Saturday, September 24, 2011

പാടം


മെതികഴിഞ്ഞാളൊഴിഞ്ഞ പാടം
കുളിര്‍ക്കാറ്റും കിളികളും
കളിയാടും കളമിന്നു ശൂന്യം

മധുരം പകര്‍ന്ന നെഞ്ചിലിന്നു
കരിഞ്ഞടര്‍ന്ന പാടുകള്‍
കനി തിന്നു വളര്‍ന്നവര്‍
നിനക്കേകിയ വിഹിതം..

മെലിഞ്ഞുണങ്ങിയ മേനി നിറയെ....
മുറിവ് തീര്‍ത്ത വിള്ളലുകള്‍....
രക്തത്തിന്‍ പാടുകള്‍...
കറങ്ങി പറക്കും മാംസദാഹിയാം
കഴുകന്‍ കണ്ണുകള്‍ ചുറ്റും..

കാതോര്‍ക്കെ കേള്‍ക്കാം തേങ്ങല്‍..
കരയാതിരിയ്ക്കുക..     

തിരയാം നമുക്കിനിയുമീ
പതിരിലുമൊരു തരി
കതിരെങ്കിലും കാണാം..
നനയ്ക്കാം സ്വപ്നമാ
ശേഷിക്കും കതിരിലും..

വെയില്‍ മായും
മഴ നാണിച്ചു ചിരിക്കും  ...
കരിഞ്ഞമര്‍ന്ന മണ്ണി-
ലിനിയും പാടും പറവകള്‍
ആടും മയിലുകള്‍-
എന്നും കേള്‍ക്കും  
തുഞ്ചന്റെ തത്ത തന്‍
നാട്ടു പാട്ടിന്റെ ശീലും

_Jithu_ 
 Abudhabi

Sunday, September 4, 2011

വെറുതെ...!!!

  


ചിറകടിച്ചരികില്‍ വരും മഴയായ്
മനസ്സില്‍ കുളിരായ് പ്രണയം.
ജ്വാലാമുഖിതന്‍ അന്തരംഗത്തില്‍
എരിയും കനലായ് നീറും വിരഹം..

നുരയിട്ട്‌ പതയും കടലില്‍ നിറയും
മുറിവില്‍,  ഉപ്പുപോലോര്‍മ്മകള്‍....
കാര്‍മുകില്‍ പെണ്‍കൊടി പെയ്യാതെ 
കാത്ത അശ്രുകണങ്ങ-ളതില്‍
ചിരിക്കും വെയിലായ്,  കരയുന്നു ദുഃഖം..

വിടരാതടര്‍ന്നൊരു പൂമൊട്ടിന്‍
തേനായ് പൊലിയുന്നു മോഹം..
കരിങ്കലില്‍ തലതല്ലി തകരുന്നു,
ചിതറുന്നു സ്വപ്നതിരമാലകള്‍ ..

വിടരുന്നു പുലരികള്‍, പിന്നെയും
പലതെങ്കിലും.അവിടെയും കാണ്മു -
എരിഞ്ഞമര്‍ന്ന സന്ധ്യതന്‍ നെഞ്ചകം..പിന്നെ
ഇന്നുമീയെന്നെ കളിയാക്കി ചിരിയ്ക്കും
നാളെകളുമെന്നില്‍ ശേഷിയ്ക്കും പ്രാണനും....


  _Jithu_ 
 Abudhabi

Monday, August 29, 2011

"ദീപം"


........ലോകാസമസ്താ സുഖിനോ ഭവന്തു..........


Tuesday, August 16, 2011

കറുപ്പ്

 
കണ്മണി കറുപ്പിനാല്‍ കൊതിതീരെ കണ്ടു,
വര്‍ണങ്ങള്‍ ഉലകില്‍ പലതെന്നാകിലും
കണ്ടില്ല നീയുമെന്‍ തോഴി, കാര്‍മുകില്‍
കറുപ്പിലെ  മഴവില്ലിനഴകും തുടിക്കുമീ‍മനവും.....
 
മോക്ഷം നല്‍കും മരണമായെങ്കിലും...
നേരിനെ കാട്ടിയ ദുഖമായെങ്കിലും...
മുഖം തിരിച്ചു പിന്നെയും അവരെന്നെ..
കറുപ്പെന്നു ചൊല്ലി കാര്‍ക്കിച്ചു തുപ്പി..
 
കറുപ്പില്‍ ലഹരിയില്‍ ഉലകംമറന്നു
ഇരുളിന്‍ മാറില്‍ വിഷപ്പല്ലമര്‍ത്തി...
മാംസഗന്ധം തിരയും  മുഖപടങ്ങള്‍
വെളുവെളെ ചിരിച്ചെന്നും സുന്ദരിയായി..
നിറമായ നിറമെല്ലാം  വാരിപുതച്ചു
വെളുപ്പെന്നു ചൊല്ലിയവര്‍ പൊട്ടിച്ചിരിച്ചു
 
കാര്‍ക്കിച്ചു തുപ്പീട്ടും തള്ളിപറഞ്ഞീട്ടും
കരയാതെ ചിരിച്ചു കവിതകള്‍ ചൊല്ലി..
കാര്‍വര്‍ണ്ണമേനിയില്‍ നിറമേഴും മനമായ്‌
"കറുമ്പന്‍" ഞാന്‍ ഇന്നും ഗര്‍വോടെ നിന്നു..
 

