"ജാലകം-അടച്ചിട്ട മനസിന്റെ കാഴ്ചയാണ് ......മനസ്സ് ശൂന്യമാണ്....ശേഷിക്കുന്നത് നിറമില്ലാത്ത ചുവരില്‍ കോറിയിട്ട അര്‍ത്ഥങ്ങളില്ലാത്ത അക്ഷരകൂട്ടങ്ങള്‍ മാത്രം,ബാല്യത്തിന് മുടന്തലും...."
Monday, December 19, 2016
Saturday, August 27, 2016
ശവങ്ങള്‍
എന്തു കഷ്ടമിതിനെന്തു ചൊല്ലണം
എന്തു പാപപരിഹാരമേകണം
തോളിലേറി മനസാക്ഷിയിന്നിതാ
ജീര്‍ണമായി, ശവമെന്നപോലവേ!
പാതിയില്‍ കളകവയ്യ,യീയുടല്‍
നിശ്ചയം, പതറിടുന്നുവെങ്കിലും.
പിണ്ഡമല്ലിതുയിരാണിതെന്റെ ഹാ !
പാതിയാണറിയുക പ്രപഞ്ചമേ.
ചോദ്യമേറെ ഉയരുന്ന നൊമ്പരം
കണ്ടകാഴ്ചയതിനില്ല,യുത്തരം
ചിത്തമാകെ പടരുന്നു കണ്ണുനീര്‍
ദേശമിന്ന് അപമാനപൂരിതം
കണ്ണടച്ചു ഇരുകാലിയായവര്‍
കീടമായതറിയാതെയോ സ്വയം !
മാറണം മനുജരായി നാം സഖേ
ഓര്‍ക്കണം പതനമാണിതെന്നുമേ ...
ജിത്തു
വെന്മേനാട്
Saturday, August 6, 2016
Friday, July 29, 2016
Monday, May 2, 2016
സുഖപ്രസവം
ഈ സംശയം തുടങ്ങിയീട്ട് അധികകാലമായില്ലാ. കല്യാണം കഴിഞ്ഞ് കുട്ടികള്‍ അടുത്തൊന്നും വേണ്ടാ ആർമാദിക്കാം എന്നൊക്കെ കരുതിയങ്ങനെയങ്ങനെ പോകുമ്പോളാണ്,"വിശേഷ"മാകുന്നത്. പ്ലാനിംങ്ങൊക്കെ പാളി അന്തംവിട്ട് ഞാനുമവളും അച്ഛനും അമ്മയും ആകുവാൻ തയ്യാറെടുത്തു.
പണ്ടേ എനിക്കത്ര നാണമൊന്നുമുണ്ടായിരുന്നില്ല,ഓൾക്കായിരുന്നു. ഞാനാണേൽ ഹിന്ദുക്കൾ കുറഞ്ഞു വരികയാണ് കുട്ടികള്‍ മൂന്നെങ്കിലും വേണമെന്ന ഏതോ ഒരു സ്വാമിയുടെ വെളിപാടൊക്കെ കേട്ട് ഹർഷപുളകിതനായി നില്ക്കാണ്. മിനിമം ഒരഞ്ചു മക്കളെങ്കിലും വേണമെന്നാണ് മനസ്സില്‍!
പുള്ളിക്കാരിയോടിക്കാര്യം പറഞ്ഞിട്ടില്ല.
"അല്ലേലേ മാസശമ്പളം കിട്ടുന്നത് ഒരാഴ്ച ആകുമ്പോളേയ്ക്കും ഏതു വഴിക്കാണ് പോകുന്നത് എന്നറിയില്ല. അതിനിടയ്ക്ക് ഇതൂടെ കേട്ടാൽ...... വേണ്ടാ ! ഏതോ ഒരു സേനക്കാര് മൂന്ന് കുട്ടികളായാൽ രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുള്ളതാണ് ഒരാശ്വാസം.
മധുവിധു താൽക്കാലികമായി അവസാനിപ്പിച്ച് ഓളെ നാട്ടില്‍ വിട്ടു. ഡേറ്റ് അടുക്കുംതോറും ടെൻഷൻ കൂടിത്തുടങ്ങി . അതിങ്ങനെ പറഞ്ഞാലൊന്നും പറ്റില്ല, അനുഭവിച്ചുതന്നെയറിയണം.
ഒരിക്കല്‍ കല്ലുവന്ന് മൂപ്പരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തയന്ന് കവിതയെഴുതീന്നും പറഞ്ഞ് ഉണ്ടായ പുകില് ഇന്നും ഓർമ്മയുള്ളതിനാൽ ഒരാഴ്ച മുമ്പേ ഫേസ്ബുക്ക് ഒക്കെ അടച്ചു പൂട്ടി നല്ല കുട്ടിയായിരുന്നു. ഇമ്മാതിരി ചളിയെഴുതാൻ അഞ്ചു മിനിറ്റ് വേണ്ടാന്ന് ഓൾക്കുണ്ടോ മനസ്സിലാകുന്നു......
പറഞ്ഞ ദിവസത്തിനും രണ്ടു ദിനം മുമ്പേ വാമഭാഗത്തെ അഡ്മിറ്റാക്കി. പിന്നെ വേറൊന്നും നോക്കിയില്ല. അറബിയ്ക്ക് ഒരു ഉമ്മയും കൊടുത്തു പഞ്ചാരയടിച്ച് ലീവ് വാങ്ങി നേരെ നാട്ടിലോട്ട് പിടിച്ചു ( അറബീടെ കൈയും കാലും പിടിച്ച് എന്ന് ദോഷൈകദൃക്കുകൾ പറയുന്നുണ്ട്.. അസൂയക്കാരാണ് ).
എത്തുമ്പോഴേയ്ക്കും ഡെലിവറി ഒക്കെ കഴിഞ്ഞിരുന്നു. മോളാണ് എല്ലാവർക്കും സന്തോഷം. എന്താന്നറിയില്ല എന്നെക്കണ്ടപ്പോൾ അവളുടെ കണ്ണുകള്‍ നിറഞ്ഞു. സന്തോഷംകൊണ്ടായിരിക്കണം- (ഇനീപ്പോ. . അല്ലേ !! ) ,എൻറേം.
കളിയൊക്കെ പറഞ്ഞു മോളെയും കളിപ്പിച്ചിരിക്കുമ്പോഴാണ് ഫോണ്‍! കൂട്ടുകാരനാണ്
" ഡെലിവറി കഴിഞ്ഞു.പുലർച്ചെ 4ന് , അതേടാ മോളാണ്. രണ്ടു പേരും സുഖമായിരിക്കുന്നു. സുഖപ്രസവമാണ്."
പറഞ്ഞു മുഴുവനാക്കിയില്ല പൂച്ചപോലിരുന്ന അവൾ ഇതുകേട്ട് പുലിപോലെ ചാടിയൊരാക്രോശമായിരുന്നു.
"ഏതവനാണ് ഇതിനൊക്കെ സുഖപ്രസവം എന്ന് പേരിട്ടത്? സുഖപ്രസവംപോലും,ഹും! അവനെയെങ്ങാനും ഇപ്പൊ കൈയ്യില്‍ കിട്ടിയാൽ തല്ലി ഞാന്‍ കൊല്ലും"
ഒരന്ധാളിപ്പിനും നിശബ്ദതയ്ക്കുമിടയിൽ എനിക്കൊരു വിധം കാര്യമൊക്കെ പിടികിട്ടി. അഞ്ചു പോയീട്ട് അടുത്ത ആളുടെ കാര്യം പോലും സ്വാഹ എന്നത് ഉറപ്പായി. പ്രതീക്ഷയെല്ലാം അവസാനിപ്പിച്ച് ചിന്താവിവശനായിരിക്കുമ്പോഴും എൻറെ മനസ്സിലും അതേ സംശയമായിരുന്നു.
