Monday, December 27, 2010

എന്തെഴുതണം?

എന്തെഴുതണം അന്ധകാരത്തിന്‍ 
ശൂന്യതയില്‍ നിന്നറിയില്ലെനിക്കിന്നു .
പാരില്‍ മണല്‍ത്തരിപോലുമല്ലാത്തോരെന്‍
വലിപ്പത്തെ കുറിച്ചോ,അതിലൂറും ഗര്‍വ്വിനെ കുറിച്ചോ?

സോദരന്‍ കഴുത്തറുക്കുവാന്‍ കല്‍പ്പിച്ചോരാ,
മതത്തിന്‍ പൊരുളിനെ കുറിച്ചോ?
ദൈവത്തിന്‍ മേനിയില്‍ അഴുക്കു പുരട്ടിയൊരാ
ജാതിഭേദത്തിന്‍ ആഴത്തെ കുറിച്ചോ?

വിശന്നരാവില്‍ അന്നം തരാത്തൊരാ കുലത്തിന്‍ മേന്മയോ?
മനുഷ്യത്വം മറന്നോരാ മനുഷ്യന്റെ മനമോ?
അര്‍ത്ഥത്തിനായ് കാമം വിറ്റൊരാ പെണ്ണിന്റെ നേരോ,
പെങ്ങളെ പൂകിയാ ചെന്നായതന്‍ പുരുഷത്വമോ?
പുരുഷന്റെ പെരുമയോ, മഹതി നിന്‍ മഹിമയോ?
പകലിന്‍ മാന്യതയോ ഇരുളിന്‍ മൗനമോ?

എന്തെഴുതണം എനിക്കറിയില്ല തോഴാ,
നിനക്കറിയാമതെങ്കില്‍ മടിക്കാതെ മൊഴിയുക. 
അതിന്‍ മുന്‍പൊരുമാത്ര എനിക്കായി നല്‍കുക,
എന്‍ വസ്ത്രുമതുരിയട്ടെ,രക്തം കുടിക്കുമാ-
കീടങ്ങളേറെയുണ്ടതു ഞാന്‍ കുടഞ്ഞോട്ടെ..

_Jithu_
 Abudhabi

Saturday, December 18, 2010

നീ അറിയുക

പിന്‍വിളി കേള്‍കെ കോപിച്ചിടാതെ കണ്മണി,
നോക്കില്‍ വെറുപ്പ്‌ നിറക്കാതെ കേള്‍ക്കുക..
ഇല്ല , എനിക്കേറെയൊന്നും ചൊല്ലുവാന്‍
ഇഷ്ടമാണെന്ന പാഴ്വാക്ക് കൂടാതെ....
കേട്ട് ചിരിച്ചേക്കാമീ  ലോകവും
കൂടെയെന്നോമല്‍ സഖീ ഒരുമാത്ര നീയും

കുരുത്തോല തുമ്പില്‍ ഊയലാടി  ഞാന്‍ ,
മൂളിയ വരികളില്‍ നിന്‍ നിറഗന്ധമായിരു-
ന്നതു നീ അറിഞ്ഞില്ലായിരിക്കാം?
അതിന്‍  രാഗം പ്രണയം എന്നതും  
പ്രിയേ നീ അറിഞ്ഞില്ലായിരിക്കാം?
വെയിലേറ്റു നീ വാടിയ നേരം
കരിമുകിലായ് നിറഞ്ഞതും,ഉരുകി 
എന്‍ മിഴിനീരൊരു മഴത്തുള്ളിയായ്,
നിന്‍ കവിള്‍ ചുംബിച്ചതും, 
പുഴയായ് നിന്‍ കൊലുസ്സിന്‍ -
താളം കവര്‍ന്നാടിതിമിര്‍ത്തതും,
പൂങ്കാറ്റായ് നിന്‍ രുചകം തഴുകി
ദാവണിക്കാരി; ഞാനോടി മറഞ്ഞതും
ഇല്ല  -നീ അറിഞ്ഞില്ലായിരിക്കാം ...???-

പോകയോ മരുപ്പച്ച തേടി,യെങ്കില്‍ നീയോര്‍ക്കുക
ഒരിക്കല്‍ നീയറിഞ്ഞേക്കാം,
അന്നു നിന്‍ കണ്ണുകള്‍ ‍ എന്‍ കണ്ണീരു തിരഞ്ഞേക്കാം
അന്നു നിന്‍  മനമെന്‍ കരം കൊതിച്ചേക്കാം,

ഒരുവേളയന്നെന്‍ കൈകളില്‍ ബന്ധത്തിന്‍  വിലങ്ങിരിക്കാം 
ഹൃദയത്തില്‍ നിന്‍ പേര് മായ്ച്ചിരിക്കാം...
കണ്ണുനീര്‍ ഹൃദയത്തില്‍ വീണത്‌ പൊള്ളിയേക്കാം
അതിനാല്‍ ഓര്‍ക്കാന്‍ മറക്കുക,
മറക്കാന്‍ പഠിക്കുക...
പാരില്‍ ഈ ഞാനും കേവലം മര്‍ത്യജന്മം ....

