Thursday, January 30, 2014

ജനുവരി 30

 ( ഒരോര്‍മ്മ ! )

ഓര്‍ക്കാന്‍ ആരുമില്ലാതെ 
തേഞ്ഞ പാദുകങ്ങളില്‍ 
പൊടിഞ്ഞ ചോരയും 
പൊട്ടിയ കണ്ണാട ചില്ലില്‍ 
ചിതറിയ മണ്ണിന്‍ അതിരുകളും 
പിന്നെയും നമ്മെ നോക്കി 
കരഞ്ഞു കൊണ്ടേയിരുന്നു ....

ഹേ റാം ..

Wednesday, January 29, 2014

തിരയുന്നത്......!!!

കരഞ്ഞു തീര്‍ത്ത  
മഴവെള്ള ചാലുകളില്‍ 
കളിവള്ളം ഒഴുക്കി 
രസിക്കുകയാണ് ഞാന്‍ ..!!

കൊടും ചൂടില്‍ പൊള്ളിയമര്‍ന്ന 
പാടങ്ങളില്‍ 
ബാക്കി വെച്ച പതിരുകളില്‍ 
വീണു പോയ കതിരുകള്‍ 
തിരഞ്ഞു നടക്കുകയാണ് ഞാന്‍ ...!!

പാറക്കൂട്ടങ്ങളോട് 
തല തല്ലി പതം പറഞ്ഞ 
കടലിന്‍ മനം തേടി 
മുങ്ങാം കുഴിയിട്ടു 
ആഴങ്ങള്‍ തിരയുകയാണ് ഞാന്‍ ..!!

ജിത്തു 
വെന്മേനാട് 

Saturday, January 25, 2014

ചില പരീക്ഷണങ്ങള്‍ ...!



വിരഹം

വേനല്‍ മഴ കാത്തിരിയ്ക്കും
നീരു വറ്റിയ പുഴയുടെ മാറില്‍
പൊള്ളുന്ന മണല്‍ .....!

പ്രണയം

ഉച്ച വെയിലില്‍ പൊള്ളിയടര്‍ന്നാലും
സന്ധ്യ ഇരുളില്‍ ഓടിയകന്നാലും
സൂര്യനെ കാത്തിരിയ്ക്കുന്ന പുലരിയും
പുലരിയില്‍ കള്ളചിരിയുമായ്
അവളെ തേടി വരും സൂര്യനും ...!

ഓര്‍മ്മകള്‍

അന്ധകാരത്തില്‍
പര്‍വ്വത ശിഖരത്തിന്‍ ഉയര്‍ച്ചയില്‍
എവിടെ പോയ്‌ നീ മറഞ്ഞാലും
നിന്നെ തേടി വരും
ഇന്നലെയുടെ നിഴലുകള്‍ ..!

സ്വപ്‌നങ്ങള്‍

കൊഴിഞ്ഞ പൂവിനെ നോക്കി
വാടി തളര്‍ന്ന ചെടിയുടെ
മനസ്സില്‍ കാത്തു വെച്ച പൂമൊട്ടുകള്‍ .....!

മരണം

എത്ര നിഷേധിച്ചാലും
അവളുടെ പ്രണയം
എത്ര തട്ടിയെറിഞ്ഞാലും
കാത്തിരിയ്ക്കുംമവളുടെ പ്രണയം
സഫലമാവാതിരിക്കുന്നതെങ്ങിനെ ..!

ജനനം

പ്രതീക്ഷയുടെ തിളക്കം
കണ്ണില്‍ പകരുന്ന
പുത്തന്‍ കാഴ്ചകള്‍ ...
ഉദയകിരണമേല്‍ക്കും
മഞ്ഞു തുള്ളിയുടെ സ്വപ്നം..!

