Wednesday, December 17, 2014

അഹം ( ഭാവം )


പുതുമകള്‍ മറന്നുപോയൊരു
ശീലുകള്‍, പഴയ പാഠങ്ങളീ
പെരുവഴിയിലുച്ചത്തില്‍ ചൊന്നു
നിന്നെ വിളിച്ചതും പഠിച്ചതും
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ഒഴിയാതെ പെയ്ത പെരുമഴയില്‍
നനഞ്ഞു ഞാന്‍, പുതു മണ്ണിലും
പുല്‍ക്കൊടിയിലും,ഒരുമാത്രയെന്‍
കുഞ്ഞിനൊരു പേര് തിരഞ്ഞത്
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

വഴികാട്ടിയാം സ്തംഭങ്ങള്‍ നിങ്ങള്‍
വെറുമൊരു പാരായണികന്‍, ഞാന്‍
വഴിതെറ്റിയലയുന്ന പൈതമിന്നും.
വെറുംവാക്കിലര്‍ത്ഥം ചികഞ്ഞത്-
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

കവിയെന്നു കളിയായി,കളി കൂട്ടുകാര്‍
വാക്കില്‍ കഷായം പകര്‍ന്ന നാളിലും
മടുക്കാതെ തോഴി -അലഞ്ഞു ഞാന്‍
തിരഞ്ഞിട്ടും തിരഞ്ഞിട്ടുമകന്നു നീ
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ജിത്തു
വെന്മേനാട്

4 comments: