Wednesday, July 22, 2015

ഉത്സവംവെൺചാമരമാലവട്ടം
പലവർണ്ണ പട്ടുകുട
നിരനിരയായഴകോടെ
കരിവീരർ നിൽക്കുന്നു

വഴി നീളെ  വാണിഭങ്ങൾ
ഹൽവ പൊരി മുട്ടായി
ചുവപ്പിച്ച ചുണ്ടുമായി
ബാല്യമോടി കളിയ്ക്കുന്നു

കൺമഷി കുപ്പിവള
ചേലോടെ തരുണികൾ
കളിയോതി കൗമാര
കുതുകികൾ തൊട്ടരികെ

നീലക്കാളി കരിങ്കാളി
പലനിലക്കാവടികൾ
കുതിര കാള തെയ്യങ്ങൾ
മിഴികളില്‍ വിരുന്നായി

പഞ്ചവാദ്യം  നാഗസ്വരം
രാഗങ്ങള്‍  തകർക്കുന്നു
കേട്ടാമോദം ആലിലകൾ
മനമൊന്നായാടുന്നു

നൃത്തച്ചുവടുമായ് ഭഗവതി
ഉറഞ്ഞിതാ തുള്ളുന്നു
കൊഴുക്കുന്നു പഞ്ചാരി
ആരവങ്ങളുന്നതിയായ്

അങ്ങു ദൂരെ കേൾക്കുന്നു
ചെണ്ട തകിൽ മേളങ്ങൾ
ഇങ്ങക്കരെയെന്നകതാരിലും
കമ്പക്കെട്ടുത്സവ താളങ്ങൾ

ജിത്തു
വെന്മേനാട്

Saturday, July 18, 2015

പിണക്കംഒരു  മുത്തം  തന്നാല്‍  തീരുമോ പിണക്കം
എന്തിനാണിണക്കിളി നിനക്കിത്രയും കോപം

കവിത  വിരിഞ്ഞ  കൺകളിൽ തോഴി
യെന്തിത്ര വേനല്‍  കനലാട്ടം

പൗർണമി വദനത്തിലിന്നമാവാസി
കവിളിണകളിൽ കാർമുകിൽ വിളയാട്ടം

കളി പറഞ്ഞെന്നോട് കഥ പറഞ്ഞ
തേനിതൾ ചുണ്ടില്‍ കയ്ക്കുമൊരു മൗനം

മഴവില്ലു  നിറമോലും സ്വപ്‌നങ്ങള്‍
മധുരിത മനോഹര നുണക്കുഴികൾ

ഇനിയും  നിനക്കായ്‌  ഞാന്‍  തരില്ലേ
ഇണങ്ങുമോയിണക്കിളി ഞാന്‍  പാവമല്ലേ

വാക്കുകള്‍  പാഴ് വാക്കുകൾ മാത്രമെന്നോ
കിനാവുകള്‍  ആഴിയില്‍ മുങ്ങിയെന്നോ

മധുവിധുവിനിയും മനസ്സില്‍  ബാക്കിയല്ലേ
ഒരുനാളെല്ലാമുപഹാരമായ് നൽകുകില്ലേ

വരിതൻ സുഗന്ധമത്,  നീ തന്നെയല്ലേ
നെഞ്ചിലെ  താളവുമെൻ ദേവിയല്ലേ.

ഒരു  മുത്തം  നൽകാം ഞാന്‍  ഓമലാളെ
പിണങ്ങാതെ സഖി, യൊന്നരികിൽ വരൂ...

ജിത്തു
വെന്മേനാട്

Tuesday, July 14, 2015

കാനന വല്ലരി

Image result for കാട്ടു ചെടി

ആരുമാരുമീ വഴി വന്നതില്ലേ
കണ്ടതില്ലേ മനം തന്നതില്ലേ
വിടര്‍ന്ന മലരിതള്‍ ചൂടിയില്ലേ
മലരിന്‍ മധുവിന്നും നുകര്‍ന്നതില്ലേ

കൊതിതീരെ ശലഭങ്ങള്‍ മുത്തിയില്ലേ
കനവിലെ പ്രണയം ചൊല്ലിയില്ലേ
തേൻ നുകര്‍ന്നാരും പാടിയില്ലേ
ഒരു രേണു പോലും തൊട്ടതില്ലേ