നിദ്ര

തേഞ്ഞു തീര്‍ന്ന ചെരുപ്പുകളില്‍
കലപ്പയെന്തിയ ചുമലുകള്‍
എല്ലാം മറന്നു കാണും
ചരല്‍ ഇല്ലാത്ത
വഴിയോര കാഴ്ചയുമായി
ഒരു വഴിയമ്പലം ..!

Wednesday, January 22, 2014



മഴ

സൂര്യനോട് പിണങ്ങി
കരയുകയാണ്
മേഘങ്ങള്‍

മഴവില്‍

പിണങ്ങിയിരുണ്ട
കാര്‍മേഘ പെണ്ണിന്‍
കവിളില്‍ ഉമ്മ കൊടുത്തു സൂര്യന്‍

കാറ്റ്

മഴവില്ല് കണ്ടു
അസൂയ മൂത്തു
കട്ടുറമ്പായി കുശുബി കാറ്റ്..

ഭൂമി ..

പ്രണയ ലീലകള്‍
കണ്ടു നാണിച്ചു
രോമാഞ്ചം കൊണ്ടു തരുവും മണ്ണും ..

  _jithu_
Venmenad


Saturday, January 18, 2014

സ്നേഹരാഗം !












താരകളെ എന്‍ പ്രണയമാ അലതന്‍
ഞൊറികളില്‍ മിന്നുമതു നിനക്ക് കാണാം.
തുളുമ്പിയൊഴുകും മനമീ മണല്‍ത്തീരമതില്‍
നിന്‍പേര്‍കുറിയ്ക്കുമതു നിലാമഴയില്‍ കാണാം !!

മോഹിനി നിന്നെ കുറിച്ച് പാടും വരികള്‍
മൂളി വരുമൊരു തെന്നലില്‍ കേള്‍ക്കാം
മൗനത്തിന്‍ സുഗന്ധം നിശാഗന്ധിതന്‍
മനമതിലെന്‍ സ്വപ്നം വിതയ്ക്കുവതറിയാം !!

മിഴിയിലൊളിപ്പിച്ച സ്നേഹരാഗമൊരു
മുളംത്തണ്ടിലുതിര്‍ന്നു വരുവതുമറിയാം
സന്ധ്യാംബരം ലജ്ജയാല്‍ തുടുത്തതില്‍
കാത്തു വെച്ച മുത്തം ചുവപ്പതു കാണാം .!!

ഇലകള്‍ ചുംബിച്ചുണര്ത്തും മോഹങ്ങള്‍
അടരാന്‍ മടിയ്ക്കു തുഷാരകണങ്ങളായ്
നിന്നിലലിയാന്‍ കൊതിയ്ക്കുമെന്‍ കനല്‍
കനവുപോല്‍ പറ്റിപിടിച്ചിരിയ്ക്കുവതുമറിയാം !!

പ്രാണേശ്വരന്‍ അരുണനലയും വാനില്‍
പാര്‍വ്വണേന്ദുവുമൊരി,ത്തിരി നേരമിരിയ്ക്കാന്‍
ഇണയെ തിരയും പിറാവിന്‍ കുറുകലായ്
ഇരവില്‍ തേടിയലയുമീയെന്നെയും കാണാം ..!!

_ജിത്തു_
വെന്മേനാട്

സമര്‍പ്പണം : എന്റെ പ്രിയതമയ്ക്ക്  ;)

Wednesday, January 15, 2014

കിളിക്കൂട്‌ .















എന്തൊരു ചേലാണ് കുഞ്ഞിന്‍ 
കുസൃതികളെന്നാലും- കലി കാലം  
കാണ്‍കെ,യറിയാതെയുള്ളില്‍ 
പുകയുന്നു പൂങ്കോഴിയച്ഛനു,മമ്മയും   

അങ്കവാലും വിരിഞ്ഞമാറുമായ് 
കാവല്‍ നില്‍ക്കുന്നുവച്ഛനും 
അരികിലായ്‌ തന്നെ അമ്മയും 
കാതോര്‍ത്തു നില്‍പ്പുണ്ട് ചുറ്റിലും 