 _Jithu_
Abudhabi

Monday, December 13, 2010

അപ്പെന്‍ഡിക്സ്‌



വല്ലാത്ത വയറു വേദന ....സഹിക്കാന്‍ വയ്യ.
നായരേട്ടന്റെ അഷ്ടഗന്ധിയും അയമോദകവും കഴിച്ചു നോക്കി, രക്ഷയില്ല .. രവിയേട്ടന്‍ പറഞ്ഞ യോഗാസന മുറകള്‍ പലതും പയറ്റി...ഇല്ല രക്ഷയില്ല...ഇനി എന്ത് ചെയ്യും.
റൂമിലെത്തിയപ്പോള്‍ അവിടെ കുമാരേട്ടന്റെ വക എന്തോ ഒരു ഔഷധവും.അങ്ങനെ എല്ലാവിധ
പരീക്ഷണങ്ങള്‍ക്കും വിധേയനായി ഈയുള്ളവന്‍ വിഷമിച്ചു നില്‍ക്കുകയാണ്...
ഇനി ഒരേ ഒരു വഴിയെ ഉള്ളൂ , മറ്റൊരു കുമാരേട്ടന്റെ വകയാണ്..ഈശ്വരന്‍ വൈദ്യനെ പോയി കാണുക..ആള് പരിഹാരം ഉണ്ടാക്കും..


ഈശ്വരന്‍ വൈദ്യനെങ്കില്‍ ഈശ്വരന്‍ വൈദ്യന്‍....സൂചി എങ്ങാനും വെക്കുമോ...??
പോയി നോക്കാം വയറു വേദന തന്നെ കൂടുതല്‍...
വൈദ്യര്‍ വയറില്‍ പിടിച്ചൊരു അമര്‍ത്തല്‍...ഹോ ...ഇതു തന്നെ ഈശ്വര ഏറ്റവും വലിയ വേദന. സകല ദൈവങ്ങളെയും കിടന്ന കിടപ്പില്‍ ചീത്ത പറഞ്ഞു....കൂടിയ ഇനമാണ്..അപ്പെന്‍ഡിക്സ്‌  .കട്ട്‌ ചെയ്തെ പറ്റൂ.
പിന്നെ ബഹളമയം ആയിരുന്നു....സ്കാന്നിംഗ്..രക്തം, പഞ്ചാര..ഹോ ഹോ ..


ഇനി കാത്തിരിപ്പാണ്...8 മണി ആവണം ...
പുറത്തെ കാഴ്ചകള്‍ കാണാം.
അവിടെയതാ നിറമില്ലാത്ത പൂക്കള്‍..ചിറകില്ലാത്ത പറവകള്‍..നൂലില്ലാ പട്ടം.
എന്താണീ പൂക്കള്‍ക്ക് നിറം ഇല്ലാതെ പോയത്.?.
ചിറകില്ലാതെ എന്തിനാണ് ഈ പറവകള്‍ക്കീ ജന്മം ??......നൂലില്ലാ പട്ടം...??
ഹും ...അതെന്തെങ്കിലും ആവട്ടെ....ഇവിടെ എന്റെ വയറു.... ഈ അപ്പെന്‍ഡിക്സ്‌ ...
ഇതൊന്നു മാറിയാല്‍ മതിയായിരുന്നു...


അപ്പോളേക്കും സമയമായി....ഓപ്പറെഷന്‍ തീയറ്ററില്‍ കയറ്റി....പിന്നെയൊന്നും ഓര്‍മയില്ല...
എഴുന്നേറ്റു നോക്കുമ്പോള്‍...ബെഡില്‍ ..
ഒറ്റ ദിവസം കൊണ്ട് ഒരു രോഗിയും ആയി....എന്ത് ചെയ്യും...!!
ശരീരമാകെ കീറിമുറിച്ചു ,എല്ലാം വാരികൂട്ടി തുന്നികെട്ടി ഇരിക്കുകയാണ്...
അപ്പെന്‍ഡിക്സ്‌ ...ടെസ്റ്റ്‌ റിസള്‍ട്ട്‌ വരും....അത് കിട്ടിയാല്‍ പോകാമെന്നാണ് വൈദ്യര് പറഞ്ഞത്....ഹും .അത് വരെ ജാലക വാതില്‍ തുറന്നിടാം...


അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും നോക്കിയാല് ഈ ലോകം വളരെ വലുതാണ്‌....
എല്ലാം കാണാം...
വീണ്ടും അതേ പൂവ്..നിറമില്ലാതെ...അതേ പറവകള്‍ ചിറകില്ലാതെ...അതേ പട്ടവും ഓളങ്ങളില്‍ അലഞ്ഞു ഒഴുകുന്ന കപ്പിത്താനില്ലാത്ത കപ്പലുകളും...
എനിക്കൊന്നു കരയണം എന്നു തോന്നുന്നു..നിറമില്ലാത്ത പൂക്കള്‍ക്ക് വേണ്ടി...ചിറകില്ലാത്ത സുന്ദരി പറവകള്‍ക്ക് വേണ്ടി..
ഞാനും ഒന്ന് കരഞ്ഞോട്ടെ....


ഹേ ...ആരോ  ചിരിക്കുന്നു.....മുറിച്ചു മാറ്റിയ അപ്പെന്‍ഡിക്സ്‌ ആണു, അവന്‍ റിസള്‍ട്ടും  ആയി എത്തിയിരിക്കുന്നു...
റിസലട്ട് ഇങ്ങനെ ആയിരുന്നു.-" അരകിലോ ഉണ്ട്....അകത്തു മുഴുവനും "അഹന്ത " നിറഞ്ഞിരിക്കുകയാണ്......."
"അനുഭവിച്ചോ....അനുഭവിച്ചോ...ഒരു വയറു വേദന നിനക്കു സഹിക്കാന്‍ പറ്റുന്നില്ല അല്ലേ..
ഇപ്പോള്‍ എന്നിട്ട് കരയുകയാണ്....കണ്ണില്‍ കണ്ട പൂവിനും പൂച്ചക്കും വേണ്ടി...എന്നെ മുറിച്ചു മാറ്റുമ്പോള്‍ ആലോചിക്കണമായിരുന്നു..."
അവന്‍ വീണ്ടും കളിയാക്കി ചിരിക്കുകയാണ്.....