"ന്നാലും ആരായിരിക്കും സുഖപ്രസവം എന്ന് പേരിട്ടത് !!"
ഇന്നും ഞാന്‍ അതേ സംശയത്തിലാണ്.. ആരാണ്. നിങ്ങള്‍ക്കറിയാമോ!!!
ജിത്തു
വെന്മേനാട്
Friday, April 29, 2016
പരീക്ഷ
ഇനിയുമേറെ പഠിക്കുവാനുണ്ട്.
താളുകളിനിയും മറിയ്ക്കുവാനുണ്ട്.
ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവ
ഒരുവട്ടം കൂടി ഉരുവിട്ടു നോക്കണം
കൂട്ടിക്കിഴിക്കലും ഗുണനഹരണവും
ഒരിക്കലും ചേരാകണക്കുകൾ ചേരവേ
ശിഷ്ടങ്ങളെന്നും ശൂന്യമായ് മാറും
മാന്ത്രിക ഗണിതവുമറിയുവാനുണ്ട്
ബന്ധങ്ങള്‍ ദൃഢമാകാൻ ഭാഷയറിയണം
വാക്കുകള്‍ മുറിവുകള്‍ തീർക്കുമതറിയണം
നല്ല മൊഴികള്‍ കേട്ടു പഠിക്കണം
അക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണം
മുൻപേ നടന്നവര്‍ കോറിയ ചിന്തുകൾ
ചരിത്രമായ സംസ്ക്കാര ചിത്തങ്ങൾ
നേർവഴിയറിയുവാൻ മനഃപാഠമാക്കണം
അടിത്തെറ്റിയാലവ കൈത്താങ്ങാകണം
വഴിവിളക്കിന്നോരത്ത് ചൊല്ലി പഠിക്കണം
വഴികാട്ടുമനുഭവങ്ങളോർത്ത് വെയ്ക്കണം
വീഴ്ചകൾ മറക്കണം തെറ്റുകള്‍ തിരുത്തണം
പടവുകളോരോന്നായ് ചവിട്ടി കയറണം
ചോദ്യങ്ങളോരോന്നായ് കാലങ്ങള്‍ നീട്ടുമ്പോൾ
ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കണം
ജിത്തു
വെന്മേനാട്
Friday, April 15, 2016
ഇണക്കിളിയുടെ പരിഭവങ്ങൾ !
മിണ്ടേണ്ട, നീയെന്നരികിൽ വരേണ്ട
പഞ്ചാരവാക്കാലെന്നെ മയക്കേണ്ട
മധുരിത സ്വപ്‌നങ്ങളെത്ര നീ നീട്ടി
പാവമാമീ ഞാന്‍ നിന്നിൽ കുരുങ്ങി !
മാണിക്യക്കല്ലഴകുള്ളൊരു മാല
പൂമലമേട്ടിൽ ചോരാത്തൊരു കൂര
മംഗലം കൂടുവാൻ ചേലുള്ള ചേല
പലവട്ടം ചൊന്നെല്ലാം പാഴ് വാക്കുകളായി !
മണിമലർക്കാവിലെ വേലയ്ക്ക് പോകാന്‍
പകലന്തിയോളം കാത്തുനിന്നില്ലേ
മൂവന്തിനേരത്ത് കൂട്ടരുമൊത്ത്
പനങ്കള്ളു കുടിച്ചെന്നെ പള്ളു പറഞ്ഞില്ലേ !
മൂവാണ്ടൻ മാവിന്റെ മണ്ടേലിരുന്നിട്ട്
പൂവാലിക്കിളിയോട് കിന്നാരമോതീല്ലേ
മനസാക്ഷിയെന്നൊന്ന് മനസ്സിലുണ്ടെങ്കിൽ
എന്നെയോർക്കേണ്ട,യീ മക്കളെയോർക്കൂല്ലേ !
