Friday, April 29, 2016

പരീക്ഷ

Image result for EXAM

ഇനിയുമേറെ പഠിക്കുവാനുണ്ട്.
താളുകളിനിയും മറിയ്ക്കുവാനുണ്ട്.
ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവ
ഒരുവട്ടം കൂടി ഉരുവിട്ടു നോക്കണം

കൂട്ടിക്കിഴിക്കലും ഗുണനഹരണവും
ഒരിക്കലും ചേരാകണക്കുകൾ ചേരവേ
ശിഷ്ടങ്ങളെന്നും ശൂന്യമായ് മാറും
മാന്ത്രിക ഗണിതവുമറിയുവാനുണ്ട്

ബന്ധങ്ങള്‍ ദൃഢമാകാൻ ഭാഷയറിയണം
വാക്കുകള്‍ മുറിവുകള്‍ തീർക്കുമതറിയണം
നല്ല മൊഴികള്‍ കേട്ടു പഠിക്കണം
അക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണം

മുൻപേ നടന്നവര്‍ കോറിയ ചിന്തുകൾ
ചരിത്രമായ സംസ്ക്കാര ചിത്തങ്ങൾ
നേർവഴിയറിയുവാൻ മനഃപാഠമാക്കണം
അടിത്തെറ്റിയാലവ കൈത്താങ്ങാകണം

വഴിവിളക്കിന്നോരത്ത് ചൊല്ലി പഠിക്കണം
വഴികാട്ടുമനുഭവങ്ങളോർത്ത് വെയ്ക്കണം
വീഴ്ചകൾ മറക്കണം തെറ്റുകള്‍ തിരുത്തണം
പടവുകളോരോന്നായ് ചവിട്ടി കയറണം

ചോദ്യങ്ങളോരോന്നായ് കാലങ്ങള്‍ നീട്ടുമ്പോൾ
ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കണം

ജിത്തു
വെന്മേനാട്

Friday, April 15, 2016

ഇണക്കിളിയുടെ പരിഭവങ്ങൾ !

മിണ്ടേണ്ട, നീയെന്നരികിൽ വരേണ്ട പഞ്ചാരവാക്കാലെന്നെ മയക്കേണ്ട മധുരിത സ്വപ്‌നങ്ങളെത്ര നീ നീട്ടി പാവമാമീ ഞാന്‍ നിന്നിൽ കുരുങ്ങി ! മാണിക്യക്കല്ലഴകുള്ളൊരു മാല പൂമലമേട്ടിൽ ചോരാത്തൊരു കൂര മംഗലം കൂടുവാൻ ചേലുള്ള ചേല പലവട്ടം ചൊന്നെല്ലാം പാഴ് വാക്കുകളായി ! മണിമലർക്കാവിലെ വേലയ്ക്ക് പോകാന്‍ പകലന്തിയോളം കാത്തുനിന്നില്ലേ മൂവന്തിനേരത്ത് കൂട്ടരുമൊത്ത് പനങ്കള്ളു കുടിച്ചെന്നെ പള്ളു പറഞ്ഞില്ലേ ! മൂവാണ്ടൻ മാവിന്റെ മണ്ടേലിരുന്നിട്ട് പൂവാലിക്കിളിയോട് കിന്നാരമോതീല്ലേ മനസാക്ഷിയെന്നൊന്ന് മനസ്സിലുണ്ടെങ്കിൽ എന്നെയോർക്കേണ്ട,യീ മക്കളെയോർക്കൂല്ലേ ! മിണ്ടേണ്ട, നീയെന്നരികിൽ വരേണ്ട പഞ്ചാരവാക്കാലെന്നെ മയക്കേണ്ട മധുരിത സ്വപ്‌നങ്ങളെത്ര നീ നീട്ടി പാവമാമീ ഞാന്‍ നിന്നിൽ കുരുങ്ങി ! ജിത്തു വെന്മേനാട്

Tuesday, April 12, 2016

പ്രണയാര്‍ദ്രംഋതു

Image result for gulmohar photos പൂത്തുലഞ്ഞാടും പൂമരച്ചില്ലമേൽ എത്രയോ കിളികള്‍ കൂടു കൂട്ടി പൂവാലൻക്കാറ്റുപോലരികിലണഞ്ഞിട്ട് എത്രപേര്‍ കിന്നാരം ചൊല്ലി മാഞ്ഞു ചിലര്‍ വന്നു ഹൃദയം കവര്‍ന്നു പോയി ചിലര്‍ ചെളിവാരിയെറിഞ്ഞു പോയി ചിലരെല്ലാം കനികൾ പറിച്ചു പോയി ഋതുഭേദമെത്രയോയിതുവഴി കടന്നു പോയി പുതുമഴകളും വന്നു,വരികിലിരുന്നു അകമാകെ കുളിരായൂർന്നിറങ്ങി വേനലും വന്നുവീ കരളിലിരുന്നിട്ട് തീക്കനല്‍ വാരിയെറിഞ്ഞകന്നു പേരറിയാത്തോർ നേരിൻറെ നാട്ടുകാർ വരണ്ട മൺചുവടിറ്റു നനച്ചു തന്നു കാഴ്ചകളേറെ കണ്ടൊരാ പഥികരും തെല്ലിടനിന്നു പാഴ് ചില്ലയിറുത്തു തന്നു. വാസന്തം വന്നു ശിശിരമണഞ്ഞു ദിനരാത്രം,യാന്ത്രികം യാത്ര തുടര്‍ന്നു പൂത്തും തളിർത്തും ഇലകള്‍ പൊഴിച്ചും തിരശ്ശീലയ്ക്കുളളിൽ കാലം കഥമെനഞ്ഞു . ജിത്തു വെന്മേനാട്

Thursday, April 7, 2016

തെന്നൽ

Image result for digital art desktop backgrounds പാതയോരത്തെ പുൽനാമ്പിനോടും പുഴയിലെ ചെറുതോണി, മീനിനോടും പാൽപ്പുഞ്ചിരിത്തൂവും കാട്ടുമുല്ലയോടും പതിവായി കളിചൊല്ലിയവൻ നടന്നു പാടവരമ്പത്തും മാൻകുന്നിലും മേട്ടിലും പറവപോലഴിഞ്ഞാടിയവൻ പറന്നു പടിഞ്ഞാറൻ കാറ്റായവൻ വരുമ്പോള്‍ ഉപഹാരമായ് കായ്ക്കനികൾ തന്നു പാഴ്മുളംത്തണ്ടിൽ മൂളിപ്പാട്ടീണവുമായ് പൂപ്പെണ്ണിൻ ചാരേയുമവനണഞ്ഞു പ്രണയത്തിൻ നനവുള്ള നിനവുകണ്ട് പഞ്ചാരവാക്കിൽ അവൾ മയങ്ങി. പൂപ്പട്ടുമേനി തഴുകി തലോടി നാളുകള്‍ പിന്നെയും കടന്നു പോയി ഗന്ധം കവർന്നവനോടി മാഞ്ഞു മലർമണം നാടാകെ പരന്നൊഴുകി വാടി തളര്‍ന്നു പൂ താഴെ വീണു വിരിയാതടർന്ന കിനാവ് പോലെ പലഗന്ധമണിഞ്ഞിതു വഴി പിന്നെയും ചോരനെ പോൽ തെന്നൽ പതുങ്ങി വന്നു. ജിത്തു വെന്മേനാട്