Sunday, February 20, 2011

അമ്മ

അമ്മേ തണുക്കുന്നു വാരിപുണരുക,
അമ്മതന്‍ വാത്സല്യ ചൂട് പകരുക....

ഉള്ളതില്‍ പാതി നിനക്കെന്നു പ്രണയം
ഹൃദയത്തിന്‍ ചാരെ വിലപേശി നില്‍ക്കെ..
തനിക്കുള്ളതെല്ലാം എനിക്കായി നല്‍കിയ
അമ്മേ; നിനക്കു ഞാനിന്നെന്തു നല്‍കേണ്ടു

സ്നേഹത്തോടൂട്ടുമെന്‍ അമ്മതന്‍ 
വയറന്നൊട്ടി കിടപ്പതും, വിശക്കുന്നതില്ലെന്നു
കള്ളം പറഞ്ഞമ്മ വെള്ളം ചവപ്പതും ..
നീറുന്നോരോര്‍മ്മയായ് മനസ്സില്‍ നിറയുന്നു..

എന്നെയുറക്കുവാന്‍ പാടിയ, താരാട്ടിന്‍ മാധുര്യം
അമ്മിഞ്ഞ,പ്പാലൊളമെന്നതുമോര്‍പ്പു ഞാന്‍
ഉണ്ണാതുറങ്ങാതെ നീ നീട്ടിയ പാതയിലെന്തെന്തു
സൌഭാഗ്യം വന്നിന്നു ചേര്‍ന്നാലും മറക്കിലയമ്മയെ,
മറക്കാമോ നാമങ്ങിനെ .....!!!

അമ്മതന്‍ പൊരുളെന്ത് , അറിയില്ലയെന്നാല്‍ 
അമ്മയാണെല്ലാം അറിയാ,മത് താന്‍ സത്യം.

അമ്മേ തണുക്കുന്നു വാരിപുണരുക,
അമ്മതന്‍ വാത്സല്യ ചൂട് പകരുക....


 _Jithu_
 Abudhabi

Sunday, February 13, 2011

പാടിപറക്കാമോ?

കുളിരോലും പൂങ്കാറ്റെ, പാടാമോ ഈ ഗാനം
മുളം കാട്ടിന്‍ ഓരത്തു ,  മൂളാമോ ആ രാഗം. 

തളിര്‍ക്കും മുല്ലയെ ഒന്നു  പുണരാമോ
കുടമുല്ല ഗന്ധം  അവള്‍ക്കു  നല്‍കാമോ .
ഗന്ധര്‍വകഥയില്‍ ഹംസമായി മാറിയെന്‍,
കരളിന്‍ തുടിപ്പുകള്‍ മടിക്കാതെ മൊഴിയാമോ ...

ചിത്തം ഭ്രമിക്കും നിന്‍ ചിത്രം വരയ്ക്കുവാന്‍,
പ്രണയം തുളുമ്പും കവിതയായ് കുറിക്കുവാന്‍‍,
കൊതിപ്പൂയീ, ഞാനെന്നു കാതില്‍ പറയാമോ
കൊതിപ്പൂയീ, ഞാനെന്നു കാതില്‍ പറയാമോ

പാതി ചാലിച്ച  നിറക്കൂട്ടില്‍ ചാലിക്കാന്‍ 
മിഴിയിണയില്‍ നിറയും നീലിമയേകാമോ 
അധരത്തിലിറ്റും ശോണിമ നല്‍കിയാല്‍ ,
കൈകുമ്പിളില്‍ കോരിയെന്നരികില്‍ വരാമോ!!

തൂലിക പുണരും കവിതയില്‍ പകരാന്‍‍,

കൊഞ്ചുംമൊഴിയിലെ മാധ്യുരം നല്‍കാമോ 
എന്‍ മനം തുളയ്ക്കും സഖി തന്‍ മിഴിമുന
വാകം വിളക്കുവാന്‍ ദാനമായ്‌ വാങ്ങുമോ

ഈറന്‍ മേനിയില്‍ രോമാഞ്ചം ചൂടിയകതാരി
നാഴങ്ങള്‍ താണ്ടി ആ ഹൃദയം കവരുവാന്‍  
അവളെന്റെയാണീ തെമ്മാടി കറുമ്പന്റെ
യെന്നുപാണന്റെ ഉടുക്കില്‍ താളം പിടിക്കാമോ..........

പാടിപറക്കാമോ

അവളെന്റെ സ്വന്തമെന്നുറക്കെ  ചൊല്ലാമോ..

പാണന്റെ ഉടുക്കില്‍ താളം പിടിക്കാമോ..
പാടിപറക്കാമോ


       _Jithu_
        Abudhabi


Wednesday, February 9, 2011

Tuesday, February 8, 2011

സൗഹൃദം

(ഒരു ഉണ്ണിക്കവിത)

പെണ്ണെന്നോതിയാല്‍ ഇഷ്ടം
ആണെന്ന് ചൊല്ലിയാല്‍ നഷ്ടം.
കൊള്ളാം....!!ഇതെന്തൊരു കഷ്ടം.
അതിന്‍ പൊരുള്‍ എന്തെന്ന് സ്പഷ്ടം...


