Thursday, November 25, 2010

കവിതയും നീയും

മൌനങ്ങള്‍ നല്‍കി നെഞ്ചിന്‍ നേരിപ്പോടെരിച്ചു,
അതിലെന്റെ ജീവനും ഉള്‍കണ്ണിന്‍ കാഴ്ചയും
പിന്നിട്ട വഴികളും, പകര്‍ന്നെണ്ണയായ് ...,
ഉരുക്കിയെടുത്തതില്‍ നിന്നൊരു പിടി കനല്‍ വാരി
ഞാനാ വാക്കില്‍ പുരട്ടി,യേകി നിനക്കായ്...
ഇനിയതിന്‍ പൊരുള്‍ തിരയാം ഞാനൊരു , 
മാത്ര സഖീ നിന്‍ മിഴിയിണകളില്‍  ..‍


ഞാനാം പാഴ്വാക്കില്‍ കുരുങ്ങി
നിന്‍ അധരവുമതേറ്റു വാങ്ങി....
വെന്തുരുകി, ഹൃദയം പിടഞ്ഞതില്‍
നീയെന്‍ ആത്മാര്‍ത്ഥങ്ങള്‍ക്കര്‍ത്ഥം ചമക്കും...
അവിടെയാ വാക്കിനു ചിറകുമുളചൊരുവേള
അതിലെന്റെ പേര് നീ കൊത്തി വെക്കും  ..
അന്നെന്റെ കവിത പിറവികൊള്ളും.


നീ നല്‍കിയ പ്രാണനുമായ്‍  കവിതയും
അതിന്‍ ചിറകേറിയീ ഞാനും
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്,
ഒരപ്പൂപ്പന്‍ താടി പോലൊഴുകിയൊഴുകിയൊഴുകി.......


 
            Your ever loving friend,
       _Jithu_
        Abudhabi

Saturday, November 20, 2010

പരിഭവം

പരിഭവം

ഇന്നലെകളില്‍ തുടങ്ങുന്നീ പരിഭവം,
ഇന്നുകളിലൂടെ പടരുന്നു പരിഭവം.

എന്തിനെന്‍ ബാല്യം കവര്‍ന്നെടുത്തു,
എന്തിനു കൗമാരകോമാളിയാക്കി-യിത്ര
മേല്‍ യൗവനം തീക്ഷ്ണമാക്കി,പിന്നെ-
ന്തിനീ മാംസത്തില്‍ കാലമാം വിരുതു കാട്ടി.

വിടരുവാന്‍ ‍ കൊതിച്ച പൂമൊട്ടിറുത്തു,
വിടര്‍ന്നൊരാ പൂവിന്‍ ഇതള്‍ കൊഴിച്ചു
അടരുമാ ജീവനില്‍ പ്രണയം വിതറി,
നോവുമാ മുറിവിനു ആഴവും നല്‍കി.

എന്തിനാ സ്വപ്നത്തില്‍ കരിനിഴല്‍ 
വീഴ്ത്തി,യെന്തിനാ വാക്കില്‍ വിഷം പുരട്ടി.
പിന്നാ പുഞ്ചിരി വഞ്ചനയൊളിപ്പി-
ച്ചെന്തിനാ മോഹം കാമപങ്കിലമാക്കി 

എന്തിനീ കരങ്ങളില്‍ രക്തം പുരട്ടി,
എന്തിനീ കരളില്‍ കയ്പ്പു നിറച്ചു..
പിന്നെന്തിനെന്‍ ചുമലില്‍ പാപഭാരം നല്‍കി.
അന്തിയിലീയെന്നെ നീ ഭീഷ്മരാക്കി...??
എന്തിനീയുലകില്‍ വര്‍ണ്ണങ്ങള്‍ പാകി 
എന്തിനാ കുരുന്നിന്‍ കണ്ണെടുത്തു,
പിന്നെന്തിനാ കണ്ണില്‍ നീ കണ്ണീരുതേച്ചു
കൈകളില്‍ ഭിക്ഷ തന്‍  മാറാപ്പു നല്‍കി.

ഇന്നലെകളില്‍ തുടങ്ങുന്നീ പരിഭവം,
ഇന്നുകളിലൂടെ പടരുന്നു പരിഭവം,
ഇനിയെന്തെന്ന ചോദ്യവുമായി;
നാളെകളില്‍ തുടരുന്നീ പരിഭവം. !!!



