Sunday, December 8, 2013

വഴിയമ്പലം


ഭാരമൊട്ടിറക്കി വെച്ച്
ഭാവനകള്‍ മാറ്റി വെച്ച്
മല്‍മുണ്ടൊന്നു നിവര്‍ത്തി
വിശ്രമിക്കുന്നു ഞാനുമീ
വഴിയമ്പലത്തില്‍

തിരിഞ്ഞു നോക്കിയാല്‍
താണ്ടിയ പാതകള്‍
വഴികാട്ടിയ സ്തംഭങ്ങള്‍
തണല്‍ മരങ്ങള്‍ ആരാമങ്ങള്‍

പൂക്കള്‍ പലവിധം
പൂത്തുലഞ്ഞു നില്‍പ്പൂ
പുഞ്ചിരി തൂവിയി,ന്നിന്‍
പുതുകിനാക്കള്‍ പോല്‍

വീണു കിടപ്പുണ്ട്
വിരിയാതടര്‍ന്ന മലര്‍
വിസ്മൃതിയില്‍ പൊഴിഞ്ഞ
പാഴ് കിനാവ്‌ പോല്‍

കൊതിച്ചു നില്‍ക്കും പ്രസൂനം
കാത്തു വെച്ച സ്വപ്നങ്ങള്‍
പ്രണയിച്ചു പാടുന്നു
പറവകളൊരായിരം
താരാട്ടിലാടുന്നു ആലിലകള്‍

അരികിലൊരു കുംഭം
അതിലിറ്റു തണ്ണീര്‍
വരളുന്ന തൊണ്ടയില്‍
പ്രത്യാശയാം അമൃതം

മടങ്ങുന്നു ഞാനും
മുന്നോട്ടു പോകുവാന്‍
മാറാപ്പില്‍ കരുതുന്നു
മുന്‍പാരോ ചുമരില്‍
കോറി വെച്ച വാക്കുകള്‍
തീരാത്ത കാഴ്ചകള്‍
പാഠങ്ങള്‍ പാതകള്‍

കുറിച്ച് വെക്കുന്നു ഞാനു-
മീ വഴിയമ്പലത്തില്‍
കണ്ട കാഴ്ചകള്‍
കാലില്‍ , തടഞ്ഞ കല്ലുകള്‍
കഠിനമാം പാതകള്‍

വഴിതെറ്റിയീ
വഴിയമ്പലത്തില്‍
നാളെയൊരുനാള്‍
സ്വപ്‌നങ്ങള്‍ തേടിയൊരാള്‍
വരുന്നുവെങ്കില്‍

നേര്‍വഴി കാട്ടുവാന്‍
പകര്‍ത്തി വെക്കുന്നു
ഇന്ന് നിന്‍ ചുമരില്‍
എന്‍റെ കണ്ണുകള്‍
എന്‍റെ മുറിവുകള്‍

വഴിയമ്പലമേ വിട......................

  _Jithu_
Venmenad

4 comments:

  1. വഴിയമ്പലത്തിലൊരു വിശ്രമം!

    ReplyDelete
    Replies
    1. തെല്ലിട മാത്രം............ !

      Delete
  2. ജീവിത വഴിയമ്പലങ്ങൾ..
    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി .

      Delete