നീ എന്ത് പറഞ്ഞാലും കുഴപ്പമില്ല....ഇപ്പോള്‍ എന്തോ ഒരു ഭാരം കുറഞ്ഞപോലെ...
ഇനി ഞാനും ഒന്ന് കരഞ്ഞോട്ടെ...അല്ലെങ്കിലും ഞാനൊരു മനുഷ്യന്‍ അല്ലേ.....!!!


അപ്പോളതാ പുറകില്‍ കൂട്ടച്ചിരി...
ഹൊഹോ....എല്ലാവരും ഉണ്ടല്ലേ....
കളിയാക്കിക്കോ...നിങ്ങ‍ള്‍ക്കിപ്പോള്‍ ഒന്നും മനസിലാവില്ല...
അപ്പെന്‍ഡിക്സ്‌-അവനെ ഒന്ന് മുറിച്ചു മാറ്റി നോക്കൂ നിങ്ങള്‍ക്കും മനസിലാവും...നിറമുള്ള കണ്ണുകള്‍ ഉള്ള പറക്കാന്‍ ചിറകുകള്‍ ഉള്ള ചിന്തിക്കാന്‍ നല്ല മനസുള്ള നിങ്ങളും അന്നു കരയും എന്റെ കൂടെ ...
വെറുതെ എങ്കിലും......


എന്നെ വെറുത വിട്ടേക്കൂ.......
ഇനി എങ്കിലും ഞാനൊന്നു കരഞ്ഞോട്ടെ...
  


      _Jithu_       
     Abudhabi

Friday, December 10, 2010

മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ...?

 പെണ്ണിന്റെ പിണക്കം മാറ്റാന്‍ എന്താ ഒരു വഴി......???


Monday, December 6, 2010

നീതി

കണ്ണു മൂടിയ സൈനിക,വെളിച്ചം മറക്കുന്നു
പിന്നതാ പൊട്ടികരയുന്നു
അന്ധയായ നീതിബോധമേ നിനക്കില്ല
എന്റെ നിറമുള്ള കണ്ണുകള്‍
അന്ധത പൂകി ,അധരങ്ങള്‍ മൂടി
പിന്നെയും പൊട്ടികരഞ്ഞു നീ .


പറിച്ചെടുക്കൂ നീറും ഹൃദയം
മരണം മണക്കും പാല പൂക്കട്ടെ..
തഴുതിട്ടിടാം ആത്മനിന്ദകള്‍,
പൂട്ടിയിടുക മനമാ ഇരുളില്‍
താഴ് കൈ എത്തും ദൂരെ മറക്കാതെ കാക്കുക..
അന്ധകാരത്തില്‍ കാട്ടുതീ പടരുന്ന  നേരം,
നിന്റെ ചിന്തകളാ മനം തിരഞ്ഞേക്കാം


ചിതലരിക്കും മുന്‍പാ കറുത്ത സ്വപ്നങ്ങള്‍ തൂത്തു വാരാം..
മണിചിത്രത്താഴാ,
വിങ്ങും കരള്‍ അറിയാതെ തകര്‍ത്തേക്കാം
കാത്തു നില്‍കാതെ..,
നഖമുനയാലാ പൊയ്‌മുഖങ്ങള്‍ വലിച്ചുകീറാം
മുഖംമൂടികള്‍  അഗ്നിക്കായ് നല്‍കാം,
ഒരു പിടി ചാരം കരുതുക...
നെറികെട്ട നരനുടെ നെഞ്ചില്‍ വിതറാം


നീതി, നിന്‍ ചാരിയ മിഴികള്‍ തുറന്നു വെക്കണേ
താളുകള്‍ തുലാസില്‍ ഭാരം നിറക്കാതെ  നോക്കണേ.. ..
താഴിട്ട മനം നീ തുറക്കാതെ കാക്കണേ ...
വീണ്ടും കണ്ണുനീര്‍ വാര്‍ക്കാതിരിക്കണേ.....


അന്തരം അന്ധരാം നാടിനു പുതുസ്വപ്‌നങ്ങള്‍ പകരാം
നിറങ്ങള്‍ വിരിയട്ടെ...പുഞ്ചിരി പൂക്കട്ടെ ...

       _Jithu_
        Abudhabi

Wednesday, December 1, 2010

ലക്ഷ്മണാ നീ പൊറുക്കുക...


ഇതു ഞാന്‍ രാമന്‍,
ലക്ഷ്മണാ നീ പൊറുക്കുക...
ഏട്ടന്റെ കടമകള്‍ ചുമലേറ്റിയ ഭരതാ,
നിന്നെയാണെനിക്കേറെയിഷ്ടം.
അനുജാ നീ തന്നെ നേര്,
കണ്ണടച്ചോരെന്നില്‍ പടരുന്നു കാരിരുള്‍..!!!


താതന്റെ ആശകള്‍ പൂക്കണം,
കൈകേയി മാതയെ റാണിയായ്‌  വാഴ്ത്തണം.
കാനന പാതയിരുള്‍ വന്നു മൂടിയാല്‍
നീ എന്റെ മിഴികളില്‍ വെളിച്ചമായ്  മാറണം
നാടിനെ ഓര്‍ക്കണം 
നാടിന്റെ ജിഹ്വകം ഭയക്കണം.


തള്ളിപറഞ്ഞവര്‍ തന്നെ പറയണം,
നീ തന്നെ വല്ലഭന്‍, ജ്യേഷ്ഠനെക്കാള്‍ ശ്രേഷ്ഠന്‍.
അവരുടെ വാക്കുകള്‍ പെരുമ്പറ കൊട്ടണം
കാതില്‍ മുഴങ്ങണം-അവിടെനിക്കഭിമാനം കൊള്ളണം.


ദുഷ്ചിന്ത രാക്ഷസര്‍ ചക്രവ്യൂഹങ്ങള്‍ തീര്‍ത്തേക്കാം,
അവിടെയെന്റനുജന്‍ ധനഞ്ജയനാവണം.
അവരുടെ മാറ് പിളര്‍ക്കണം
എന്‍ മനം തുടിക്കണം,നിന്നിലൂറ്റം കൊള്ളണം.


പതറുന്ന നേരം ഏട്ടന്റെ കരം ഗ്രഹിക്കണം,
അകലെയാണെങ്കിലും അരികിലുണ്ടോര്‍ക്കണം,
നേര്‍വഴി കാട്ടുവാന്‍, നല്ലത് കാണുവാന്‍
ഭരതാ നീയെന്റെ സ്വപ്നം, അനുജരില്‍ പ്രിയന്‍....


  _Jithu_
  Abudhabi
(ഏട്ടന്റെ അനുജനാം ഭരതനോട്.....)

Thursday, November 25, 2010

കവിതയും നീയും

മൌനങ്ങള്‍ നല്‍കി നെഞ്ചിന്‍ നേരിപ്പോടെരിച്ചു,
അതിലെന്റെ ജീവനും ഉള്‍കണ്ണിന്‍ കാഴ്ചയും
പിന്നിട്ട വഴികളും, പകര്‍ന്നെണ്ണയായ് ...,
ഉരുക്കിയെടുത്തതില്‍ നിന്നൊരു പിടി കനല്‍ വാരി
ഞാനാ വാക്കില്‍ പുരട്ടി,യേകി നിനക്കായ്...
ഇനിയതിന്‍ പൊരുള്‍ തിരയാം ഞാനൊരു , 
മാത്ര സഖീ നിന്‍ മിഴിയിണകളില്‍  ..‍


ഞാനാം പാഴ്വാക്കില്‍ കുരുങ്ങി
നിന്‍ അധരവുമതേറ്റു വാങ്ങി....
വെന്തുരുകി, ഹൃദയം പിടഞ്ഞതില്‍
നീയെന്‍ ആത്മാര്‍ത്ഥങ്ങള്‍ക്കര്‍ത്ഥം ചമക്കും...
അവിടെയാ വാക്കിനു ചിറകുമുളചൊരുവേള
അതിലെന്റെ പേര് നീ കൊത്തി വെക്കും  ..
അന്നെന്റെ കവിത പിറവികൊള്ളും.


നീ നല്‍കിയ പ്രാണനുമായ്‍  കവിതയും
അതിന്‍ ചിറകേറിയീ ഞാനും
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്,
ഒരപ്പൂപ്പന്‍ താടി പോലൊഴുകിയൊഴുകിയൊഴുകി.......


 
            Your ever loving friend,
       _Jithu_
        Abudhabi

Saturday, November 20, 2010

പരിഭവം

പരിഭവം

ഇന്നലെകളില്‍ തുടങ്ങുന്നീ പരിഭവം,
ഇന്നുകളിലൂടെ പടരുന്നു പരിഭവം.

എന്തിനെന്‍ ബാല്യം കവര്‍ന്നെടുത്തു,
എന്തിനു കൗമാരകോമാളിയാക്കി-യിത്ര
മേല്‍ യൗവനം തീക്ഷ്ണമാക്കി,പിന്നെ-
ന്തിനീ മാംസത്തില്‍ കാലമാം വിരുതു കാട്ടി.

വിടരുവാന്‍ ‍ കൊതിച്ച പൂമൊട്ടിറുത്തു,
വിടര്‍ന്നൊരാ പൂവിന്‍ ഇതള്‍ കൊഴിച്ചു
അടരുമാ ജീവനില്‍ പ്രണയം വിതറി,
നോവുമാ മുറിവിനു ആഴവും നല്‍കി.

എന്തിനാ സ്വപ്നത്തില്‍ കരിനിഴല്‍ 
വീഴ്ത്തി,യെന്തിനാ വാക്കില്‍ വിഷം പുരട്ടി.
പിന്നാ പുഞ്ചിരി വഞ്ചനയൊളിപ്പി-
ച്ചെന്തിനാ മോഹം കാമപങ്കിലമാക്കി 

എന്തിനീ കരങ്ങളില്‍ രക്തം പുരട്ടി,
എന്തിനീ കരളില്‍ കയ്പ്പു നിറച്ചു..
പിന്നെന്തിനെന്‍ ചുമലില്‍ പാപഭാരം നല്‍കി.
അന്തിയിലീയെന്നെ നീ ഭീഷ്മരാക്കി...??
എന്തിനീയുലകില്‍ വര്‍ണ്ണങ്ങള്‍ പാകി 
എന്തിനാ കുരുന്നിന്‍ കണ്ണെടുത്തു,
പിന്നെന്തിനാ കണ്ണില്‍ നീ കണ്ണീരുതേച്ചു
കൈകളില്‍ ഭിക്ഷ തന്‍  മാറാപ്പു നല്‍കി.

ഇന്നലെകളില്‍ തുടങ്ങുന്നീ പരിഭവം,
ഇന്നുകളിലൂടെ പടരുന്നു പരിഭവം,
ഇനിയെന്തെന്ന ചോദ്യവുമായി;
നാളെകളില്‍ തുടരുന്നീ പരിഭവം. !!!



 _Jithu_
 Abudhabi

Tuesday, November 16, 2010

മാനിഷാദ.


കുറുമ്പനാം കുഞ്ഞാടിന്‍ കേളികള്‍ കണ്ടിട്ടും
എന്തിത്ര കരയുന്നൂ ഈ; സുന്ദരി പെണ്ണാട് .. 

എവിടെന്റെ ഏട്ടന്മാര്‍,ചോദിച്ചൂ പലവട്ടം,
ചൊല്ലുവതെങ്ങിനെ...
നിങ്ങള്‍, എന്‍ മക്കളെ വെറും ബലിമൃഗങ്ങള്‍ 
ഇന്നെന്റെ മക്കളെ  ഹൃദയശൂന്യരാം മാനുജന്‍,
എന്തിനോ വേണ്ടി കഴുത്തറുത്തീടും, ചുട്ടുതിന്നും‍.

ഒട്ടേറെ മക്കളെ പെറ്റമ്മതന്‍ അമ്മിഞ്ഞ,
ശേഷിക്കും നീ  കുടിച്ചു കൊള്‍ക.
ഇനി നിന്റെ ഊഴമാണെന്റെ പൊന്നുണ്ണിയെ  
എന്‍ മാറു ചേര്‍ന്നുറങ്ങുക നീ
നിന്‍ ഉയിര്‍-അവരെടുക്കും, നിണം കുടിക്കും..
ക്രൂരരാം മനുജരും കണ്ണുതുറക്കാത്ത ദൈവവും ...

തന്നിടണെ എന്‍ അവസാന മുത്തിനെ,യെങ്കിലും.
കൊന്നിടല്ലേ...;
കേള്‍ക്കുവാന്‍ വയ്യെനിക്കെന്‍ കുഞ്ഞിന്റെ രോദനം  
"അമ്മേ അമ്മേ" ആര്‍ത്തനാദം  

നല്കിയതെന്തിനീ പൊന്നോമല്‍ മക്കളെ...
കൊതി തീരും മുന്നവര്‍ കഴുത്തറുത്തു
കേള്‍ക്കുക കാട്ടാളാ, അബലയാമീ അമ്മതന്‍ കണ്ണുനീര്‍ 
എന്‍ ഉയിരവരെന്തിനായ് ബാക്കി വെപ്പൂ..

പൊട്ടികരയുവാന്‍ തന്നില്ല വാക്കുകള്‍ ..
നരനുടെ ഹൃദയം നുറുക്കാന്‍ തന്നില്ല കരങ്ങളും...
ഊറ്റികുടിപ്പൂ അവരെന്റെ അമൃതവും,
കീറിമുറിപ്പൂ അവരെന്റെ കളജവും...

എന്നോമലാളിന്‍ മുറിപ്പാട് വീഴ്ത്തും
മുന്‍പാഞ്ഞു വീശൂക നിങ്ങളാ കൊടുവാള്‍,
അറുത്തുമാറ്റൂ ഈ അമ്മതന്‍ ഹൃദയം ....
നല്‍കിടല്ലേ ഇനിയീ ജന്മം,
പിറന്നിടല്ലേ ഇനിയീ നശിച്ച ഭൂവില്‍..

 _Jithu_
 Abudhabi
(ക്ഷമിക്കുക......മിണ്ടാപ്രാണികള്‍ക്കൊരു  വാക്ക്‌.)

Friday, November 12, 2010

ജാലകവാതിലടച്ചേക്കാം.

ഞാനെന്റെ വാക്കുകള്‍ തള്ളിവിട്ടു ,
നിങ്ങളെന്‍ വാക്കിനെ അള്ളിപ്പിടിച്ചു ,
പിന്നെ കിള്ളിക്കുറിച്ചു.....
കുത്താതെ കീറാതെ,
നിങ്ങളാ  വാക്കിനെ നുള്ളിനോവിക്കാതെ.. 
വാക്കുകള്‍,
അവരെന്‍ ജീവന്റെ ജീവനാണേ...

വാക്കുകളിലശ്ലീലം തിരയുന്ന ലോകം ...
ദംഷ്ട്രകള്‍ നീട്ടി അലറുന്നു രാക്ഷസര്‍.
വിഷപ്പല്ലു കൊണ്ടെന്‍ കരം വിങ്ങീ സഖേ..
വാക്കുളിലെങ്ങാനും വിഷം തീണ്ടിയാല്ലോ,
ഹൃദയം പകര്‍ത്താന്‍  മടികൊണ്ടെന്‍ തൂലിക.

അഴിഞ്ഞാടി കുഴഞ്ഞാടി ദുര്‍ഗന്ധം പേറി;
ഏഷണികാറ്റിതാ എത്തിനോക്കുന്നു .
കട്ടുറുമ്പാവാതെ കുശുമ്പികാറ്റേ.. ..
ഇതെന്റെ  ലോകം..‍ഇവിടമെന്‍ സ്വന്തം.
ഞാനുമെന്‍ തോഴിയാം വാക്കും തനിച്ചുറങ്ങട്ടെ,
ഇനി കളിപറഞ്ഞോട്ടെ..
ജാലകവാതിലടച്ചേക്കാം....

 
  _Jithu_
Abudhabi

Tuesday, November 9, 2010

പഴഞ്ചന്‍


കവി പറഞ്ഞു ,പ്രണയം പഴഞ്ചനായി...
കുട്ടി ചോദിച്ചു...,
പ്രണയം എങ്ങനെ പഴഞ്ചനാവും,
പ്രണയത്തില്‍ സ്നേഹബന്ധങ്ങളില്ലേ?
വിരഹ നൊമ്പരമില്ലേ?
വഞ്ചനയുടെ ലാഞ്ചനയില്ലേ?

കവി പറഞ്ഞു,
എങ്കിലും പ്രണയം പഴഞ്ചനായി.....
പ്രണയത്തില്‍ കണ്ണുനീരിന്റെ കയ്പ്പുണ്ടല്ലോ?
പുഞ്ചിരിയുടെ മാധുര്യമുണ്ടല്ലോ?
കാത്തിരിപ്പിന്റെ സൌഖ്യം ഉണ്ടല്ലോ?
നഷ്ടപ്പെടലിന്‍ വേദന ഉണ്ടല്ലോ?
കുട്ടിക്കു സംശയമൊട്ടും മാറിയില്ല...

കവി വീണ്ടും പറഞ്ഞു,
എങ്കിലും പ്രണയം പഴഞ്ചനായി.....
കുട്ടീ നീ നിന്റെ പ്രണയത്തെ കാട്ടിലെറിയൂ..
കുട്ടി ചോദിച്ചു ,
ഞാനെങ്ങനെ എന്റെ പ്രണയത്തെ പെരുവഴിയില്‍ ഉപേക്ഷിക്കും
പുഴ വറ്റിയാലോ? എന്റെ കാല്‍പ്പാടുകള്‍ മാഞ്ഞുപോയാലോ?

കവി പറഞ്ഞു ഇനി നീ മിണ്ടി പോവരുത്...
നീ കൊച്ചു കുട്ടിയാണ്...നിനക്കൊന്നും അറിയില്ല...

കുട്ടിക്കേറെ പറയാനുണ്ടായിരുന്നു....
കവിക്കേറെ അനുഭവങ്ങളുണ്ടല്ലോ...
കവി പറഞ്ഞതു ശരി ആയിരിക്കും...
താനൊരു കൊച്ചുകുട്ടിയല്ലേ...
ഇനി മിണ്ടാതിരിക്കാം...കണ്ടു പഠിക്കാം...
കുട്ടി തിരിഞ്ഞു നടന്നു....
  

 _Jithu_
Abudhabi

Friday, November 5, 2010

മറവി....!!!

കാര്‍കൂന്തല്‍ അഴകില്‍ കാര്‍മുകില്‍ തേടി ഞാന്‍..
മയില്‍‌പീലികണ്ണില്‍ മയിലിനെ തേടി ഞാന്‍,
പവിഴധാരത്തില്‍ പവിഴം തേടി ഞാന്‍,
ചന്ദനമാര്‍ന്നുടല്‍ ചന്ദനം തേടി ഞാന്‍.

എല്ലാം തേടി ഞാനെല്ലാം നേടി ഞാന്‍....
കാര്‍മുകില്‍ നേടി ഞാന്‍,
മയിലിനെ നേടി ഞാന്‍,
പവിഴവും നേടി ഞാന്‍ ചന്ദനം നേടി ഞാന്‍.

തേടിയതെല്ലാം നേടിയെന്നാകിലും
ഓര്‍മയില്‍ കരടായ് നിറയുന്ന മറവി ....-
തേടിയതെല്ലാം നല്‍കിയ ദേവി ..- നിന്നെ മറന്നു ഞാന്‍,
തേടിയതെന്തിന്നും തേടുവതെന്തു...???

നിന്‍ മൗനനൊമ്പരം മറന്നു ഞാന്‍,
നിന്‍ മിഴിനീരുള്‍പൊരുള്‍ മറന്നു ഞാന്‍
ഓടും പാതയില്‍ നിന്‍ ഹൃദയരാഗം മറന്നു ഞാന്‍
നിന്നെ തേടി ഞാനെല്ലാം നേടി ഞാന്‍..

ഒടുവില്‍ ,
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ ........
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ .
       _Jithu_       
 Abudhabi

Monday, November 1, 2010

രാമന്‍ ( ഒരു പ്രവാസി..)


മണ്ണിന്റെ ആഴത്തില്‍ ജീവന്റെ പൊരുള്‍
തേടിയലയുന്ന ജന്മങ്ങള്‍.......
പൊള്ളുന്ന പാദങ്ങള്‍,
പുകയുന്ന ചിന്തകള്‍....

പ്രാണന്റെ പാതിയാം സീതയെ..കൂടാതെ..
കാനനം പൂകുന്നു അഭിനവ രഘുരാമന്‍ ...
തകരുന്ന നെഞ്ചകം -അണകെട്ടി തടയുന്നു ..
നിസംഗിയാം നയനവും..മൌനിയായധരവും
പോകയായ്  പ്രിയ സഖീ ,സ്വപ്‌നങ്ങള്‍ പുല്‍കുവാന്‍..
അതുനിനക്കെകുവാന്‍ ..
അധരങ്ങളൊരു നാളും വിതുംബാതിരിക്കാന്‍ മമ  സഖീ
നിനക്കെകാം  അധരത്തില്‍ ഒരു മുത്തം .
കാനന പാതയില്‍ വിരിയിട്ട കല്മെത്ത നല്‍കിയ വേദന-
യതില്‍  പൊടിയുന്ന  നിണവും,
അറിയുന്നോ ഭരത നീയതിന്‍  നൊമ്പരം ...

അതിമോഹിയാം മാനസം ചൊല്ലുന്നു -മൌനമായ്...
"പിന്തിരിഞ്ഞോരിക്കലും നോക്കാതിരിക്ക.. 
 ഇടറുന്ന പാദങ്ങള്‍  മുന്നോട്ടു മുന്നോട്ടു...... "
കൊഴിയുന്ന സന്ധ്യയില്‍ വളരുന്ന മോഹവും ...അകലുന്ന ലക്ഷ്യവും ...
ചോരുവതറിയാതെ വാരുന്നു കൈകളും
പകല്‍മാഞ്ഞിരുള്‍ വന്നു വനവാസം കഴിയാറായ്....
മടങ്ങുന്ന രാമാ നിനക്കിനിയെന്തുണ്ട് ...???

വളരുന്ന മേദസ്സും ധമനികള്‍ നിറയുന്ന മധുരവും
ജീവനെ പകുത്തു നീ നേടിയ സൗധവും
പൊട്ടിചിരിക്കുവതാരെ -നിന്നെയെന്നറിക നീ,
പാദുകം പൂജിച്ച ഭരതനിന്നെവിടെ..
സ്വപ്നം മറന്ന വൈദേഹിയുമെവിടെ..?

നിന്‍ വിയര്‍പ്പൂറ്റി  നീ  വളര്‍ത്തിയ ബീജങ്ങള്‍
വളര്‍ന്നിന്നിതാ നിനക്കായ്‌ ശവമഞ്ചം പണിയുന്നു..
അടരാടി നേടിയതൊക്കെയും മിഥ്യയെന്നറികെ
മൂകമായ് തേങ്ങുന്നു അശ്വമേധിയാം രഘുരാമന്‍ .....  


     
  _Jithu_        
      Abudhabi

Monday, October 25, 2010

അരുത്



നീയെന്‍ നിശ്വാസമായ് പിറവികൊള്ളുന്നു ..
നീ എന്‍ ശ്വാസമായ് പുനര്‍ജനിക്കുന്നു.. 

മഞ്ഞിന്‍ത്തുള്ളിയാം ദേവി; നിനക്കഗ്നിശുദ്ധി  
വിധിച്ചോരവിവേകിയാം  രാമനെ വെറുക്ക നീ.
കൊട്ടാരം തീര്‍ത്തതില്‍ റാണിയായ് വാഴ്ത്തുവാന്‍
ദശമുഖന്‍ രാവണന്‍ കാത്തിരിപ്പൂ സഖീ..

കറുത്തരാവുകള്‍ അകന്നിരിക്ക ...
ചുവന്ന കൈകള്‍ പുണരാതിരിക്ക....
എവിടെയാണെങ്കിലും റാണിയായ് വാഴ്ക
വാടാതെ പൊഴിയാതെ  നീയൊരു മുകുളമായ് ....
നോവിക്കാന്‍ വെമ്പുമാ കരത്തെയകറ്റാന്‍
നീ പോല്‍  വെറുക്കുമാ  മുള്‍മുനയായ്..;  ഞാനും..

കണ്ണുനീര്‍ ഒരിക്കലും പൊഴിക്കാതിരിക്ക.
അവയൊരു പ്രളയമായ്  പുണര്‍ന്നാല്ലോ പ്രിയേ .
മൌനത്തിന്‍ മതില്‍ നീ തകര്‍ക്കാതെ തോഴി ..
മുനയുള്ള  വാക്കുകള്‍ എറിയാതെ തോഴി ....
ഹൃദയം തകര്‍ന്നതില്‍ നൊന്താലും ദേവി,
അധരത്താല്‍  വാക്കിനു തടവറ തീര്‍ക്കാം..
തടവറ തകര്‍ത്താ വാക്കുകള്‍ നിലവിളിച്ചാലോ,
അവയെന്‍  കണ്ഠത്തില്‍ കരം ചേര്‍ത്താലോ ,
ശ്വാസം നിലച്ചാലോ,യെന്‍ കരള്‍ പിളര്‍ന്നാലോ ..

നീ എന്‍ നിശ്വാസമായ് ,
തൂലിക പുണരുമാ കവിതതന്‍ ജീവനായ്...
എന്‍ മൗന സംഗീതമായ്...
എന്‍ കിനാവില്‍ മധുര വര്‍ണങ്ങളായ്
വാക്കില്‍ മായയായ് , എന്നില്‍ ഉണരുന്ന പുണ്യം...

ഓര്‍ക്കുവാന്‍ മാത്രമായ് മറക്കാം പൈങ്കിളി  ...
ഇനി മറവിതന്‍ ഓളങ്ങളിലലയാം....- വീണ്ടും ,
സ്വയം രചിച്ചോരാ വിധിയെ പഴിക്കാം ..,
ഓര്‍മതന്‍ മണല്‍ക്കര  തേടാം....
  
 _Jithu_
   Abudhabi 
(.....ഇന്നലെകളിലെപ്പോളോ പറയാന്‍ മറന്ന പ്രണയത്തിന്റെ ഓര്‍മക്ക് .....)

Friday, October 15, 2010

കരിന്തിരി



"അണയ്ക്കാതെ,അണയ്ക്കാതെ;
ഞാനൊരു കരിന്തിരി
തിളയ്ക്കുന്ന ചോരയില്‍ ,
നല്‍കുന്നീ പൊന്‍പ്രഭ..

തമസിന്റെ കരത്തില്‍ നിന്ന-
കറ്റി ഞാന്‍ വെളിച്ചമായ്...
അന്തരംഗങ്ങളില്‍ ആശതന്‍ സ്ഫുരണമായ്

നീയുരുകും വേളയില്‍
ഞാനുരുകി-യതു
നിന്‍ ഹൃദയത്തിന്‍ നിഴലായ്
ചാരത്തു നിന്നതും....
കണ്ണുകളില്ലെപ്പോഴും
ഞാനൊരു വെളിച്ചമായി
നീട്ടിയ വഴിത്താര മറന്നതെന്തിന്നു നീ ....

അണയുന്ന വേളയില്‍
എരിയുമെന്‍ നെഞ്ചകം,
ഒരു കരിമ്പടമായ് നിന്നെ പൊതിഞ്ഞുവോ?...
അത് നിന്‍ പൊലിമതന്‍ മാറ്റ് കുറച്ചുവോ..??
ജ്വലിക്കുമാ സൂര്യന്റെ
അഗ്നിയുമൊരു നാളില്‍
രജനിയായ് വന്നിരുള്‍ ‍
വിഴുങ്ങാമതു-നീ മറന്നുവോ?

