോഴാ.

 _Jithu_
Venmenad

Thursday, March 10, 2011

ബന്ധനംതങ്കനൂലില്‍ കോര്‍ത്ത ബന്ധം
ബന്ധനം അതി സുന്ദരം
തങ്കത്തെക്കാള്‍ മൂല്യമെന്നാല്‍
ഉറപ്പില്ല പോലും തെല്ലുമേ....!

അഴിയാ കുരുക്കെന്നു കുരുക്കില്‍
പിടഞ്ഞവര്‍ ‍തിരിച്ചുചൊല്ലി,യെങ്കിലും  
പാവനം മതിമോഹനം 
മറിച്ചു ചൊല്ലാതോരിക്കലും...
  
വാക്കാല്‍ ചൊല്ലുവാന്‍ എളുപ്പമാകിലും
ദുശ്ശാഠ്യങ്ങള്‍ മുന്‍കോപങ്ങള്‍,
മോഹങ്ങള്‍ കുറച്ചൊക്കെയും....;മാറ്റി വെക്കാം
ശ്രമിച്ചു നോക്കാം കൂട്ടരേ

തളരും തളിരിലകളില്‍
സ്നേഹമാം അമൃതം തളിയ്ക്കാം
അകലും കണ്ണികളില്‍ ‍
പ്രണയം വിളക്കാം.
മുറുകും ചങ്ങലകിലുക്കത്തില്‍
ചേങ്ങില താളം തിരയാം...
പിന്നേറ്റു പാടാം

"തങ്ക നൂലില്‍ കോര്‍ത്ത ബന്ധം 
ബന്ധനം അതിസുന്ദരം "


       _Jithu_
        Abudhabi

Tuesday, March 1, 2011

പ്രേമപത്രം


മാരുതനൊഴുകും മേട പുലരിയില്‍.. 
മാംബൂ മണം പരക്കും മലര്‍മഴ പൊഴിയും...
പറക്കും അപ്പൂപ്പന്‍ താടി,യിലെന്‍
പ്രണയം  ഞാന്‍ കുറിച്ച് വെയ്ക്കും

ജാലകപഴുതിലൂടോതും മന്ത്രണം  
കള്ളി, നിനക്കെന്റെ പ്രേമപത്രമാകെ
ഹരിതവര്‍ണ പട്ടാട ചുറ്റിയ
വയലേലപെണ്ണു കേട്ടിക്കിളി കൊള്ളും..

പുഴയോളങ്ങള്‍ ഞൊറിഞ്ഞുടുക്കും
ആദിത്യനൊരായിരം മുത്തുകോര്‍ക്കും ...
അതിലൊരു മുത്തു ഞാന്‍ കവര്‍ന്നെടുക്കും-സഖി,
നിനക്കായി ഞാനത് കരുതി വെക്കും..
                                          
തൂമഞ്ഞിന്‍ കുളിരും മഴയുടെ പിണക്കവും
വസന്തത്തിന്‍‍ സുഗന്ധവും കനവിന്‍ മധുവും.
പുഞ്ചിരി കുറുക്കുവാന്‍ പകര്‍ന്നു വെക്കും...നിന്‍
പാല്‍പുഞ്ചിരി കുറുക്കുവാന്‍ പകര്‍ന്നു വെക്കും,,,,


 _Jithu_
 Abudhabi