Friday, October 31, 2014

പ്രണയം



പതിയേ തഴുകവെ ഇളകി ചിരിയ്ക്കുന്ന
ആലിലചാര്‍ത്തതിലാണെന്‍റെ പ്രണയം

വെയിലേറ്റു വാടുന്ന മലരേ നിന്നോപ്പം
ഉരുകുന്ന പ്രാലേയമാണെന്‍റെ പ്രണയം

മുകിലിന്‍ കവിളില്‍  മഴവില്ലു ചാര്‍ത്തും
മിഹിരന്റെ മുത്തമാണിന്നുമെന്‍ പ്രണയം

പൗര്‍ണമിരാവില്‍ കരയോടു കൊഞ്ചും
അലയുടെ കൈകളില്‍ പകരുന്നു പ്രണയം

മഴക്കാറൊന്നു കണ്ടപ്പോള്‍ ഒളി-കണ്ണിട്ടു
നോക്കിയ പടിഞ്ഞാറന്‍ കാറ്റിലെന്‍ പ്രണയം

വര്‍ണ്ണചിറകടിച്ചരികില്‍ പറന്നെത്തും
ചിത്രപതംഗത്തിനേകുവാനകതാരില്‍

കുസുമമേ, കാത്തു നീ,വെച്ചൊരു മധുരിയ്ക്കും
തേന്‍കണമതിലാകുന്നെന്‍ പ്രണയം

നീയൊഴുകും വഴിയില്‍,നിലാമഴയില്‍ ത്രിസന്ധ്യ
യില്‍,താരകള്‍ വര്‍ണ്ണങ്ങള്‍  വാനിലൊരുക്കി

പുത്തന്‍ പുടവയുപഹാരമേകുവാന്‍ - മറഞ്ഞു
നില്‍ക്കുമൊരു ഇരുള്‍ മാത്രമാണിന്നും പ്രണയം

ശതകോടി ലതകള്‍ കൂടൊരുക്കി കാത്താലും-നിന്‍
ശിഖിരമണയുമൊരു ദേശാടനകിളിയാകുന്നു പ്രണയം

ജിത്തു
വെന്മേനാട്

Friday, October 24, 2014

പ്രണയം



പുഴയില്‍
അക്ഷരങ്ങള്‍
വാരിയെറിഞ്ഞു
കുഞ്ഞോളങ്ങള്‍ പാദങ്ങളെ
ഉമ്മ വെയ്ക്കുന്നതും നോക്കിയിനിയും ഞാനിരിയ്ക്കും .

അക്ഷര തുള്ളികള്‍
കൈകളാല്‍ തട്ടി തട്ടി കളിക്കുമ്പോള്‍
മുഖത്ത് പറ്റിയ തുള്ളിയുടെ നനവ്‌
തൂലികയില്‍ ഇനിയും പകരും ...

കാവില്‍ വിളക്ക് അണയും വരെ
നാരായത്തുമ്പില്‍
നിന്‍ കരിമഷി പുരട്ടി ചിരിയ്ക്കും
ഇനിയും നിന്നെ പ്രണയിക്കുക തന്നെ ചെയ്യും.
മടുക്കും വരെ ഞാനിനിയും നിന്നെ പുണരുക തന്നെ ചെയ്യും ..

Monday, October 6, 2014

ലലന



വാരിജദള ലോചനം ചാരുവദനം
തവകടാഷം ശസ്ത്രം ഹൃദയഭേദകം
കൃഷ്ണാങ്കുരം ചരണ ചുംബിതം
പവനാശനാശനന്‍ ലജ്ജിതം

പത്മകം ത്രിഗന്ധ ലാഞ്ഛനം
കുലീനം സിന്ദൂരമലംകൃതം
അരുണശോണിമയാര്‍ന്ന കന്ദളം
ഫല്‍ഗുനമംബരം ചുംബനകാമിതം

മഹോദധിജമഭേദ കന്ധരം
തുളുമ്പും മാര്‍ത്തടമതി മോഹിതം
പിപ്പലപത്ര രൂപം രുചകം
മണിപൂരകം അതി സുന്ദരം

സിതച്ഛദ ഗാമിനി വര്‍ണ്ണിനീ
മമമനമതില്‍ മൂലരൂപനിവാസിനി
ഇഷുധിയന്തരാ ന വാകം ശിഷ്ട-
മവര്‍ണ്ണനീയം നിന്‍ മോഹനഗാത്രം

ശുഭം !! ;)

_ജിത്തു_
വെന്മേനാട്

Wednesday, October 1, 2014

പൂജ്യം

വാലായി
കൂടെ ചെര്‍ന്നിരിക്കാന്‍ മാത്രമല്ലേ
ഞാന്‍ കൊതിച്ചത് ...

എന്നിട്ടും
വെട്ടി മുറിക്കുവാന്‍ പാകത്തില്‍
എന്നെ നീ മുന്നോട്ടു തള്ളിയത്
എന്തിനായിരുന്നു

നിഴലായ്‌
നിന്നോപ്പം
വാമഭാഗമലങ്കരിയ്ക്കുവാന്‍
കൊതിച്ചോരെന്നെ നീ
ഭാഗങ്ങളുടെയും
അംശങ്ങളുടെയും പേര് പറഞ്ഞു
നാരായത്തുമ്പിലെ
ഒരൊറ്റ കുത്ത് കൊണ്ട്
വിലയേതുമില്ലാത്ത
വെറുമൊരു
"പൂജ്യം"
മാത്രമാക്കിയത് എന്തുകൊണ്ടായിരുന്നു  ....!!!

ജിത്തു


വെന്മേനാട്