അണയാമൊരു നാളിലറി-
യാമാതെങ്കിലും
അണയും വരേയ്ക്കും
നിന്‍ നിഴലായ് വളരാന്‍
അറിയാതെയെങ്കിലു-മെന്‍
മനം കൊതിക്കയാണുണ്ണി...
അണയുംവരേക്കുമണയാതിരിക്കാന്‍
തരിക നിന്‍
കരവും ദൃഡമാകും ചുമലും.......... "

_Jithu_
Venmenad


(....സമര്‍പ്പണം: കരിന്തിരി പോല്‍ , പെരുവഴിയില്‍ കണ്ടുമുട്ടിയ ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും...)

Saturday, October 9, 2010

മറുപടി

                          
അറിയുന്നവര്‍ പറയില്ല.,                   
അറിയാത്തവര്‍ പറഞ്ഞേക്കാം...
പറയുന്നവര്‍ പറയട്ടെ.
ചീവീടുകള്‍ കരയട്ടെ........

വളരട്ടെ ഇത്തിള്‍ക്കണ്ണികളവര്‍...,
തളിര്‍ക്കട്ടെ അവരെന്‍   നിണവുമൂറ്റി.
അലറുന്നവര്‍ അലറട്ടെ.
തളരുമ്പോള്‍ നിര്‍ത്തട്ടെ.....

ഹൃദയത്തിന്‍ ആഴത്തില്‍..,
ഞാനെന്നും  ഞാന്‍ മാത്രം.
അറിയുന്നോര്‍  അറിയട്ടെ.
അറിയാത്തവര്‍ പറഞ്ഞോട്ടെ ......
   
     _Jithu_
      Abudhabi

Friday, October 8, 2010

പുലരി

"ഇരുളിനെ നീ  ഭയന്നതെന്തിന്....
നാളെയുടെ പ്രതീക്ഷയുമായ്  പുലരിയുള്ളപ്പോള്‍  .....
പരാജയത്തില്‍  നീ  തളരുന്നതെന്തിനു..., 
അവിടെ നമുക്കൊരു സോപാനം തീര്‍ക്കാം  ...
ഇന്നലെകളില്‍  നിന്നെ നീ ശപിക്കുന്നതെന്തിന്.... ,
നാളെകളൊരു  തിരുത്തിനായ് കാത്തിരിക്കുമ്പോള്‍  .......
നോവുന്ന ഓര്‍മയെ  പഴിക്കുന്നതെന്തിന്...
ഓര്‍മ്മകള്‍ ഇന്നലെയുടെ പുണ്യങ്ങളത്രേ ............
നിന്നെ ഞാന്‍  വെറുക്കുന്നതെങ്ങിനെ.......!!!
ഞാനായി  നീ എന്നില്‍  നിറയുന്ന നേരം ......
മറക്കുന്നതെങ്ങിനെ വെറുക്കുന്നതെങ്ങിനെ...!!!
"ഞാന്‍" എന്നും  നീയും
"നീ"എന്നും ഞാനുമാകയാല്‍   .


               -jithu-
Abhudhabi

Thursday, October 7, 2010

തോല്‍വി


ഇനി ഞാന്‍ ഉറങ്ങട്ടേ......





പൂവാലന്‍ കോഴി തുകിലുമായെത്തി. പ്രഭാത സൂര്യന്‍ പൊന്നൊളി വീശി ......
മഴവില്ലില്‍ നിനക്കായ്‌ വര്‍ണങ്ങള്‍ നല്‍കി .......
പ്രണയത്തിന്‍ മധുരമായ് തെമ്മാടി കാറ്റും.........
കുയിലിന്‍  രാഗം ഉണര്‍ത്തു പാട്ടായി....
മയിലിന്‍   ചുവടുകള്‍ ചാരുതയായി........
ഇരുളിന്‍ കറുപ്പ്  ഞാനെടുത്തു സഖീ....പകലിന്‍
അരുണിമ നിനക്ക് നല്‍കി........
ഇരുളിന്‍ കറുപ്പ് ഞാനെടുത്തു സഖീ....ഇനി
ഉറങ്ങട്ടേ ഞാന്‍ സഖീ, ശാന്തമായി.......
  

                                                                _ജിത്തു_
 

മോഹം

പ്രഭാത സൂര്യനായ്
സിന്ദൂരരേഖയില്‍ കുങ്കുമമാവണം.
തുളസീഹാരമായ്
മണിമാറില്‍  മയങ്ങണം.
ചെമ്പകപൂവായ്
കാര്‍കൂന്തലില്‍  ഒളിക്കണം...
ഒരു പുതുമഴയായ്,
വാരി പുണരണം,പെയ്തിറങ്ങണം  ......"

                                                                      _Jithu_

Wednesday, October 6, 2010

ഭ്രാന്തന്‍

അവരെന്നെ ഭ്രാന്തനെന്നു വിളിച്ചു.............;
മണ്ടന്മാര്‍....അവരുണ്ടോ അറിയുന്നു..
പുഴയോരത്ത് ഞാന്‍ കാതോര്‍ത്തിരുന്നത്  പുഴയുടെ ഓളങ്ങളില്‍ ഇക്കിളി കൊള്ളുന്ന നിന്‍ അരഞ്ഞാണ്‍ കിലുക്കത്തിനായിരുന്നു എന്ന്.......
പാല്‍ നിലാവില്‍  അലഞ്ഞത് നിന്നില്‍ അലിയാനായിരുന്നു എന്ന്....പാല്‍ നിലാവിന് നിന്റെ നിറമായിരുന്നു എന്ന്......
പൂക്കളില്‍ തിരഞ്ഞത്  നിന്റെ പുഞ്ചിരി ആയിരുന്നു എന്ന് .......പൂക്കള്‍ക്ക്  നിന്റെ
ഗന്ധം ആയിരുന്നു എന്ന്............
മണ്ടന്‍മാര്‍....അവര്‍   ചിരിക്കട്ടെ....
                                                                                                                     _ jithu_