Friday, February 21, 2014

പുസ്തകം



കെട്ടുപിണഞ്ഞ അക്ഷരങ്ങളില്‍
ഒളിപ്പിച്ചു വെച്ച നിഗൂഡതകള്‍ തേടി
മഷി പടര്‍ന്ന താളുകളില്‍ അലയുകയായിരുന്നു ഞാന്‍ ..!!

ഒരു മെഴുകുത്തിരി വെട്ടത്തില്‍
താളുകള്‍ മറിയും തോറും
അറിയും തോറും
എത്തി പിടിയ്ക്കാനാകാതെ
വരികള്‍ക്കിടയില്‍  നീ ഒളിച്ചിരുന്നു  ....!

ഒടുവില്‍ ,
വായിച്ചു തീരും മുന്‍പേ
ആരോ കട്ടെടുത്ത കഥയില്‍
ഇനിയും പൂരിപ്പിയ്ക്കാന്‍ ആകാത്ത സമസ്യകള്‍ മാത്രം ബാക്കി വെച്ചു
ആ പുസ്തകവും ചിതലരിച്ചു ....!!

ജിത്തു 
വെന്മേനാട്

Sunday, February 9, 2014

ഓര്‍മ്മകള്‍



പലകുറിയോര്‍മ്മകള്‍ വിരുന്നു വന്നു
അരികിലായ്‌ എന്തിനോ കാത്തുനിന്നു
അരുതെന്ന് ചൊല്ലി വിലക്കുവാനാ,കാതെ
വിറയാര്‍ന്നു വിരലുകള്‍ വിതുമ്പി നിന്നു

പോയ്മുഖമണിഞ്ഞിട്ടും പടച്ചട്ടയണിഞ്ഞിട്ടും
പടിവാതിലിലെന്നെയും നോക്കി നിന്നു
മനതാരില്‍ തന്ത്രങ്ങള്‍ മെനഞ്ഞു നോക്കി
മറവിതന്‍ ചെപ്പില്‍ ഒരുമാത്രയടച്ചു നോക്കി

പുതുവസന്തങ്ങളേറെ കടന്നു പോയി
നീര്‍ത്തുള്ളികള്‍ മാനസം നനച്ചു പോയി
മായാതെ പിന്നെയും ഉള്ളിന്റെയുള്ളില്‍
കുത്തിയൊലിചൊഴുകിയാ നൊമ്പരങ്ങള്‍ ...!!

അറിയാം നിനക്കെന്നെയിരുളിലും
അടരുവാന്‍ ആവില്ലയൊരുനാളിലും
അഴലായ്‌ നിഴലാ,യെന്നില്‍ മൗനമായ്‌
അകതാരില്‍ നീയെന്നുമൊരു കനലായ്‌ !!

മഴ പെയ്തു മരുവില്‍ കൂട്ട് നിന്നു
മധുരമായ്‌ നീയേകിയ അനുഭവങ്ങള്‍
നോവുന്നുവെങ്കിലും പൊഴിഞ്ഞ മലരേ
ഇനിയെന്നും നീ വെറും ഓര്‍മ്മ മാത്രം .!!

ജിത്തു
വെന്മേനാട്

Friday, February 7, 2014

പല്ലവി....



രാഗമറിയാതെ മീട്ടി വിപഞ്ചികള്‍
താളമറിയാതെ കിലുങ്ങി ചിലങ്കകള്‍
ദേവസുന്ദരി നീയൊരു വീണയായ്
ഞാനതിലോഴുകും മൗന രാഗമായ്‌

കൊഞ്ചും മൊഴികള്‍ പുഴയേറ്റു പാടി
മയൂര നടനമാടി രസിച്ചു പൂമരകന്യകള്‍
അധരമേകിയെന്റെ മോഹങ്ങളില്‍ നീ,
യലിഞ്ഞു ചെരവേ ലജ്ജയാല്‍ മുകില്‍
ചിറകിലോളിച്ചെത്തി നോക്കി ദിനകരന്‍

വികാരതീവ്രം നിന്നോടെനിക്കുള്ള പ്രണയം
യൗവനതീക്ഷ്ണം കവിതേ, യെന്നഭിലാഷകള്‍
ഒന്നായ്‌ ചേര്‍ന്നീടാമിനിയുമാരും വരയ്ക്കാത്ത
നിറങ്ങള്‍ ഉടയാടകളില്‍ സമ്മാനം നല്‍കാം

നീ നല്‍കും വാക്കിലൊരു കവിതയായ്‌
നിന്‍ ഇളംമേനിയില്‍ പ്രണയാര്‍ദ്രനായ്‌
ഒന്നായൊഴുകിടാം കനലുകള്‍ പകുത്തീടാം
പ്രണയകൊടുമുടിയില്‍ തീമഴ പോഴിച്ചീടാം

ജിത്തു 
വെന്മേനാട്

Sunday, February 2, 2014

കുഞ്ഞിപ്പൂവ്



*അമ്മ തൻ ചുംബനമേറ്റു വിടർന്നൊരാ
കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരിപ്പൂവിനെ*
കണ്ടു കൊതിയ്ക്കുന്നു പാര്‍വണതിങ്കളും
ആരോരും കാണാതെ മുത്തം കൊടുക്കുന്നു
തഴുകി പുണരുന്നു വൃശ്ചിക തെന്നലും

കുഞ്ഞിളം പൂവേ, നിന്‍ മിഴിയിലോരായിരം
താരകള്‍ ,നാണിച്ചു നില്‍ക്കുന്നു വാനവും
പാടി നടക്കുന്നു പല്ലില്ലാ മോണയില്‍
മഴവില്ലഴകൊത്ത പാഞ്ചാര ഹാസത്തെ
ദേശങ്ങള്‍ പാറിപറക്കുമാ പൈങ്കിളി പെണ്ണും

കരയാതെ പൊന്നേ തുളുമ്പാതെ കണ്ണുകള്‍
ചിണുങ്ങികരയും മഴ കുഞ്ഞിനെ കാണ്‍കെ
പൊട്ടി കരഞ്ഞോരാ കാര്‍മുകില്‍ പെണ്‍ മുഖം
വാടികരിഞ്ഞപോല്‍ തേങ്ങുന്നുവായമ്മയും

ഒരു നാളും വാടാതെ ചുണ്ടിലെ പുഞ്ചിരി
ഓമന പൈതലേ നീയെന്നെന്നും കാക്കുക
എന്‍ പൂമൊട്ടേ, നീ പൂ പോല്‍ വിടരുക
പനിനീര്‍ ചേലോടെ സുഗന്ധം പരത്തുക

 _ജിത്തു_
വെന്മേനാട് 

(ആദ്യത്തെ രണ്ടു വരികള്‍ക്ക് കടപ്പാട്  P M Narayanan Nambisan Sir  )