       _Jithu_

        Abudhabi

Friday, August 12, 2011

അബുദാബി....ഒരു രാത്രി കാഴ്ച

Friday, June 10, 2011

പഠിക്കാത്ത പാഠങ്ങള്‍


നോവുന്ന ഓര്‍മക്കായ്‌ ചിതയൊരുക്കണം
ചിതലരിക്കും നഷ്ടങ്ങള്‍ കുത്തിനോവിയ്ക്കെ..
കത്തും മുറിവുകള്‍ മായാതെ മായ്ക്കണം .....,
മറക്കാന്‍ പഠിക്കണം
കനലെരിയും ചിന്തകള്‍ നീറും നേരം
എരിയും നെഞ്ചകം കരയും നേരം.
പൊട്ടിച്ചിരിക്കാന്‍ പഠിക്കണം...
സ്നേഹമാം ബന്ധനം പാശം മുറുക്കുമ്പോള്‍..
പ്രണയത്തില്‍ മാംസഗന്ധം പടരുമ്പോള്‍
അഗ്നിയായ് മൗനം പൊട്ടിത്തെറിക്കണം.
മനമിടറാതെ കാക്കണം.....
കണക്കിന്‍ കളികളില്‍ കാല്‍, ഇടറും നേരം......
രക്തബന്ധങ്ങള്‍ വില പറയും നേരം.....
ചക്രവ്യൂഹങ്ങളില്‍ ഉഴറുന്ന നേരം....
മിഴിനീരുടയാതെ നോക്കണം..
പൊരുതി ജയിക്കണം......
ശരമുനകള്‍ പിന്നെയും
ഹൃദയം തകര്‍ക്കുമ്പോള്‍........
ഇനിയും പഠിക്കാത്ത പാഠം പഠിക്കണം..
Your ever loving friend,
       _Jithu_
        Abudhabi

Sunday, June 5, 2011

പ്രണയാര്‍ദ്രം

 കൊതിപ്പൂ ഞാനോരോ മാത്രയും
നീ തന്നതില്ലൊരു കളിവാക്കു പോലും..
തന്നതിലെന്‍ നിറകൂട്ടില്‍ ചായങ്ങള്‍ പോലുമേ..
അറിഞ്ഞതിലെന്‍ മൌനത്തിന്‍ വിതുമ്പലും
 
അങ്ങകലെ മറയും മരുപ്പച്ചപോലവേ,
അക്ഷരകൂട്ടങ്ങള്‍ കളിചൊല്ലിയകലെ
കാതരമാം വിപഞ്ചികയെന്തിനോ തേങ്ങി..
കരളിലനുരാഗം മൌനമായ് എരിഞ്ഞു.
 
നിഴല്‍ വീണവഴികളില്‍  നീളെ തിരഞ്ഞു...
നിന്‍ നിറസ്മേരത്തിന്‍ പാല്‍ നിലാവെട്ടം..
നീരായീ  മരുവില്‍ പുഞ്ചിരി തൂവാന്‍
നീ നല്‍കും വാക്കിലെന്‍ സ്വപ്‌നങ്ങള്‍ പൂക്കാന്‍....
 
അനുവാദം തേടാതൊരു നാള്‍  നീ വരും
അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും
 
കടമിഴികോണില്‍ പ്രണയവുമായി,
മലയാളിപെണ്ണെന്നെ പുണരും...
അംഗുലീഹര്‍ഷമൊരു കുളിരായ് തഴുകും.
'കവിത'യെന്നെന്‍ കാതില്‍ മെതുവേ മൊഴിയും....
 
 
       _Jithu_
      Abudhabi

Friday, April 29, 2011

"വിഷമഴ"

ഒരു വൃക്ഷത്തിന്‍ നൊമ്പരം
 

കുട്ടികുരങ്ങന്മാര്‍ കുത്തിമറിയുമ്പോള്‍,
ഊഞ്ഞാലൊരുക്കി താരാട്ട് പാടുവാന്‍,
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കുസൃതിയ്ക്കു നല്‍കുവാന്‍ മധുവൂറും തേന്‍പഴം, 
മടിത്തട്ടിലൊളിപ്പിച്ചു കളിപ്പിച്ച കാലവും..
ഇന്നെല്ലാം ഓര്‍മതന്‍ നിഴലുകള്‍ മാത്രം. 

എന്‍ തോഴന്‍ വസന്തത്തിന്‍, ദൂതുമായെത്തും
പുന്നാര പൈങ്കിളിപെണ്ണിന്റെ പാട്ടില്ല. 
അവളരികില്‍ വന്നാല്‍, സമ്മാനമേകാന്‍ 
ഇന്നീ കൈകളില്‍ മധുവൂറും പഴമില്ല .
ഊയലൊരുക്കും കൈകളില്‍ കരുത്തില്ല ...
ശേഷിപ്പതെന്നില്‍ വിഷമേകും തുടിപ്പുകള്‍

ഇന്നെന്റെ തണലില്‍ കണ്ണാരം കളിയ്ക്കുവാന്‍
മാലാഖകുഞ്ഞുങ്ങള്‍ ഒരാളും വരവില്ല..
സരസ്വതി വിളയേണ്ടാ നാവാകെ തള്ളി
ഓടികളിക്കേണ്ട പാദം പിരിഞ്ഞു 
വിങ്ങിതടിച്ചാകെ പൊള്ളിയടര്‍ന്നു 
ചെയ്യാത്ത തെറ്റിന്‍ ശിക്ഷയൊന്നാകെ പേറും 
പട്ടിണികോലങ്ങള്‍......, ഗതികെട്ട ജന്മങ്ങള്‍
കാണുവാനാകുമോ കരളുല്ലോരാര്‍ക്കും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?

