Tuesday, October 27, 2015

നിഴല്‍ക്കനവുകള്‍!

Image result for feather

മാവിന്റെ തുഞ്ചത്ത് തളിരിലക്കിടയില്‍
ഒളിച്ചിന്നുമാ ഗാനം ഞാന്‍ പാടാറുണ്ട്
നിന്നോട് ചൊല്ലുവാന്‍ മടിച്ചവയെല്ലാം
കാറ്റിന്‍ കാതിലാര്‍ദ്രമായ്‌ മൊഴിയാറുണ്ട് !

അരുവി തന്നോരത്ത് നീ വന്നിരിയ്ക്കുമ്പോള്‍
ഓളമായ്‌ ഞാന്‍ നിന്നെ തഴുകാറുണ്ട്
കിലുകിലെ പെണ്ണേ നീ പൊട്ടിച്ചിരിക്കവേ
കൊലുസിന്‍ കിലുക്കം ഞാന്‍ കവരാറുണ്ട്!

അളകങ്ങള്‍ മാടി ഒളിച്ചെന്നെ നീ നോക്കുമ്പോള്‍
രുചകം തഴുകുമൊരു കാറ്റായ്‌ ഞാന്‍ മാറാറുണ്ട്
പൂവൊന്നു നുള്ളി നീ വാസനിച്ചീടവേ
മലര്‍ഗന്ധമായ്‌ നിന്നില്‍ നിറയാറുണ്ട്!

കോപിച്ചു സഖി നീ, കാര്‍മുകിലാകവേ
ഇന്ദ്രധനുസ്സായി ചാരെ വിരിയാറുണ്ട്
പെയ്യാത്ത മേഘമായ്‌ നീയോടി മറഞ്ഞിട്ടും
നിഴലായ്‌ ഞാനിന്നും അരികിലുണ്ട് !

ജിത്തു
വെന്മേനാട്

Tuesday, October 20, 2015

ദേശാടനക്കിളി


Image result for flying bird

ഋതു മാറി വസന്തം വന്ന നേരം
പത്രങ്ങളാനന്ദ നൃത്തമാടും കാലം
കുസുമങ്ങളിതള്‍മഴ  പൊഴിച്ചിടവേ
കിന്നാരമോതി,ക്കിളിയരികിലെത്തി

കളിപറഞ്ഞായിരം കഥ പറഞ്ഞു
കാതങ്ങള്‍ക്കപ്പുറമുള്ളോരു കാഴ്ച തന്നു
കിളിപ്പാട്ടിനീണത്തില്‍ കവിത മൂളി
കാതരയായവള്‍ അരികില്‍ നിന്നു

കായ്ക്കനികള്‍, തരുവും പകുത്തു നല്‍കി
മലരില്‍ ഒളിപ്പിച്ചു മധു പകര്‍ന്നു
അനുരാഗമുന്മത്ത ലഹരിയായ്‌ പടരവേ
കരളിന്‍ ചില്ലമേലാക്കിളി കൂട് കൂട്ടി

കാലങ്ങളതിദ്രുതം കൊഴിഞ്ഞീടവേ
ജരയായ്‌ നരയായ്‌ ഇലകളടര്‍ന്നു വീണു
യാത്രമൊഴിയോതാതാക്കിളിയെങ്ങോ
മറ്റൊരു പൂക്കാലം തിരഞ്ഞകന്നു.

കാറ്റില്‍, മഴയില്‍, പൊരി വെയിലില്‍
ചില്ലയിലാ കൂട് തെല്ലുമേ ഉലഞ്ഞിടാതെ
മറ്റൊരു കിളിപോലും പാര്‍ത്തിടാതെ
മരമിന്നുമേകനായവളെയും കാത്തു നിന്നു

ശിശിരം കൊഴിഞ്ഞു; പൊള്ളും വേനലും വന്നു
വസന്തം വരുമെന്നോതി; മഴ പെയ്തു തോര്‍ന്നു
കാലങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു
എന്തേ, ഇണക്കിളി മാത്രമണഞ്ഞതില്ല !!

ജിത്തു
വെന്മേനാട്

Saturday, October 17, 2015

കുടുംബം

Image result for FAMILY


അച്ഛന്‍

ഇടറി വീഴേണ്ടി വന്നു
തനിച്ചു നിന്നതെങ്ങിനെയെന്നറിയാന്‍.
ആ കരങ്ങളുടെ ബലമറിയാന്‍ !

അമ്മ

അമ്മതന്‍ പൊരുളെന്ത്
അറിയില്ലയെന്നാല്‍,
അമ്മയാണെല്ലാം;
അറിയാമതു താന്‍ സത്യം !

കൂടെപ്പിറപ്പ്

തമ്മില്‍ തല്ലാനും
തല്ലിയവനെ തല്ലാനും
തനിച്ചല്ല ഞാനെന്നു ഉറക്കെ പറയാനും
എന്നും അവനുണ്ട് കൂടെ ............... തെമ്മാടി !!

ഭാര്യ

ഇലപൊഴിഞ്ഞ
വെറുമൊരു ശിഖരമാണ് ഞാന്‍
നീയെന്ന വാസന്തം അരികിലില്ലെങ്കില്‍ !!

മക്കള്‍

സമ്പാദ്യം

"നല്‍കുവാന്‍ അച്ഛനേറെയില്ലൊന്നും
നീ തന്നെയെന്‍ സ്വത്തതു നീയു,മറിയുക"

JITHU
VENMENAD

Sunday, October 11, 2015

ഓലക്കുടിൽ

Image result for ഓലപ്പുര

1
ഇറ്റി വീഴുന്നു
കരിയോലത്തുമ്പിൽ
നീർക്കണങ്ങൾ

2
ചോരുന്ന കൂര
കോടിയ പാത്രത്തിൽ
സംഗീത മഴ

3
ചിരവ, കലം
വാതിലുകളടയുന്നു
താഴുകളില്ലാതെ

4
പ്രഭാതമായി
ഓലക്കീറിലൂടെത്തി
നോക്കി സൂര്യന്‍

5
വിരുന്നുകാർ
അമ്മക്കിന്നുമന്തിയ്ക്ക്
വിശപ്പില്ലത്രേ!!

ജിത്തു
വെന്മേനാട്