Tuesday, October 20, 2015

ദേശാടനക്കിളി


Image result for flying bird

ഋതു മാറി വസന്തം വന്ന നേരം
പത്രങ്ങളാനന്ദ നൃത്തമാടും കാലം
കുസുമങ്ങളിതള്‍മഴ  പൊഴിച്ചിടവേ
കിന്നാരമോതി,ക്കിളിയരികിലെത്തി

കളിപറഞ്ഞായിരം കഥ പറഞ്ഞു
കാതങ്ങള്‍ക്കപ്പുറമുള്ളോരു കാഴ്ച തന്നു
കിളിപ്പാട്ടിനീണത്തില്‍ കവിത മൂളി
കാതരയായവള്‍ അരികില്‍ നിന്നു

കായ്ക്കനികള്‍, തരുവും പകുത്തു നല്‍കി
മലരില്‍ ഒളിപ്പിച്ചു മധു പകര്‍ന്നു
അനുരാഗമുന്മത്ത ലഹരിയായ്‌ പടരവേ
കരളിന്‍ ചില്ലമേലാക്കിളി കൂട് കൂട്ടി

കാലങ്ങളതിദ്രുതം കൊഴിഞ്ഞീടവേ
ജരയായ്‌ നരയായ്‌ ഇലകളടര്‍ന്നു വീണു
യാത്രമൊഴിയോതാതാക്കിളിയെങ്ങോ
മറ്റൊരു പൂക്കാലം തിരഞ്ഞകന്നു.

കാറ്റില്‍, മഴയില്‍, പൊരി വെയിലില്‍
ചില്ലയിലാ കൂട് തെല്ലുമേ ഉലഞ്ഞിടാതെ
മറ്റൊരു കിളിപോലും പാര്‍ത്തിടാതെ
മരമിന്നുമേകനായവളെയും കാത്തു നിന്നു

ശിശിരം കൊഴിഞ്ഞു; പൊള്ളും വേനലും വന്നു
വസന്തം വരുമെന്നോതി; മഴ പെയ്തു തോര്‍ന്നു
കാലങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു
എന്തേ, ഇണക്കിളി മാത്രമണഞ്ഞതില്ല !!

ജിത്തു
വെന്മേനാട്

6 comments:

  1. ഇത് നന്നായിട്ടുണ്ട്

    ReplyDelete
  2. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ :)

    നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ഈ ബുദ്ധി എന്തേ മുന്‍പേ തോന്നിയില്ല വിജയാ. :D

      സ്നേഹം <3

      Delete
  3. ഇത് കവിത എന്ന് പറയാം... ആശംസകൾ ജിത്തു...

    ReplyDelete