 _Jithu_
 Abudhabi

Tuesday, November 16, 2010

മാനിഷാദ.


കുറുമ്പനാം കുഞ്ഞാടിന്‍ കേളികള്‍ കണ്ടിട്ടും
എന്തിത്ര കരയുന്നൂ ഈ; സുന്ദരി പെണ്ണാട് .. 

എവിടെന്റെ ഏട്ടന്മാര്‍,ചോദിച്ചൂ പലവട്ടം,
ചൊല്ലുവതെങ്ങിനെ...
നിങ്ങള്‍, എന്‍ മക്കളെ വെറും ബലിമൃഗങ്ങള്‍ 
ഇന്നെന്റെ മക്കളെ  ഹൃദയശൂന്യരാം മാനുജന്‍,
എന്തിനോ വേണ്ടി കഴുത്തറുത്തീടും, ചുട്ടുതിന്നും‍.

ഒട്ടേറെ മക്കളെ പെറ്റമ്മതന്‍ അമ്മിഞ്ഞ,
ശേഷിക്കും നീ  കുടിച്ചു കൊള്‍ക.
ഇനി നിന്റെ ഊഴമാണെന്റെ പൊന്നുണ്ണിയെ  
എന്‍ മാറു ചേര്‍ന്നുറങ്ങുക നീ
നിന്‍ ഉയിര്‍-അവരെടുക്കും, നിണം കുടിക്കും..
ക്രൂരരാം മനുജരും കണ്ണുതുറക്കാത്ത ദൈവവും ...

തന്നിടണെ എന്‍ അവസാന മുത്തിനെ,യെങ്കിലും.
കൊന്നിടല്ലേ...;
കേള്‍ക്കുവാന്‍ വയ്യെനിക്കെന്‍ കുഞ്ഞിന്റെ രോദനം  
"അമ്മേ അമ്മേ" ആര്‍ത്തനാദം  

നല്കിയതെന്തിനീ പൊന്നോമല്‍ മക്കളെ...
കൊതി തീരും മുന്നവര്‍ കഴുത്തറുത്തു
കേള്‍ക്കുക കാട്ടാളാ, അബലയാമീ അമ്മതന്‍ കണ്ണുനീര്‍ 
എന്‍ ഉയിരവരെന്തിനായ് ബാക്കി വെപ്പൂ..

പൊട്ടികരയുവാന്‍ തന്നില്ല വാക്കുകള്‍ ..
നരനുടെ ഹൃദയം നുറുക്കാന്‍ തന്നില്ല കരങ്ങളും...
ഊറ്റികുടിപ്പൂ അവരെന്റെ അമൃതവും,
കീറിമുറിപ്പൂ അവരെന്റെ കളജവും...

എന്നോമലാളിന്‍ മുറിപ്പാട് വീഴ്ത്തും
മുന്‍പാഞ്ഞു വീശൂക നിങ്ങളാ കൊടുവാള്‍,
അറുത്തുമാറ്റൂ ഈ അമ്മതന്‍ ഹൃദയം ....
നല്‍കിടല്ലേ ഇനിയീ ജന്മം,
പിറന്നിടല്ലേ ഇനിയീ നശിച്ച ഭൂവില്‍..

 _Jithu_
 Abudhabi
(ക്ഷമിക്കുക......മിണ്ടാപ്രാണികള്‍ക്കൊരു  വാക്ക്‌.)

Friday, November 12, 2010

ജാലകവാതിലടച്ചേക്കാം.

ഞാനെന്റെ വാക്കുകള്‍ തള്ളിവിട്ടു ,
നിങ്ങളെന്‍ വാക്കിനെ അള്ളിപ്പിടിച്ചു ,
പിന്നെ കിള്ളിക്കുറിച്ചു.....
കുത്താതെ കീറാതെ,
നിങ്ങളാ  വാക്കിനെ നുള്ളിനോവിക്കാതെ.. 
വാക്കുകള്‍,
അവരെന്‍ ജീവന്റെ ജീവനാണേ...

