Monday, May 2, 2016

സുഖപ്രസവം

Image result for new born baby with mother

ഈ സംശയം  തുടങ്ങിയീട്ട് അധികകാലമായില്ലാ. കല്യാണം  കഴിഞ്ഞ് കുട്ടികള്‍ അടുത്തൊന്നും വേണ്ടാ  ആർമാദിക്കാം എന്നൊക്കെ കരുതിയങ്ങനെയങ്ങനെ പോകുമ്പോളാണ്,"വിശേഷ"മാകുന്നത്. പ്ലാനിംങ്ങൊക്കെ പാളി അന്തംവിട്ട് ഞാനുമവളും അച്ഛനും അമ്മയും ആകുവാൻ തയ്യാറെടുത്തു.

പണ്ടേ  എനിക്കത്ര നാണമൊന്നുമുണ്ടായിരുന്നില്ല,ഓൾക്കായിരുന്നു. ഞാനാണേൽ ഹിന്ദുക്കൾ കുറഞ്ഞു വരികയാണ്  കുട്ടികള്‍ മൂന്നെങ്കിലും വേണമെന്ന ഏതോ ഒരു സ്വാമിയുടെ  വെളിപാടൊക്കെ കേട്ട് ഹർഷപുളകിതനായി നില്ക്കാണ്. മിനിമം  ഒരഞ്ചു മക്കളെങ്കിലും വേണമെന്നാണ് മനസ്സില്‍!

പുള്ളിക്കാരിയോടിക്കാര്യം പറഞ്ഞിട്ടില്ല.
"അല്ലേലേ മാസശമ്പളം കിട്ടുന്നത് ഒരാഴ്ച  ആകുമ്പോളേയ്ക്കും ഏതു വഴിക്കാണ് പോകുന്നത് എന്നറിയില്ല. അതിനിടയ്ക്ക് ഇതൂടെ കേട്ടാൽ...... വേണ്ടാ ! ഏതോ ഒരു സേനക്കാര് മൂന്ന് കുട്ടികളായാൽ രണ്ടു ലക്ഷം രൂപ  വീതം പ്രഖ്യാപിച്ചിട്ടുള്ളതാണ് ഒരാശ്വാസം.

മധുവിധു താൽക്കാലികമായി  അവസാനിപ്പിച്ച്  ഓളെ നാട്ടില്‍  വിട്ടു. ഡേറ്റ് അടുക്കുംതോറും ടെൻഷൻ കൂടിത്തുടങ്ങി . അതിങ്ങനെ  പറഞ്ഞാലൊന്നും പറ്റില്ല, അനുഭവിച്ചുതന്നെയറിയണം.

ഒരിക്കല്‍  കല്ലുവന്ന് മൂപ്പരെ ആശുപത്രിയിൽ  അഡ്മിറ്റ് ചെയ്തയന്ന് കവിതയെഴുതീന്നും പറഞ്ഞ് ഉണ്ടായ പുകില് ഇന്നും ഓർമ്മയുള്ളതിനാൽ ഒരാഴ്ച  മുമ്പേ ഫേസ്ബുക്ക് ഒക്കെ അടച്ചു  പൂട്ടി നല്ല കുട്ടിയായിരുന്നു. ഇമ്മാതിരി ചളിയെഴുതാൻ അഞ്ചു മിനിറ്റ് വേണ്ടാന്ന് ഓൾക്കുണ്ടോ മനസ്സിലാകുന്നു...... 󾌩

പറഞ്ഞ ദിവസത്തിനും രണ്ടു  ദിനം മുമ്പേ വാമഭാഗത്തെ അഡ്മിറ്റാക്കി. പിന്നെ വേറൊന്നും നോക്കിയില്ല. അറബിയ്ക്ക് ഒരു ഉമ്മയും കൊടുത്തു  പഞ്ചാരയടിച്ച് ലീവ് വാങ്ങി നേരെ  നാട്ടിലോട്ട് പിടിച്ചു ( അറബീടെ കൈയും കാലും പിടിച്ച് എന്ന് ദോഷൈകദൃക്കുകൾ പറയുന്നുണ്ട്.. അസൂയക്കാരാണ് ).

എത്തുമ്പോഴേയ്ക്കും ഡെലിവറി ഒക്കെ കഴിഞ്ഞിരുന്നു. മോളാണ് 󾬏 എല്ലാവർക്കും സന്തോഷം. എന്താന്നറിയില്ല എന്നെക്കണ്ടപ്പോൾ  അവളുടെ  കണ്ണുകള്‍ നിറഞ്ഞു. സന്തോഷംകൊണ്ടായിരിക്കണം- (ഇനീപ്പോ. . അല്ലേ !! 󾌩) ,എൻറേം.

കളിയൊക്കെ പറഞ്ഞു മോളെയും കളിപ്പിച്ചിരിക്കുമ്പോഴാണ് ഫോണ്‍!  കൂട്ടുകാരനാണ്

" ഡെലിവറി കഴിഞ്ഞു.പുലർച്ചെ 4ന് , അതേടാ മോളാണ്. രണ്ടു പേരും സുഖമായിരിക്കുന്നു.  സുഖപ്രസവമാണ്."

പറഞ്ഞു മുഴുവനാക്കിയില്ല പൂച്ചപോലിരുന്ന അവൾ ഇതുകേട്ട് പുലിപോലെ ചാടിയൊരാക്രോശമായിരുന്നു.

"ഏതവനാണ് ഇതിനൊക്കെ സുഖപ്രസവം എന്ന് പേരിട്ടത്? സുഖപ്രസവംപോലും,ഹും!  അവനെയെങ്ങാനും ഇപ്പൊ കൈയ്യില്‍ കിട്ടിയാൽ  തല്ലി ഞാന്‍ കൊല്ലും"

ഒരന്ധാളിപ്പിനും നിശബ്ദതയ്ക്കുമിടയിൽ എനിക്കൊരു വിധം കാര്യമൊക്കെ പിടികിട്ടി. അഞ്ചു പോയീട്ട് അടുത്ത ആളുടെ കാര്യം പോലും സ്വാഹ എന്നത് ഉറപ്പായി. പ്രതീക്ഷയെല്ലാം അവസാനിപ്പിച്ച് ചിന്താവിവശനായിരിക്കുമ്പോഴും എൻറെ മനസ്സിലും അതേ സംശയമായിരുന്നു.

"ന്നാലും ആരായിരിക്കും സുഖപ്രസവം എന്ന് പേരിട്ടത് !!"

ഇന്നും ഞാന്‍ അതേ സംശയത്തിലാണ്.. ആരാണ്. നിങ്ങള്‍ക്കറിയാമോ!!!

ജിത്തു
വെന്മേനാട് 

1 comment:

  1. പ്രസവിച്ച വർക്കല്ലേ, പ്രസവത്തിന്റെ സുഖമറിയൂ..

    ReplyDelete