Saturday, June 13, 2015

വസുധൈവ കുടുംബകം



കരയാതെയമ്മേ, കലഹങ്ങൾ കാൺകെ; അറിയാം
നിൻ കനവുകളെത്രയോ പൊലിഞ്ഞു പോയ്.
പലനിറം പലതരം ഈ മക്കളെന്നാകിലും
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

നൽകി നീ വിഭവങ്ങളേവർക്കുമൊരു പോലെ
കണ്ടു നീ ഞങ്ങളിലൊരു പോലെ നിനവുകൾ
നിറമുള്ള കാഴ്ചയും നേരായ വഴികളും ‍
പകുക്കാതെ വാത്സല്യം കണിയായൊരുക്കി .

അതിഥിയായ്‌ വന്നവര്‍ അതിരുകള്‍ മാന്തി
മസൃണ സ്മേരത്തില്‍  നഞ്ച് കലര്‍ത്തി
മലരണി കുന്നുമീ കാട്ടു പുഞ്ചോലയും കാടുമീ
നാടു,മമ്മേ നിന്‍ മകുടവും, മരാളര്‍ പകുത്തു

തോറ്റു പോയമ്മേ, യമ്മയുടെ മക്കള്‍
മനസ്സ് പകുത്തപ്പോള്‍ മണ്ണു പകുത്തപ്പോള്‍
തങ്ങളില്‍ തങ്ങളില്‍ വലുതെന്നു ചൊല്ലി
അകതാരില്‍ മതം, മദം പൊട്ടിയപ്പോള്‍

നാടായ നാടെല്ലാം  ഒരു പശ്ചിമകാറ്റ് -
'ദരിദ്രനാരായണരെന്നു കുശുമ്പ് ചൊല്ലി
വിരുന്നൊരുക്കി വറ്റിയ അരവയര്‍ -മുറുക്കി,യീ
മക്കടെ കൈപിടിച്ച,മ്മ നിവര്‍ന്നു നിന്നു

ഓര്‍ക്കുന്നുവിന്നും ചൊല്ലി പഠിപ്പിച്ച പാഠങ്ങള്‍
നീട്ടിയ പാതക,ളുള്‍ക്കാഴ്ചകള്‍ സ്വപ്നങ്ങള്‍
കണ്ണുനീര്‍ത്തുള്ളി നിന്‍  കണ്‍കളില്‍ പടരുവാന്‍
ചിലതുണ്ട് കീടങ്ങള്‍ അറിയുന്നുവെങ്കിലും

പലവഴി ഞങ്ങള്‍  പിരിഞ്ഞുവെന്നാകിലും
നിറമേറെ രുധിരത്തില്‍ കലര്‍ന്നുവിന്നെങ്കിലും
കരയാതെയമ്മേ, കലഹങ്ങൾ കാൺകെ
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

ജിത്തു
വെന്മേനാട്

4 comments:

  1. അർത്ഥവത്തായ വരികൾ

    ReplyDelete
    Replies
    1. നന്ദി ഷാഹിദ്‌ ... <3

      Delete
  2. അമ്മയുടെ കണ്ണുനീര്‍ തോരുന്നതുമില്ല

    ReplyDelete
    Replies
    1. അമ്മ ചിരിക്കും നാള്‍ വരെ കാത്തിരിക്കാം <3

      Delete