അരചനാം മനുജ നിന്നുടെ ധാര്‍ഷ്ട്യം
വിഷമഴയായിനി  പെയ്യാതിരിയ്ക്കുക...
ശേഷിയ്ക്കും രക്തവും ഊറ്റിയെടുക്കാം
നല്‍കാം ഞാനെന്റെ പൂക്കളും കായ്കളും
പകരമായ് നല്‍ക്കുക നിങ്ങളാ ബാല്യം

പൂക്കും പൂവെല്ലാം വാടാതിരിക്കാന്‍,
കാറ്റിനോടോതാം പൊഴിയാതെ കാക്കാന്‍.
കേള്‍ക്കാതിരിക്കില്ല,സഖിയെന്റെ അര്‍ത്ഥന.
കാണാതിരിയ്ക്കില്ല, ഇഴയും കുരുന്നിന്റെ ബാല്യം.
അറിയാതിരിയ്ക്കില്ല, അമ്മയാം മണ്ണിന്റെ ദുഖവും.


 _Jithu_
Abudhabi

Wednesday, April 13, 2011

കുരുക്ഷേത്രം

കുരുക്ഷേത്രഭൂവില്‍ ശംഖൊലി നാദം മുഴങ്ങി...
രണഭേരി മുഴക്കി രണാങ്കണമുണര്‍ന്നു
പാര്‍ത്ഥന്‍ നയിക്കും തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന ഭീക്ഷമരായിന്നു ഞാന്‍.
ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു 
പ്രണയമെന്നുള്ളില്‍ പണയമായ്‌ ...."
കത്തും വാക്കാല്‍ അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്‌.നിരായുധനായീ ഗംഗാ‍പുത്രനും .
നിന്നെ മറതീര്‍ത്തു ഒളിയംബുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്
പണ്ടോര്‍ക്കാതെ ചെയ്തോരാ തെറ്റിന്‍ 
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ ...
നൊന്തതില്ലത്രമേല്‍ ശരമുനകളെങ്കിലുമെന്‍ -
ദേവി,നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്
മദിക്കും മനത്തിന്‍ മുഖം കണ്ണുനീര് ചായം പുരട്ടി
അരികിലന്നര്‍ജുനന്‍ അനുഗ്രഹം തേടും നേരം
അറിയാതെന്നധരത്തില്‍ തെളിഞ്ഞൊരാ ,മന്ദഹാസ-
വുമതിന്‍  പൊരുളും നീ കണ്ടുവോ പാര്‍ത്ഥ?
ഭൂമിയെ പിളര്‍ന്നു നീയേകിയയമൃതം,
മേനിതന്‍ മുറിവുകള്‍ ശാന്തമാക്കി-
രക്തകറകളും ശുചിയാക്കി....,
പിന്നെയും......
മനതാരിന്‍ മുറിവുകള്‍ ബാക്കിയായി..
_Jithu_
Abudhabi

Monday, March 28, 2011

ഭീരു


പടരുന്നു കള്ളങ്ങള്‍ ,കൊള്ളകള്‍ ഉലകില്‍ ..
പകരുന്നു ജാതിമതഭേദമെന്നാകിലും..
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..

കുറ്റവാളികള്‍, അവര്‍, പലരുണ്ട്  ചുറ്റില്‍-
അവരില്‍ നീയില്ല , ഞാനില്ല
നമ്മളിലൊരാള്‍ പോലുമില്ല..
അവരെത്ര തുച്ഛം ഓര്‍ക്കുക നിത്യം.

പ്രളയം മുടിച്ചേക്കാം തീമഴ പെയ്യാം  
മനംനൊന്തൊരു  സൂര്യന്‍ കടലില്‍ മറഞ്ഞേക്കാം
സന്ധ്യ തന്‍  മാറില്‍  നിരാശനാം പുലരി,
നിശയാം ഇരുളിനെ പുല്‍കി മയങ്ങാം
 

ജ്വലിക്കുന്ന  മനവുമായ്‌  മറ്റൊരു  സൂര്യന്‍
പുതുപുലരിയുമായ്  വരവുണ്ടതറിയുക .
കാണട്ടെ  നിന്‍  മിഴിയിലുമാ സൂര്യന്റെ സ്വപ്നം
തളിര്‍ക്കട്ടെ നിന്‍ വാക്കിലുമീ ശൌര്യം

തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
അടരാടി മരിക്കുന്ന പോരാളിയാവാം
ഭയന്നോടി മറയും ഭീരുവാവാതെ നോക്കാം

_Jithu_
Abudhabi 

Thursday, March 24, 2011

സായംസന്ധ്യ..

കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
പിന്നെന്നെ മാടിവിളിക്കും കായല്‍ക്കരയോരം
ഒരു സായംസന്ധ്യയില്‍....
 

Thursday, March 17, 2011

തിര








തിരമാലകളാര്‍ത്തു ചിരിച്ചു..
കേട്ടവരൊക്കെയും കണ്ടു രസിച്ചു
ഉഴവൂ വയലുകള്‍ എന്ന കണക്കെ..
ഉയരും തിരകളിലമരും നഗരം
 
ആടിയുലഞ്ഞു അംബരചുംബികള്‍
ആളിയുയര്‍ന്നു അഗ്നിസൌധം
കാണ്മു തെല്ലൊരു കൌതുകമോടെ..
അലകളിലലയും വമ്പന്‍ നൌകകള്‍, 

കേട്ടവര്‍ കണ്ടവര്‍ തിരവൂ വീണ്ടും,
തിരയില്‍ മറയും യന്ത്രപാമ്പ്
ഒഴുകും യാനം തിരയുടെ ഉയരം
അടിമുടിയുലയും ഭരണം പോലും 

അകലും പാളികള്‍ ചിതറും ലാവകള്‍
അകലെ കരയും അമ്പിളിമാമനും
അലറി വിളിപ്പു മതവും മനുജനും
കീറിമുറിപ്പൂ  തിരയുടെ ശാസ്ത്രം

കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
പിടയും ഉയിരിന്‍ കണ്ണിലെ ദാഹം
മുതലക്കണ്ണീര്‍ തുള്ളിയടര്‍ന്നു,
തിരിഞ്ഞു പിന്നെ തിരഞ്ഞൂ വീണ്ടും   
രാക്ഷസത്തിരയുടെ നവനവ രൂപം.
 
_Jithu_
 Abudhabi

Monday, March 14, 2011

എന്റെ ദേശം

വെണ്മയെഴും വാമനനാടെന്റെ  ദേശം ...
കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
പിന്നെന്നെ മാടിവിളിക്കും കായല്‍ക്കരയോരം,
പനയോല തെങ്ങോല പന്തലൊരുക്കും
പൂവള്ളി‍കുടിലീ കുബേരന്റെ മാളിക ........

ഒറ്റക്കാല്‍ തപം ചെയ്യും സന്യാസിക്കൊറ്റികള്‍
പല്ലുരുമി കാട്ടുന്ന തടിമാടന്‍ ഞണ്ടുകള്‍
കഥ പാടിയെത്തും വൃശ്ചികകാറ്റും.
ചിത്രപതംഗവും തൂക്കണം കുരുവിയുമാ 
തൊട്ടാവാടിയും -തെമ്മാടിചെറുക്കന്റെ  കൂട്ടുകാര്‍.

കണികാണാന്‍ വെള്ളരി,കണിക്കൊന്ന പൂക്കളും
എന്നെയുണര്‍ത്തും പൂവാലന്‍ കോഴിയും
പാടിയുറക്കും പുള്ളിപൂങ്കുയില്‍,ഒപ്പമാടി
തിമിര്‍ക്കും മേഘനാദാനുലാസി സതീര്‍ഥ്യരും ..

നാണം കുണുങ്ങി കവിളില്‍ തലോടും
കലികൊണ്ട് തുള്ളും കളിപറഞ്ഞെത്തും     
ചറപറ പൊഴിയും കൊതിതീരെ കരയും 
മാമലമേട്ടിലെ രാജകുമാരി, മാരി -
എന്‍ തോഴി.......

മുക്കുറ്റി, പെണ്ണിന്‍ കവിളിലെ നുണക്കുഴി
തുമ്പപ്പൂ പൈതലിന്‍ പാല്‍നിലാ പുഞ്ചിരി..
പേരാലിന്‍ കൊമ്പത്തരഞ്ഞാണ്‍ കിലുക്കം.
മാരിവ്വില്‍ അര്‍ക്കന്റെ സ്നേഹോപഹാരം.

വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
വാമനനാടിന്‍ സുസ്വാഗതം ..തോഴാ.

 _Jithu_
Venmenad

Thursday, March 10, 2011

ബന്ധനം



തങ്കനൂലില്‍ കോര്‍ത്ത ബന്ധം
ബന്ധനം അതി സുന്ദരം
തങ്കത്തെക്കാള്‍ മൂല്യമെന്നാല്‍
ഉറപ്പില്ല പോലും തെല്ലുമേ....!

അഴിയാ കുരുക്കെന്നു കുരുക്കില്‍
പിടഞ്ഞവര്‍ ‍തിരിച്ചുചൊല്ലി,യെങ്കിലും  
പാവനം മതിമോഹനം 
മറിച്ചു ചൊല്ലാതോരിക്കലും...
  
വാക്കാല്‍ ചൊല്ലുവാന്‍ എളുപ്പമാകിലും
ദുശ്ശാഠ്യങ്ങള്‍ മുന്‍കോപങ്ങള്‍,
മോഹങ്ങള്‍ കുറച്ചൊക്കെയും....;മാറ്റി വെക്കാം
ശ്രമിച്ചു നോക്കാം കൂട്ടരേ

തളരും തളിരിലകളില്‍
സ്നേഹമാം അമൃതം തളിയ്ക്കാം
അകലും കണ്ണികളില്‍ ‍
പ്രണയം വിളക്കാം.
മുറുകും ചങ്ങലകിലുക്കത്തില്‍
ചേങ്ങില താളം തിരയാം...
പിന്നേറ്റു പാടാം

"തങ്ക നൂലില്‍ കോര്‍ത്ത ബന്ധം 
ബന്ധനം അതിസുന്ദരം "


       _Jithu_
        Abudhabi

Tuesday, March 1, 2011

പ്രേമപത്രം


മാരുതനൊഴുകും മേട പുലരിയില്‍.. 
മാംബൂ മണം പരക്കും മലര്‍മഴ പൊഴിയും...
പറക്കും അപ്പൂപ്പന്‍ താടി,യിലെന്‍
പ്രണയം  ഞാന്‍ കുറിച്ച് വെയ്ക്കും

ജാലകപഴുതിലൂടോതും മന്ത്രണം  
കള്ളി, നിനക്കെന്റെ പ്രേമപത്രമാകെ
ഹരിതവര്‍ണ പട്ടാട ചുറ്റിയ
വയലേലപെണ്ണു കേട്ടിക്കിളി കൊള്ളും..

പുഴയോളങ്ങള്‍ ഞൊറിഞ്ഞുടുക്കും
ആദിത്യനൊരായിരം മുത്തുകോര്‍ക്കും ...
അതിലൊരു മുത്തു ഞാന്‍ കവര്‍ന്നെടുക്കും-സഖി,
നിനക്കായി ഞാനത് കരുതി വെക്കും..
                                          
തൂമഞ്ഞിന്‍ കുളിരും മഴയുടെ പിണക്കവും
വസന്തത്തിന്‍‍ സുഗന്ധവും കനവിന്‍ മധുവും.
പുഞ്ചിരി കുറുക്കുവാന്‍ പകര്‍ന്നു വെക്കും...നിന്‍
പാല്‍പുഞ്ചിരി കുറുക്കുവാന്‍ പകര്‍ന്നു വെക്കും,,,,


 _Jithu_
 Abudhabi

Sunday, February 20, 2011

അമ്മ

അമ്മേ തണുക്കുന്നു വാരിപുണരുക,
അമ്മതന്‍ വാത്സല്യ ചൂട് പകരുക....

ഉള്ളതില്‍ പാതി നിനക്കെന്നു പ്രണയം
ഹൃദയത്തിന്‍ ചാരെ വിലപേശി നില്‍ക്കെ..
തനിക്കുള്ളതെല്ലാം എനിക്കായി നല്‍കിയ
അമ്മേ; നിനക്കു ഞാനിന്നെന്തു നല്‍കേണ്ടു

സ്നേഹത്തോടൂട്ടുമെന്‍ അമ്മതന്‍ 
വയറന്നൊട്ടി കിടപ്പതും, വിശക്കുന്നതില്ലെന്നു
കള്ളം പറഞ്ഞമ്മ വെള്ളം ചവപ്പതും ..
നീറുന്നോരോര്‍മ്മയായ് മനസ്സില്‍ നിറയുന്നു..

എന്നെയുറക്കുവാന്‍ പാടിയ, താരാട്ടിന്‍ മാധുര്യം
അമ്മിഞ്ഞ,പ്പാലൊളമെന്നതുമോര്‍പ്പു ഞാന്‍
ഉണ്ണാതുറങ്ങാതെ നീ നീട്ടിയ പാതയിലെന്തെന്തു
സൌഭാഗ്യം വന്നിന്നു ചേര്‍ന്നാലും മറക്കിലയമ്മയെ,
മറക്കാമോ നാമങ്ങിനെ .....!!!

അമ്മതന്‍ പൊരുളെന്ത് , അറിയില്ലയെന്നാല്‍ 
അമ്മയാണെല്ലാം അറിയാ,മത് താന്‍ സത്യം.

അമ്മേ തണുക്കുന്നു വാരിപുണരുക,
അമ്മതന്‍ വാത്സല്യ ചൂട് പകരുക....


 _Jithu_
 Abudhabi

Sunday, February 13, 2011

പാടിപറക്കാമോ?

കുളിരോലും പൂങ്കാറ്റെ, പാടാമോ ഈ ഗാനം
മുളം കാട്ടിന്‍ ഓരത്തു ,  മൂളാമോ ആ രാഗം. 

തളിര്‍ക്കും മുല്ലയെ ഒന്നു  പുണരാമോ
കുടമുല്ല ഗന്ധം  അവള്‍ക്കു  നല്‍കാമോ .
ഗന്ധര്‍വകഥയില്‍ ഹംസമായി മാറിയെന്‍,
കരളിന്‍ തുടിപ്പുകള്‍ മടിക്കാതെ മൊഴിയാമോ ...

ചിത്തം ഭ്രമിക്കും നിന്‍ ചിത്രം വരയ്ക്കുവാന്‍,
പ്രണയം തുളുമ്പും കവിതയായ് കുറിക്കുവാന്‍‍,
കൊതിപ്പൂയീ, ഞാനെന്നു കാതില്‍ പറയാമോ
കൊതിപ്പൂയീ, ഞാനെന്നു കാതില്‍ പറയാമോ

പാതി ചാലിച്ച  നിറക്കൂട്ടില്‍ ചാലിക്കാന്‍ 
മിഴിയിണയില്‍ നിറയും നീലിമയേകാമോ 
അധരത്തിലിറ്റും ശോണിമ നല്‍കിയാല്‍ ,
കൈകുമ്പിളില്‍ കോരിയെന്നരികില്‍ വരാമോ!!

തൂലിക പുണരും കവിതയില്‍ പകരാന്‍‍,

കൊഞ്ചുംമൊഴിയിലെ മാധ്യുരം നല്‍കാമോ 
എന്‍ മനം തുളയ്ക്കും സഖി തന്‍ മിഴിമുന
വാകം വിളക്കുവാന്‍ ദാനമായ്‌ വാങ്ങുമോ

ഈറന്‍ മേനിയില്‍ രോമാഞ്ചം ചൂടിയകതാരി
നാഴങ്ങള്‍ താണ്ടി ആ ഹൃദയം കവരുവാന്‍  
അവളെന്റെയാണീ തെമ്മാടി കറുമ്പന്റെ
യെന്നുപാണന്റെ ഉടുക്കില്‍ താളം പിടിക്കാമോ..........

പാടിപറക്കാമോ

അവളെന്റെ സ്വന്തമെന്നുറക്കെ  ചൊല്ലാമോ..

പാണന്റെ ഉടുക്കില്‍ താളം പിടിക്കാമോ..
പാടിപറക്കാമോ


       _Jithu_
        Abudhabi


Wednesday, February 9, 2011

Tuesday, February 8, 2011

സൗഹൃദം

(ഒരു ഉണ്ണിക്കവിത)

പെണ്ണെന്നോതിയാല്‍ ഇഷ്ടം
ആണെന്ന് ചൊല്ലിയാല്‍ നഷ്ടം.
കൊള്ളാം....!!ഇതെന്തൊരു കഷ്ടം.
അതിന്‍ പൊരുള്‍ എന്തെന്ന് സ്പഷ്ടം...


_Jithu_
 Abudhabi

Saturday, February 5, 2011

ജീര്‍ണത


ഇരുളിന്‍ കാമം* നുണയുന്ന മാന്യത,
നിര്‍ലജ്ജം പുലമ്പുന്നു പൗരുഷം.
കേട്ടേറ്റു  പാടുന്നു ചെന്നായകൂട്ടങ്ങള്‍
നീലക്കുറുക്കന്റെ ചാരെയാ കഥകള്‍,

പെണ്ണെന്നാല്‍ പെങ്ങളാണമ്മ
യാണെന്റെ പ്രണയിനിയാണെ-
ന്നോതി പഠിപ്പിച്ച മലയാളമണ്ണേ, 
ഇതെന്തു കഷ്ടം...ജ്വലിക്കുന്നു നെഞ്ചകം.

പുരുഷത്വം പുരുഷന്റെ ആകാരമല്ല ,
പെണ്ണേ നിന്റെ നിറവയറുമല്ല......
ഉണ്മതന്‍ ചാരത്തു വാളോങ്ങി നില്‍ക്കും
ആത്മാഭിമാനം, ഓര്‍ക്കുമോ ശിഖണ്ഡികള്‍..

കുഞ്ഞിളം പൂവിലും മാംസം തിരക്കും
കാട്ടാളാ, കടിച്ചുകീറും മുന്‍പിതൊന്നറിയുക ..
ഞാനാണെന്ന് കൂവുന്ന ചെന്നായക്കൂട്ടമേ,
ആണല്ല, ആണ്‍വര്‍ഗത്തിനൊരപമാനമെന്നും ..

ജീര്‍ണത,അധമ-നിന്‍ കരങ്ങളിലല്ല 
കാമം ചിതലിട്ട ഹൃദയത്തില്ലല്ലോ....
ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...

പൊറുക്കരുതീശ്വര,കൊല്ലരുതെന്നാല്‍..,
കൊല്ലാതെ കൊല്ലുക നീറട്ടെ നീചന്‍
യമലോക ദണ്ഡനം, ഇഹലോകം തന്നില്‍...
മാപ്പില്ല തെല്ലും- വെറുക്കുന്നു സത്യം...


       _Jithu_
        Abudhabi


Tuesday, February 1, 2011

രക്തസാക്ഷി


ആശയം ഹൃദയത്തിലൊരാവേശമായി
സിരകളിലൊഴുകും കൊടുംകാറ്റായി
പിന്നെയണിചേര്‍ന്നു വിമോചനം തേടി..
ഒരു കുടകീഴില്‍ ഒരു കൊടി കീഴില്‍...

പടയൊരുക്കത്തിലിവന്‍ പോരാളിയായി.
പടവെട്ടി തലവെട്ടി പുതുനാടിനെന്നോതി..
സേനതന്‍ തലവന്മാര്‍ ഉണര്‍വായി നിന്നു
നിയമങ്ങള്‍ മുന്നില്‍ "അടിയനെ"ന്നോതി

കണ്ടില്ല ഞാനെന്റെ തോഴനെ പോലും
എതിര്‍ത്തവരെല്ലാം ശത്രുകളായി.
അരുതരുതെന്നോതി കരഞ്ഞമ്മ
ഭയന്നച്ഛന്റെ മോഹം മിഴികളടച്ചു...
താതന്റെ മോഹവും അമ്മേ നിന്‍ സ്നേഹവും
തട്ടിയെറിഞ്ഞു കൊടി തന്‍ വര്‍ണത്തിനായ്

ഒടുവില്‍ വന്നെത്തി എനിക്കായി ഒരു ദിനം
അമ്മതന്‍ കണ്ണീരു ചിതറിയ പോല്‍ .
ചീറിത്തെറിച്ചെന്‍ ചുടുചോര മണ്ണില്‍
സ്മാരകം തീര്‍ത്തവര്‍ തോരണം ചാര്‍ത്തി..
വീണ്ടും രക്തസാക്ഷി പിറന്നു..

എന്‍ നിണം പറ്റിയാ പാദങ്ങളെവിടെ ..
പാറിപറന്ന കൊടിതോരണങ്ങളെവിടെ..
രക്തം കുടിച്ചവര്‍ മറന്നു പോയെന്നേ..
നഷ്ടങ്ങള്‍ വീണ്ടും കണക്കെടുപ്പായി..

തോരാത്ത മിഴിയുമായ് അമ്മതന്‍ സ്നേഹവും
തുറക്കാത്ത മിഴിയുമായ് അച്ഛന്റെ മോഹവും
എനിക്കായി കരയുവാന്‍ ആ മിഴി മാത്രം
എനിക്കായി തേങ്ങുവാനിന്നുമാ മനം മാത്രം....

കൊതിക്കുന്നിന്നറിയാതെ, വൈകിയെന്നറിയിലും 
മകനായി മരിക്കുവാന്‍, നാടിനഭിമാനമാകുവാന്‍
പുതുലോകം പിറക്കുന്നതെന്‍ കുടിലില്‍ നിന്നെന്നു 
ഓര്‍ക്കാന്‍ മറന്നു പോയ്‌, ആ ചോരത്തിളപ്പില്‍........

അവര്‍ക്കായി ഒരിറ്റു കണ്ണീരു വീഴ്ത്താം;
രക്തസാക്ഷിതന്‍ ശവകുടീരത്തിനരികെ
പിന്നെ വെറുതെ അലറാം...വീണ്ടും   
"രക്തസാക്ഷികള്‍ പിറക്കാതിരിക്കാന്‍".

      

_Jithu_ 
Abudhabi

Tuesday, January 25, 2011

നേര്‍ക്കാഴ്ച




ധര്‍മ്മത്തിന്‍ പൊരുള്‍ തേടി ഞാനീ കലിയുഗഭൂവില്‍...
കണ്ടില്ല അധര്‍മ്മത്തിന്‍ കടലല്ലാതൊരിടമിന്നും...
നാടാകെ കത്തുമ്പോള്‍ പാടുന്ന നീറോ...
കാടാകെ കരയുമ്പോള്‍ ചിരിക്കുന്ന നീറോ.

പാതിയാം പെണ്ണിനെ ചൂത് കളിക്കുന്നു
ധര്‍മജന്‍ നവയുധിഷ്ടിരകോലങ്ങള്‍ ,
അബലയാം പെണ്ണിന്റെ ആടകളുരിയുന്ന
കൌരവസഭകള്‍ ദേശം ഭരിക്കുന്നു 

വിജയത്തിനേട്ടനാം കര്‍ണന്റെ കരളും പിളര്‍ക്കുന്ന
വില്ലാളിവീരര്‍ അര്‍ജുനരിലും കണ്ടില്ല..
കളങ്കങ്ങള്‍ കായലില്‍ ഒഴുക്കി കരയുന്ന 
അമ്മയാം കുന്തിയവളിലും കണ്ടില്ല..

ജാനകിയെ ത്യജിച്ച രാമനിലും തേടി
‍ജനിയെ ഹനിച്ച രേണുകാ തനയനിലും തേടി
അലഞ്ഞു ധര്‍മ്മത്തിന്‍ കാതലും തേടി ഞാന്‍
ഒരാളും തന്നില്ല ധര്‍മ്മത്തിന്‍ പൊരുളിന്നും..

പിന്നെയും തേടി ഞാന്‍ ധര്‍മ്മത്തിനായി
ധര്‍മ്മപാലകന്‍ കാര്‍വര്‍ണാ നിന്നിലും വന്നു..
ധര്മ്മത്തിനധര്‍മ്മം കല്പ്പിച്ച നിന്നില-
പൂര്‍ണമായ്  എന്‍ ധര്‍മ്മത്തിന്‍ കാഴ്ചകള്‍...

പിന്നെ തിരിഞ്ഞു  നടന്നീയെന്നില്ലും തേടി..
തരി പോലും കണ്ടില്ല ധര്‍മ്മത്തിന്‍ നാമ്പുകള്‍ ..
"ഞാനെനിക്കെന്റെ  സ്വന്തം" എന്നുള്ളില്‍ മദിക്കവേ
ധര്‍മ്മത്തിനുണ്ടോ മനതാരില്‍ സ്ഥാനം.

ഹൃദയം കഴുകട്ടെ.നമ്മളൊന്നെന്ന പാഠം പഠിക്കട്ടെ,
പഠനം കഴിയട്ടെ സ്വയം തെളിയട്ടെ..
എന്നില്‍ തുടങ്ങട്ടെ..നേരിന്റെ വാദം
ശേഷം തുടരാം  ധര്‍മ്മാധര്‍മ്മത്തിന്‍ നേര്‍ക്കാഴ്ച..,


    _Jithu_
    Abudhabi

Saturday, January 22, 2011

കഥകളി

...ക്ഷേത്രനഗരിയില്‍ നിന്നും വാണിജ്യനഗരിയിലേക്ക്....
      _Jithu_
      Abudhabi

Friday, January 14, 2011

പൗര്‍ണമി


രജനീ മനോഹരി ...നിന്‍ മോഹന ചാരുത...
ഇന്നെന്റെ നിനവില്‍ രാഗമായ്  പൊഴിയവേ.
സപ്തവര്‍ണ്ണങ്ങള്‍ അകമേ നിറച്ചു
കാര്‍വര്‍ണ്ണ രൂപിണി നീ മോഹിനിയായി...

നിലാവിന്‍ നാട്ടിലെ സുന്ദരി കുരുന്നുകള്‍
താരമായ് നല്‍കി വിലോചന സീമയില്‍ 
നിശാഗന്ധിയായ് നിന്‍ ഉന്മത്തഗന്ധം
കുളിര്‍ത്തെന്നലായ് എന്നെ പതിയെ പുണര്‍ന്നു.

പൌര്‍ണമി..  നിന്നുടെ സുന്ദരവദനം 
കോരിയെടുത്തു വാഞ്ഛിതമോടെ...
കളകളമൊരു ചെറുശിഞ്ചിതമോടെ
ഓളമായ് എന്‍ ഓമല്‍  ഓടിയകന്നു ...!

കാമുകനെന്നുടെ കുസൃതികള്‍ ഇക്കിളി കൂട്ടെ..
ചേലയാല്‍ പതിയെ നീ  മുഖം മറച്ചു..
പിണങ്ങിയോ പനിമതി..എന്തിനീ രാവില്‍  
മുഖം കറപ്പു ..ചേലയകറ്റു വീണ്ടും പുഞ്ചിരി തൂകു

നീലനിലാവില്‍ പ്രണയാതുരമാം  
തരളിതഹൃദയം, മനോര്‍മണി നിന്നുടെ
മനോഹരരൂപം..കവിതയായ് മൂളകെ
കള്ളിയവള്‍ ചെറുപുഞ്ചിരി തൂവി.., അഞ്ചിതമോടെ

രജനീ മനോഹരി ...നിന്‍ മോഹന ചാരുത...
ഇന്നെന്റെ നിനവില്‍ രാഗമായ്, ഹൃദയതാളമായ് .

  
      _Jithu_
      Abudhabi

Monday, January 10, 2011

അരസികന്‍


അരസികനാമൊരെന്നെ നീ കവിയെന്നു ചൊല്ലാതെ...
കവി ശ്രേഷ്ഠരതു കേട്ടേക്കാം,നിന്‍ കാത് നൊന്തേക്കാം...
ഞാനണിഞ്ഞില്ല നിരാശതന്‍ കഷായ വേഷം....
ചുമലില്‍ പേറിയില്ല സഖി ആധുനിക തന്‍ ഭാണ്ഡവും.

ഇല്ല, എനിക്കില്ല അഗാധമാം പാണ്ഡിത്യം,
അനുഭവമാം വെളിച്ചവും, അന്തരാല്‍മാവിന്‍ കാഴ്ചയും.
നിനക്കായി നല്‍കുവാന്‍ ഇല്ലെന്നില്‍ ആശയം,
നേര്‍വഴി കാട്ടുവാനില്ലെന്നില്‍ ധൈര്യവും.

ചെളിപുരണ്ടോരെന്‍ മേനിയും
വിഴ്ചകള്‍ ഏകിയോരാ മുറിവുകള്‍ പോലും ,
നല്കുവതെങ്ങിനെ നേരായ കാഴചകള്‍
മിഴിരണ്ടും തുറന്നെന്നെ നീ നോക്കുക...
വാക്കുകളിലെന്നെ പരതാതിരിക്കുക.
ഇനിയും കവിയെന്നു ചൊല്ലാതിരിക്കുക


       _Jithu_
        Abudhabi

Saturday, January 1, 2011

സുന്ദരി

ഈ പുലരിയും സുന്ദരിയാണ്....,ഇലചാര്‍ത്തുകള്‍ക്കിടയിലൂടെത്തി നോക്കുന്ന ശാലീനയായ നാടന്‍ പെണ്‍കൊടിയെ പോലെ......പ്രതീക്ഷകള്‍ നല്‍കി അവള്‍ കടന്നു വന്നു...ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ബാക്കി വെച്ച് കൊണ്ട് അവള്‍ നടന്നു മറയും....ഒന്നും ഉരിയാടാതെ...തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ.............
"പുതുവത്സരാശംസകള്‍" .

ഈ പുലരിയില്‍ .


പഴകിയ വാക്കുകള്‍ തുടലില്‍ പിടയുമ്പോള്‍........
വീണ്ടുമീ പുലരിയില്‍.. ശപഥങ്ങള്‍ എടുക്കില്ല
പുതുവര്‍ഷപുലരിക്കു മറക്കുവാന്‍ കഴിയുമോ,
അകതാരിന്‍ അഴുക്കുകള്‍  മായ്ക്കുവാന്‍ കഴിയുമോ,

കാലചക്രങ്ങള്‍ നിനക്കായ്‌ കാക്കില്ലെന്നറിഞ്ഞീട്ടും
എന്തിനായ്, ഈ പുലരിയെ കാത്തു നില്ക്കേണം
നിമിഷങ്ങള്‍ ഓരോന്നും അഴുക്കുകള്‍ നിറയ്ക്കുമ്പോള്‍
നാളെകള്‍ക്കാകുമോ ശുദ്ധികലശങ്ങള്‍ ആടുവാന്‍

പുണ്യയാം ഗംഗേ, അഴുക്കു ഞാന്‍ നിന്നില്‍ കഴുകില്ല..
അമ്മേ ഭൂമി...നിന്നിലും നിറക്കില്ല.
ഞാനാം ദേഹവും ദേഹിയും...അഗ്നിയ്ക്ക്  നല്‍കും..
അവനെന്നെന്റെ അഴുക്കുകള്‍ ഭസ്മമാക്കും...
പിന്നെയാ ചാരങ്ങള്‍ ചുടുകാട്ടില്‍ കരയും.....
കറുപ്പുള്ള സത്യങ്ങള്‍ ഏറ്റുപാടും .....

       _Jithu_
        Abudhabi