_Jithu_
 Abudhabi

Saturday, February 5, 2011

ജീര്‍ണത


ഇരുളിന്‍ കാമം* നുണയുന്ന മാന്യത,
നിര്‍ലജ്ജം പുലമ്പുന്നു പൗരുഷം.
കേട്ടേറ്റു  പാടുന്നു ചെന്നായകൂട്ടങ്ങള്‍
നീലക്കുറുക്കന്റെ ചാരെയാ കഥകള്‍,

പെണ്ണെന്നാല്‍ പെങ്ങളാണമ്മ
യാണെന്റെ പ്രണയിനിയാണെ-
ന്നോതി പഠിപ്പിച്ച മലയാളമണ്ണേ, 
ഇതെന്തു കഷ്ടം...ജ്വലിക്കുന്നു നെഞ്ചകം.

പുരുഷത്വം പുരുഷന്റെ ആകാരമല്ല ,
പെണ്ണേ നിന്റെ നിറവയറുമല്ല......
ഉണ്മതന്‍ ചാരത്തു വാളോങ്ങി നില്‍ക്കും
ആത്മാഭിമാനം, ഓര്‍ക്കുമോ ശിഖണ്ഡികള്‍..

കുഞ്ഞിളം പൂവിലും മാംസം തിരക്കും
കാട്ടാളാ, കടിച്ചുകീറും മുന്‍പിതൊന്നറിയുക ..
ഞാനാണെന്ന് കൂവുന്ന ചെന്നായക്കൂട്ടമേ,
ആണല്ല, ആണ്‍വര്‍ഗത്തിനൊരപമാനമെന്നും ..

ജീര്‍ണത,അധമ-നിന്‍ കരങ്ങളിലല്ല 
കാമം ചിതലിട്ട ഹൃദയത്തില്ലല്ലോ....
ഉരിഞ്ഞതവളുടെ വസ്ത്രവുമല്ല,
തെളിഞ്ഞത് നിന്റെ നഗ്നതയല്ലോ ...

പൊറുക്കരുതീശ്വര,കൊല്ലരുതെന്നാല്‍..,
കൊല്ലാതെ കൊല്ലുക നീറട്ടെ നീചന്‍
യമലോക ദണ്ഡനം, ഇഹലോകം തന്നില്‍...
മാപ്പില്ല തെല്ലും- വെറുക്കുന്നു സത്യം...


       _Jithu_
        Abudhabi


Tuesday, February 1, 2011

രക്തസാക്ഷി


ആശയം ഹൃദയത്തിലൊരാവേശമായി
സിരകളിലൊഴുകും കൊടുംകാറ്റായി
പിന്നെയണിചേര്‍ന്നു വിമോചനം തേടി..
ഒരു കുടകീഴില്‍ ഒരു കൊടി കീഴില്‍...

പടയൊരുക്കത്തിലിവന്‍ പോരാളിയായി.
പടവെട്ടി തലവെട്ടി പുതുനാടിനെന്നോതി..
സേനതന്‍ തലവന്മാര്‍ ഉണര്‍വായി നിന്നു
നിയമങ്ങള്‍ മുന്നില്‍ "അടിയനെ"ന്നോതി

കണ്ടില്ല ഞാനെന്റെ തോഴനെ പോലും
എതിര്‍ത്തവരെല്ലാം ശത്രുകളായി.
അരുതരുതെന്നോതി കരഞ്ഞമ്മ
ഭയന്നച്ഛന്റെ മോഹം മിഴികളടച്ചു...
താതന്റെ മോഹവും അമ്മേ നിന്‍ സ്നേഹവും
തട്ടിയെറിഞ്ഞു കൊടി തന്‍ വര്‍ണത്തിനായ്

ഒടുവില്‍ വന്നെത്തി എനിക്കായി ഒരു ദിനം
അമ്മതന്‍ കണ്ണീരു ചിതറിയ പോല്‍ .
ചീറിത്തെറിച്ചെന്‍ ചുടുചോര മണ്ണില്‍
സ്മാരകം തീര്‍ത്തവര്‍ തോരണം ചാര്‍ത്തി..
വീണ്ടും രക്തസാക്ഷി പിറന്നു..

എന്‍ നിണം പറ്റിയാ പാദങ്ങളെവിടെ ..
പാറിപറന്ന കൊടിതോരണങ്ങളെവിടെ..
രക്തം കുടിച്ചവര്‍ മറന്നു പോയെന്നേ..
നഷ്ടങ്ങള്‍ വീണ്ടും കണക്കെടുപ്പായി..

തോരാത്ത മിഴിയുമായ് അമ്മതന്‍ സ്നേഹവും
തുറക്കാത്ത മിഴിയുമായ് അച്ഛന്റെ മോഹവും
എനിക്കായി കരയുവാന്‍ ആ മിഴി മാത്രം
എനിക്കായി തേങ്ങുവാനിന്നുമാ മനം മാത്രം....

കൊതിക്കുന്നിന്നറിയാതെ, വൈകിയെന്നറിയിലും 
മകനായി മരിക്കുവാന്‍, നാടിനഭിമാനമാകുവാന്‍
പുതുലോകം പിറക്കുന്നതെന്‍ കുടിലില്‍ നിന്നെന്നു 
ഓര്‍ക്കാന്‍ മറന്നു പോയ്‌, ആ ചോരത്തിളപ്പില്‍........

അവര്‍ക്കായി ഒരിറ്റു കണ്ണീരു വീഴ്ത്താം;
രക്തസാക്ഷിതന്‍ ശവകുടീരത്തിനരികെ
പിന്നെ വെറുതെ അലറാം...വീണ്ടും   
"രക്തസാക്ഷികള്‍ പിറക്കാതിരിക്കാന്‍".

      

_Jithu_ 
Abudhabi