ഇഷ്ടങ്ങള്‍ നീയും കൊതിച്ചുവെന്നോ
ഇതളുകളവനിയില്‍ പൊഴിഞ്ഞുവെന്നോ
വാടിയതെന്തിനു കാനന വല്ലരി  
നിറഞ്ഞു ,നീ നിന്നാടിയ വനിയില്‍

ആഴിയില്‍ മുങ്ങിയ ദിനകരന്‍ പോലും
രാവ് കഴിഞ്ഞിങ്ങു വന്നതോര്‍പ്പൂ
വഴിയില്‍ ഇരുളില്‍ കാല്‍ വഴുതിയാലും
വഴി മറക്കാതെ ചിരിച്ചതോര്‍പ്പൂ

കുളിരുള്ളൊരു തെന്നല്‍  വരവുണ്ട്
കിഴക്കന്‍ വാനിലൊരു മഴമുകിലുണ്ട്
തളരാതെ സൂനമേ, പുഞ്ചിരി തൂവൂ
നിനക്കായൊരു വാസന്തം അരികിലുണ്ട് ..

ജിത്തു
വെന്മേനാട്

Sunday, July 12, 2015

ഭീഷ്മര്‍

Image result for bheeshma

പാര്‍ത്ഥന്‍ നയിക്കും
തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന
ഭീഷ്മരായിന്നു ഞാന്‍.

ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു
പ്രണയമെന്നുള്ളില്‍ പണയമായ്‌ ...."

കത്തും വാക്കാല്‍
അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്‌.
നിരായുധനായീ ഗംഗാ‍പുത്രനും .

നിന്നെ മറതീര്‍ത്തു
ഒളിയമ്പുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്

പണ്ടോര്‍ക്കാതെ ചെയ്തൊരാ തെറ്റിന്‍
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ,
നൊന്തതില്ലത്രമേല്‍
ശരമുനകളെങ്കിലുമെന്‍ -ദേവി,
നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്....!!!

ജിത്തു
വെന്മേനാട്

Thursday, July 9, 2015

ചില നുറുങ്ങുകള്‍

നിയമം

"മണിച്ചിത്രത്താഴിട്ടു പൂട്ടിയത്
 മണി ഉണ്ടേല്‍ തുറക്കുന്നത് ..

മതം

"എല്ലാം നല്ലത്
 പുസ്തകം തിന്നുന്നവര്‍ ഒഴികെ ..."


മതേതരത്വം

"ദൂരം ഒന്ന് എങ്കിലും
 ഒരിടത്തേയ്ക്ക് മാത്രം
 തുറയ്ക്കുന്ന നടപ്പാത"


സദാചാരം

"നാണം ഉള്ളവന് ധരിക്കാം
 ഇല്ലാത്തവനു വേണ്ടെന്നു വെയ്ക്കാം .. "
 ( അടിവസ്ത്രം )

രാഷ്ട്രീയം

" വെള്ളത്തുണിയില്‍
 പൊതിഞ്ഞു വെച്ച ജീര്‍ണ്ണത "
 ( ശവം !! ) 

Friday, July 3, 2015

വൃത്തം + ചതുരം

Image result for തവള

വൃത്തം

തെളിനീര്‍
പകരുവാന്‍
അഗ്നിമൂലയില്‍
കുടിയിരുത്തിയിട്ടുണ്ട്
രാകി മിനുക്കിയ ചെങ്കലുകള്‍
വട്ടത്തില്‍ പാകിയടുക്കിയ
ആഴമേറെയുള്ളോരു കിണര്‍ .....!!

ചതുരം

മറ്റൊരു മൂലയില്‍
നാലു കോണിലും
മൂര്‍ച്ചയുമായി
നീന്തിതുടിയ്ക്കുവാന്‍
നീലിമയുടെ സൗന്ദര്യവുമായി
വറ്റി വരണ്ട വെയിലില്‍
കിണറില്‍ ഉറവ പകരാന്‍
താമ്രപര്‍ണ്ണി ...

ഞാന്‍ കൂപമണ്ഡൂകം
നീ ഹംസം

ജിത്തു
വെന്മേനാട്