Saturday, November 20, 2010

പരിഭവം

പരിഭവം

ഇന്നലെകളില്‍ തുടങ്ങുന്നീ പരിഭവം,
ഇന്നുകളിലൂടെ പടരുന്നു പരിഭവം.

എന്തിനെന്‍ ബാല്യം കവര്‍ന്നെടുത്തു,
എന്തിനു കൗമാരകോമാളിയാക്കി-യിത്ര
മേല്‍ യൗവനം തീക്ഷ്ണമാക്കി,പിന്നെ-
ന്തിനീ മാംസത്തില്‍ കാലമാം വിരുതു കാട്ടി.

വിടരുവാന്‍ ‍ കൊതിച്ച പൂമൊട്ടിറുത്തു,
വിടര്‍ന്നൊരാ പൂവിന്‍ ഇതള്‍ കൊഴിച്ചു
അടരുമാ ജീവനില്‍ പ്രണയം വിതറി,
നോവുമാ മുറിവിനു ആഴവും നല്‍കി.

എന്തിനാ സ്വപ്നത്തില്‍ കരിനിഴല്‍ 
വീഴ്ത്തി,യെന്തിനാ വാക്കില്‍ വിഷം പുരട്ടി.
പിന്നാ പുഞ്ചിരി വഞ്ചനയൊളിപ്പി-
ച്ചെന്തിനാ മോഹം കാമപങ്കിലമാക്കി 

എന്തിനീ കരങ്ങളില്‍ രക്തം പുരട്ടി,
എന്തിനീ കരളില്‍ കയ്പ്പു നിറച്ചു..
പിന്നെന്തിനെന്‍ ചുമലില്‍ പാപഭാരം നല്‍കി.
അന്തിയിലീയെന്നെ നീ ഭീഷ്മരാക്കി...??
എന്തിനീയുലകില്‍ വര്‍ണ്ണങ്ങള്‍ പാകി 
എന്തിനാ കുരുന്നിന്‍ കണ്ണെടുത്തു,
പിന്നെന്തിനാ കണ്ണില്‍ നീ കണ്ണീരുതേച്ചു
കൈകളില്‍ ഭിക്ഷ തന്‍  മാറാപ്പു നല്‍കി.

ഇന്നലെകളില്‍ തുടങ്ങുന്നീ പരിഭവം,
ഇന്നുകളിലൂടെ പടരുന്നു പരിഭവം,
ഇനിയെന്തെന്ന ചോദ്യവുമായി;
നാളെകളില്‍ തുടരുന്നീ പരിഭവം. !!!



 _Jithu_
 Abudhabi

4 comments:

  1. കവിത നന്നായി.. ഈ പരിഭവം ഒന്ന് നിര്‍ത്തിക്കൂടെ..ഇനിയെങ്കിലും..?
    (എന്‍റെ മറുപടി ഈ വിഡ്ഢിക്കവിതയില്‍ വായിക്കൂ)


    എന്തിനീ പരിഭവം തുടരുന്നു നീ
    നിന്റെ ചുറ്റിലെക്കൊന്നു കണ്ണോടിച്ചു കൊള്‍ക,
    എന്തോരനുഗ്രഹീതനാണ് നീ ഭൂമിയില്‍
    മറ്റനേകം സൃഷ്ട്ടി ജാലങ്ങലെക്കാളും
    എന്ന് നിന്‍ അന്തരംഗം മന്ത്രിച്ചിടും..

    ReplyDelete
  2. പരിഭവം കളയൂ സഖേ...കിട്ടിയത് ദുഃഖങ്ങളെങ്കില്‍..അത് സുഖത്തിന്റെ വിലയറിയാനായിരുന്നുവെന്നു കരുതുക..നാമെന്ന വ്യക്തിയില്‍ നിന്നും നമ്മളെന്ന സമൂഹത്തില്‍ ദൃഷ്ടിയര്‍പ്പിക്കു...എന്തായാലും നന്നായിട്ടുണ്ട് ജിത്തു...

    ReplyDelete
  3. സലിം @ സൌഹൃദത്തിന്റെ കരങ്ങള്‍ നീട്ടിയ സുഹൃത്തേ നന്ദി..
    ദേവി @ ഈ ലോകം എന്നും ഇങ്ങനെ ഒക്കെ തന്നെ അല്ലേ....നമ്മളില്‍ നിന്നും ഞാന്‍ എന്ന വ്യക്തിയിലേക്ക് ചുരുങ്ങി ചുരുങ്ങി....

    ReplyDelete
  4. കൊച്ചു കൊച്ചു പരിഭവങ്ങളിലെ വലിയ പരിഭവങ്ങള്‍ നന്നായിരിയ്ക്കുന്നൂ....!

    ReplyDelete