വാക്കുകളിലശ്ലീലം തിരയുന്ന ലോകം ...
ദംഷ്ട്രകള്‍ നീട്ടി അലറുന്നു രാക്ഷസര്‍.
വിഷപ്പല്ലു കൊണ്ടെന്‍ കരം വിങ്ങീ സഖേ..
വാക്കുളിലെങ്ങാനും വിഷം തീണ്ടിയാല്ലോ,
ഹൃദയം പകര്‍ത്താന്‍  മടികൊണ്ടെന്‍ തൂലിക.

അഴിഞ്ഞാടി കുഴഞ്ഞാടി ദുര്‍ഗന്ധം പേറി;
ഏഷണികാറ്റിതാ എത്തിനോക്കുന്നു .
കട്ടുറുമ്പാവാതെ കുശുമ്പികാറ്റേ.. ..
ഇതെന്റെ  ലോകം..‍ഇവിടമെന്‍ സ്വന്തം.
ഞാനുമെന്‍ തോഴിയാം വാക്കും തനിച്ചുറങ്ങട്ടെ,
ഇനി കളിപറഞ്ഞോട്ടെ..
ജാലകവാതിലടച്ചേക്കാം....

 
  _Jithu_
Abudhabi

Tuesday, November 9, 2010

പഴഞ്ചന്‍


കവി പറഞ്ഞു ,പ്രണയം പഴഞ്ചനായി...
കുട്ടി ചോദിച്ചു...,
പ്രണയം എങ്ങനെ പഴഞ്ചനാവും,
പ്രണയത്തില്‍ സ്നേഹബന്ധങ്ങളില്ലേ?
വിരഹ നൊമ്പരമില്ലേ?
വഞ്ചനയുടെ ലാഞ്ചനയില്ലേ?

കവി പറഞ്ഞു,
എങ്കിലും പ്രണയം പഴഞ്ചനായി.....
പ്രണയത്തില്‍ കണ്ണുനീരിന്റെ കയ്പ്പുണ്ടല്ലോ?
പുഞ്ചിരിയുടെ മാധുര്യമുണ്ടല്ലോ?
കാത്തിരിപ്പിന്റെ സൌഖ്യം ഉണ്ടല്ലോ?
നഷ്ടപ്പെടലിന്‍ വേദന ഉണ്ടല്ലോ?
കുട്ടിക്കു സംശയമൊട്ടും മാറിയില്ല...

കവി വീണ്ടും പറഞ്ഞു,
എങ്കിലും പ്രണയം പഴഞ്ചനായി.....
കുട്ടീ നീ നിന്റെ പ്രണയത്തെ കാട്ടിലെറിയൂ..
കുട്ടി ചോദിച്ചു ,
ഞാനെങ്ങനെ എന്റെ പ്രണയത്തെ പെരുവഴിയില്‍ ഉപേക്ഷിക്കും
പുഴ വറ്റിയാലോ? എന്റെ കാല്‍പ്പാടുകള്‍ മാഞ്ഞുപോയാലോ?

കവി പറഞ്ഞു ഇനി നീ മിണ്ടി പോവരുത്...
നീ കൊച്ചു കുട്ടിയാണ്...നിനക്കൊന്നും അറിയില്ല...

കുട്ടിക്കേറെ പറയാനുണ്ടായിരുന്നു....
കവിക്കേറെ അനുഭവങ്ങളുണ്ടല്ലോ...
കവി പറഞ്ഞതു ശരി ആയിരിക്കും...
താനൊരു കൊച്ചുകുട്ടിയല്ലേ...
ഇനി മിണ്ടാതിരിക്കാം...കണ്ടു പഠിക്കാം...
കുട്ടി തിരിഞ്ഞു നടന്നു....
  

 _Jithu_
Abudhabi

Friday, November 5, 2010

മറവി....!!!

കാര്‍കൂന്തല്‍ അഴകില്‍ കാര്‍മുകില്‍ തേടി ഞാന്‍..
മയില്‍‌പീലികണ്ണില്‍ മയിലിനെ തേടി ഞാന്‍,
പവിഴധാരത്തില്‍ പവിഴം തേടി ഞാന്‍,
ചന്ദനമാര്‍ന്നുടല്‍ ചന്ദനം തേടി ഞാന്‍.

എല്ലാം തേടി ഞാനെല്ലാം നേടി ഞാന്‍....
കാര്‍മുകില്‍ നേടി ഞാന്‍,
മയിലിനെ നേടി ഞാന്‍,
പവിഴവും നേടി ഞാന്‍ ചന്ദനം നേടി ഞാന്‍.