ഇളം മേനിയില്‍ കണ്‍നട്ടു  
പറക്കുന്നു കാലന്‍ പരുന്തു
വിഷപ്പല്ലുമായി പതുങ്ങി 
ചിരിപ്പുണ്ട് അക്ഷിശ്രവസ്സ്

കണ്ണൊന്നു തെറ്റിയാല്‍ 
ഓമനക്കുഞ്ഞിനെ റാഞ്ചാന്‍ 
തക്കത്തില്‍ പാറി അടുക്കും  
കാകനെ ചീറിയകറ്റുന്നുവമ്മ 

ഏഴരവെളുപ്പിനുണര്‍ന്നെ-  
ന്നുമയലത്തെ തമ്പ്രാന്റെ  
അടുക്കള-മുറ്റത്തും പാടത്തും 
പറമ്പിലുമന്നം ചികയുന്നുവ,ച്ഛന്‍

"കേള്‍ക്കൂ, കാതോര്‍ത്തിരിയ്ക്കണം" 
കൊത്തി ചികയും അച്ഛന്റെ 
കാതില്‍ ; കൊക്കി ചൊല്ലുന്നു 
ചകിതയാം പുള്ളി പൂങ്കോഴിയമ്മ 

അമ്മചിറകിന്‍ കീഴെ ഒളിച്ചൊന്നു
താതനുമൊത്തു കണ്ണാരം കളിയ്ക്കുന്നു,
ലോകമറിയാത്ത കുഞ്ഞു പൈതല്‍ 
കൊഞ്ചി ചിരിയ്ക്കുന്നു കിയോകിയോ...!!

 _ജിത്തു_

വെന്മേനാട്

Wednesday, January 1, 2014

കാര്‍വണ്ട്‌



പൂവേ നിന്‍ നിറമല്ല
പടരുന്ന മണമല്ല
മേനിതന്‍ അഴകല്ല
വശ്യമീ വദനമല്ല

ഉള്ളിലെ നനവാണ്
മലരിന്‍ മധുവാണ്
മധുവിന്‍ മധുരമാണ്
കുസുമമേയീ മധുപന്‍

മമ മനമതില്‍ നിന്നെ
തേടി വന്ന പ്രണയം

ജിത്തു


തനിയാവര്‍ത്തനം












ഒരു പൂ വാടി പൊഴിയും പോല്‍
പുസ്തകത്താള്‍ മറിയും പോല്‍
ഈ സന്ധ്യ മാഞ്ഞിരുള്‍ പുല്‍കും
ആകാശ ചരുവിലൊരു സൂര്യന്‍ ,
നാളെയൊരു പുതുപുലരിയുമായ്‌
പിന്നെയും നിന്നെ കാത്തിരിയ്ക്കും

അക്കങ്ങളില്‍ കൊഞ്ഞനം  കുത്തി
അതിലൊരു തരി കുട്ടി കുറുമ്പ് കാട്ടി
കോമാളി വേഷം കെട്ടിയാടിയാടി  
വീണ്ടുമാ കാലവും നമ്മെ ചിരിച്ചു കാട്ടും

ഇന്നലെകള്‍ കടം വാങ്ങിയിന്നുകളും
ഭാവഭേദങ്ങള്‍ പകരാതെ ഘടികാരവും
സംഖ്യങ്ങള്‍ മാത്രം മുന്നോട്ടു തള്ളി
കൈചോര്‍ന്നു  നാളെയും കെട്ടടങ്ങും

കൊഴിയും പൂ നോക്കി മൊട്ടുകള്‍
പുന്ചിരിയ്ക്കും,- പിന്നെയും പൂവിരിയും,
തനിയാവര്‍ത്തനങ്ങള്‍ കണ്മുന്നില്‍
നടമാടുമതു മറന്നു നാം തിമിര്‍ത്താടും

ജിത്തു 
വെന്മേനാട്