മിണ്ടേണ്ട, നീയെന്നരികിൽ വരേണ്ട
പഞ്ചാരവാക്കാലെന്നെ മയക്കേണ്ട
മധുരിത സ്വപ്‌നങ്ങളെത്ര നീ നീട്ടി
പാവമാമീ ഞാന്‍ നിന്നിൽ കുരുങ്ങി !
ജിത്തു
വെന്മേനാട്
Tuesday, April 12, 2016
ഋതു
പൂത്തുലഞ്ഞാടും പൂമരച്ചില്ലമേൽ
എത്രയോ കിളികള്‍ കൂടു കൂട്ടി
പൂവാലൻക്കാറ്റുപോലരികിലണഞ്ഞിട്ട്
എത്രപേര്‍ കിന്നാരം ചൊല്ലി മാഞ്ഞു
ചിലര്‍ വന്നു ഹൃദയം കവര്‍ന്നു പോയി
ചിലര്‍ ചെളിവാരിയെറിഞ്ഞു പോയി
ചിലരെല്ലാം കനികൾ പറിച്ചു പോയി
ഋതുഭേദമെത്രയോയിതുവഴി കടന്നു പോയി
പുതുമഴകളും വന്നു,വരികിലിരുന്നു
അകമാകെ കുളിരായൂർന്നിറങ്ങി
വേനലും വന്നുവീ കരളിലിരുന്നിട്ട്
തീക്കനല്‍ വാരിയെറിഞ്ഞകന്നു
പേരറിയാത്തോർ നേരിൻറെ നാട്ടുകാർ
വരണ്ട മൺചുവടിറ്റു നനച്ചു തന്നു
കാഴ്ചകളേറെ കണ്ടൊരാ പഥികരും
തെല്ലിടനിന്നു പാഴ് ചില്ലയിറുത്തു തന്നു.
വാസന്തം വന്നു ശിശിരമണഞ്ഞു
ദിനരാത്രം,യാന്ത്രികം യാത്ര തുടര്‍ന്നു
പൂത്തും തളിർത്തും ഇലകള്‍ പൊഴിച്ചും
തിരശ്ശീലയ്ക്കുളളിൽ കാലം കഥമെനഞ്ഞു .
ജിത്തു
വെന്മേനാട്
Thursday, April 7, 2016
തെന്നൽ
പാതയോരത്തെ പുൽനാമ്പിനോടും
പുഴയിലെ ചെറുതോണി, മീനിനോടും
പാൽപ്പുഞ്ചിരിത്തൂവും കാട്ടുമുല്ലയോടും
പതിവായി കളിചൊല്ലിയവൻ നടന്നു
പാടവരമ്പത്തും മാൻകുന്നിലും മേട്ടിലും
പറവപോലഴിഞ്ഞാടിയവൻ പറന്നു
പടിഞ്ഞാറൻ കാറ്റായവൻ വരുമ്പോള്‍
ഉപഹാരമായ് കായ്ക്കനികൾ തന്നു
പാഴ്മുളംത്തണ്ടിൽ മൂളിപ്പാട്ടീണവുമായ്
പൂപ്പെണ്ണിൻ ചാരേയുമവനണഞ്ഞു
പ്രണയത്തിൻ നനവുള്ള നിനവുകണ്ട്
പഞ്ചാരവാക്കിൽ അവൾ മയങ്ങി.
പൂപ്പട്ടുമേനി തഴുകി തലോടി
നാളുകള്‍ പിന്നെയും കടന്നു പോയി
ഗന്ധം കവർന്നവനോടി മാഞ്ഞു
മലർമണം നാടാകെ പരന്നൊഴുകി
വാടി തളര്‍ന്നു പൂ താഴെ വീണു
വിരിയാതടർന്ന കിനാവ് പോലെ
പലഗന്ധമണിഞ്ഞിതു വഴി പിന്നെയും
ചോരനെ പോൽ തെന്നൽ പതുങ്ങി വന്നു.
ജിത്തു
വെന്മേനാട്
Subscribe to:
Posts (Atom)