Monday, November 1, 2010

രാമന്‍ ( ഒരു പ്രവാസി..)


മണ്ണിന്റെ ആഴത്തില്‍ ജീവന്റെ പൊരുള്‍
തേടിയലയുന്ന ജന്മങ്ങള്‍.......
പൊള്ളുന്ന പാദങ്ങള്‍,
പുകയുന്ന ചിന്തകള്‍....

പ്രാണന്റെ പാതിയാം സീതയെ..കൂടാതെ..
കാനനം പൂകുന്നു അഭിനവ രഘുരാമന്‍ ...
തകരുന്ന നെഞ്ചകം -അണകെട്ടി തടയുന്നു ..
നിസംഗിയാം നയനവും..മൌനിയായധരവും
പോകയായ്  പ്രിയ സഖീ ,സ്വപ്‌നങ്ങള്‍ പുല്‍കുവാന്‍..
അതുനിനക്കെകുവാന്‍ ..
അധരങ്ങളൊരു നാളും വിതുംബാതിരിക്കാന്‍ മമ  സഖീ
നിനക്കെകാം  അധരത്തില്‍ ഒരു മുത്തം .
കാനന പാതയില്‍ വിരിയിട്ട കല്മെത്ത നല്‍കിയ വേദന-
യതില്‍  പൊടിയുന്ന  നിണവും,
അറിയുന്നോ ഭരത നീയതിന്‍  നൊമ്പരം ...

അതിമോഹിയാം മാനസം ചൊല്ലുന്നു -മൌനമായ്...
"പിന്തിരിഞ്ഞോരിക്കലും നോക്കാതിരിക്ക.. 
 ഇടറുന്ന പാദങ്ങള്‍  മുന്നോട്ടു മുന്നോട്ടു...... "
കൊഴിയുന്ന സന്ധ്യയില്‍ വളരുന്ന മോഹവും ...അകലുന്ന ലക്ഷ്യവും ...
ചോരുവതറിയാതെ വാരുന്നു കൈകളും
പകല്‍മാഞ്ഞിരുള്‍ വന്നു വനവാസം കഴിയാറായ്....
മടങ്ങുന്ന രാമാ നിനക്കിനിയെന്തുണ്ട് ...???

വളരുന്ന മേദസ്സും ധമനികള്‍ നിറയുന്ന മധുരവും
ജീവനെ പകുത്തു നീ നേടിയ സൗധവും
പൊട്ടിചിരിക്കുവതാരെ -നിന്നെയെന്നറിക നീ,
പാദുകം പൂജിച്ച ഭരതനിന്നെവിടെ..
സ്വപ്നം മറന്ന വൈദേഹിയുമെവിടെ..?

നിന്‍ വിയര്‍പ്പൂറ്റി  നീ  വളര്‍ത്തിയ ബീജങ്ങള്‍
വളര്‍ന്നിന്നിതാ നിനക്കായ്‌ ശവമഞ്ചം പണിയുന്നു..
അടരാടി നേടിയതൊക്കെയും മിഥ്യയെന്നറികെ
മൂകമായ് തേങ്ങുന്നു അശ്വമേധിയാം രഘുരാമന്‍ .....  


     
  _Jithu_        
      Abudhabi

1 comment:

  1. അടരാടി നേടിയതൊക്കെയും മിഥ്യയെന്നറികെ
    മൂകമായ് തേങ്ങുന്നു അശ്വമേധിയാം രഘുരാമന്‍ .....

    അഭിനവ രാമന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നതിതു തന്നെ....

    ReplyDelete