തേടിയതെല്ലാം നേടിയെന്നാകിലും
ഓര്‍മയില്‍ കരടായ് നിറയുന്ന മറവി ....-
തേടിയതെല്ലാം നല്‍കിയ ദേവി ..- നിന്നെ മറന്നു ഞാന്‍,
തേടിയതെന്തിന്നും തേടുവതെന്തു...???

നിന്‍ മൗനനൊമ്പരം മറന്നു ഞാന്‍,
നിന്‍ മിഴിനീരുള്‍പൊരുള്‍ മറന്നു ഞാന്‍
ഓടും പാതയില്‍ നിന്‍ ഹൃദയരാഗം മറന്നു ഞാന്‍
നിന്നെ തേടി ഞാനെല്ലാം നേടി ഞാന്‍..

ഒടുവില്‍ ,
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ ........
നിന്നെ മറന്നു ഞാനെല്ലാം മറന്നു ഞാന്‍ .
       _Jithu_       
 Abudhabi

Monday, November 1, 2010

രാമന്‍ ( ഒരു പ്രവാസി..)


മണ്ണിന്റെ ആഴത്തില്‍ ജീവന്റെ പൊരുള്‍
തേടിയലയുന്ന ജന്മങ്ങള്‍.......
പൊള്ളുന്ന പാദങ്ങള്‍,
പുകയുന്ന ചിന്തകള്‍....

പ്രാണന്റെ പാതിയാം സീതയെ..കൂടാതെ..
കാനനം പൂകുന്നു അഭിനവ രഘുരാമന്‍ ...
തകരുന്ന നെഞ്ചകം -അണകെട്ടി തടയുന്നു ..
നിസംഗിയാം നയനവും..മൌനിയായധരവും
പോകയായ്  പ്രിയ സഖീ ,സ്വപ്‌നങ്ങള്‍ പുല്‍കുവാന്‍..
അതുനിനക്കെകുവാന്‍ ..
അധരങ്ങളൊരു നാളും വിതുംബാതിരിക്കാന്‍ മമ  സഖീ
നിനക്കെകാം  അധരത്തില്‍ ഒരു മുത്തം .
കാനന പാതയില്‍ വിരിയിട്ട കല്മെത്ത നല്‍കിയ വേദന-
യതില്‍  പൊടിയുന്ന  നിണവും,
അറിയുന്നോ ഭരത നീയതിന്‍  നൊമ്പരം ...

അതിമോഹിയാം മാനസം ചൊല്ലുന്നു -മൌനമായ്...
"പിന്തിരിഞ്ഞോരിക്കലും നോക്കാതിരിക്ക.. 
 ഇടറുന്ന പാദങ്ങള്‍  മുന്നോട്ടു മുന്നോട്ടു...... "
കൊഴിയുന്ന സന്ധ്യയില്‍ വളരുന്ന മോഹവും ...അകലുന്ന ലക്ഷ്യവും ...
ചോരുവതറിയാതെ വാരുന്നു കൈകളും
പകല്‍മാഞ്ഞിരുള്‍ വന്നു വനവാസം കഴിയാറായ്....
മടങ്ങുന്ന രാമാ നിനക്കിനിയെന്തുണ്ട് ...???

വളരുന്ന മേദസ്സും ധമനികള്‍ നിറയുന്ന മധുരവും
ജീവനെ പകുത്തു നീ നേടിയ സൗധവും
പൊട്ടിചിരിക്കുവതാരെ -നിന്നെയെന്നറിക നീ,
പാദുകം പൂജിച്ച ഭരതനിന്നെവിടെ..
സ്വപ്നം മറന്ന വൈദേഹിയുമെവിടെ..?

നിന്‍ വിയര്‍പ്പൂറ്റി  നീ  വളര്‍ത്തിയ ബീജങ്ങള്‍
വളര്‍ന്നിന്നിതാ നിനക്കായ്‌ ശവമഞ്ചം പണിയുന്നു..
അടരാടി നേടിയതൊക്കെയും മിഥ്യയെന്നറികെ
മൂകമായ് തേങ്ങുന്നു അശ്വമേധിയാം രഘുരാമന്‍ .....  


     
  _Jithu_        
      Abudhabi