Friday, June 26, 2015

മഴ പെയ്തു തോര്‍ന്ന നേരം ..!!




മഴപെയ്തു തോര്‍ന്ന നേരം
മതി മറന്നൊരു പുഴയൊഴുകി
മനം നിറഞ്ഞൊരു പൂമരം
മലരിതളില്‍ ഒരു മഴ കരുതി

ഇലചാര്‍ത്തില്‍ നിന്നുമൊരു
ഇരുവാലന്‍ കിളി പാടി
ഇടമുറിയാതൊരു തെന്നല്‍
ഇളംകുളിരിന്‍ കഥ ചൊല്ലി

അടരാതൊരു നീര്‍ത്തുള്ളി
അകതാരില്‍ നനവായി
അലതീര്‍ത്തതീ മനതാരില്‍
അറിയാതൊരു കനലായി

കാത്തൊരു തുടം കണ്ണീര്‍
കൈക്കുമ്പിളിലൊരു ചേമ്പില
കാതലില്‍ കനിയാതെ നീര്‍-
ക്കണമത,ടര്‍ന്നു പോയ്‌

മാക്കാച്ചി തവളകള്‍ വയല്‍
വരമ്പില്‍ കലഹമായി
മാരി തീര്‍ത്ത വിരല്‍പ്പാടില്‍
മണ്‍മനം പുളകിതമായ്‌

നനഞ്ഞ തൂവല്‍ ചിറകുകോതി
നടനമാടി മേഘരാവി
നളിന-മീ കുളക്കടവില്‍
നയനാനന്ദ വിരുന്നൊരുക്കി

മഴപെയ്തു തോര്‍ന്ന നേരം
മിഹിരനെത്തി മുത്തമേകി
മുകില്‍ കവിള്‍ തുടുത്ത നേരം
മാരിവ്വില്‍ അരങ്ങു ചാര്‍ത്തി

പുത്തനാം പുടവയണിഞ്ഞു
പൂവ് കോര്‍ത്തു മാല തീര്‍ത്തു
പുതുപുലരിയില്‍ വാസന്തം
പടി വാതിലില്‍ വന്നു നിന്നു.

ജിത്തു
വെന്മേനാട്

Friday, June 19, 2015

പൂവന്‍ കോഴിയുടെ പരിഭവം (അഥവാ പുരുഷ പീഡനം ... !!)


Image result for sad cock

കാലന്‍ കോഴി കാലത്ത് കൂവുമ്പോള്‍
കണ്ണും തിരുമി തൂമ്പയെടുക്കണം
പൊരി വെയില്‍ കൊള്ളണം പറമ്പിലുറങ്ങണം
നാടായ നാടെല്ലാം നടുവൊടിക്കണം

മഞ്ഞെല്ലാം കൊണ്ടാലും മാനം പോയാലും
ആരാന്‍റെ വായിലെ ചീത്തയും കേട്ടാലും
കൊത്തി പെറുക്കിയരവയര്‍ നിറയ്ക്കുവാന്‍
അന്നം തിരയണം തളരാതെ നില്‍ക്കണം

കുടിലിലെ പെണ്ണിന് പൊന്നുരുക്കണം
ക്ടാവ് കരയുമ്പോള്‍ സ്വപ്‌നങ്ങള്‍ നല്‍കണം
കുശിനിയില്‍ കലത്തിലെന്‍ കനവുകള്‍ വേവണം
കനലെരിയുമ്പോള്‍ കരിയാതെ നോക്കണം

ചിരിച്ചു മയക്കുന്ന ഇരുകാലി മൃഗങ്ങളും
റാകി പറക്കുന്ന ചെമ്പരുന്തും
ചുറ്റി പറക്കവേയുറങ്ങാതെ നില്‍ക്കുവാന്‍
ചങ്കൂറ്റമുള്ളവന്‍ തന്നെ വേണം .

വടക്കേലെ നാണി കുണുങ്ങി നടക്കുമ്പോള്‍
വായ തുറന്നൊന്നും മിണ്ടാതെ നോക്കണം
ഓര്‍ക്കണം ആണിന്റെ കണ്ണത്രെ പ്രശ്നം
ഒരുങ്ങിയിറങ്ങിയവള്‍ക്കില്ലത്രയും  നാണം

ഇന്നലെ ചൊന്നവളെന്‍റെ പിടക്കോഴി
മുട്ടയിടില്ല പോല്‍ കട്ടായം
അങ്കവാലുള്ളതും തലപ്പാവ് വെച്ചതും
ആണായി പിറന്നതും കുറ്റമാണോ

ചെന്നായക്കൂട്ടങ്ങള്‍  ചെയ്യുന്ന തെറ്റിനു
ആണായി പിറന്നവനാണോ പഴി.
കൂട്ടത്തില്‍ പോലും നിറം മാറുമോന്തുകള്‍
പുരുഷന്‍റെ പീഡകള്‍ ആരു ചൊല്ലാന്‍..!!!

ജിത്തു
വെന്മേനാട് .. :D

Thursday, June 18, 2015

റെയില്‍ പാളം

Image result for Rail

ദാ, കിടക്കുന്നു ഒരുത്തി
റെയില്‍ പാളത്തില്‍

പുരോഗമനത്തിന്റെ
ചുണ്ടുകള്‍
അടിവയറ്റില്‍
വേരുകള്‍ വിതച്ചിരുന്നുവത്രേ.......

ആളൊഴിഞ്ഞ മൂലയില്‍
ചുംബനം കൈമാറുന്ന
അവളെ ഞാന്‍ കണ്ടിരുന്നു

അവനവിടെ ഇല്ലല്ലോ ..!!
പല പൂവുകളില്‍
തേന്‍ നുകരുന്ന അവനേയും
കൂടെ കണ്ടിരുന്നതാണ്

ചുമടിറക്കി വിയര്‍പ്പുണക്കി
വരുന്ന അവളുടെ
അച്ഛനെ
അറിയാമായിരുന്നു
ഒഴിഞ്ഞ വയര്‍ മുറുക്കി കെട്ടി
നിന്നെ ഊട്ടിയ അമ്മയെയും.

ഉറക്കെ വിളിക്കാന്‍
പുതുമകള്‍ അറിയാത്ത
നാവുകള്‍ അന്ന് തരിച്ചിരുന്നു
പ്രതിഷേധിക്കാന്‍ കൈകളും
വിലങ്ങിട്ടിരുന്നു ലോകം .!!!

കണ്ണുകളടയ്ക്കാം
സദാചാര വാദി
എന്ന അശ്ലീല പദവിയേറ്റു
വാങ്ങാന്‍ വയ്യ. .

വയ്യ തിരിഞ്ഞു നടന്നു .......
അപ്പോഴും കാതുകളില്‍
പണ്ടെന്നോ കേട്ടു മറന്ന
ചില ശീലുകള്‍ അലയടിച്ചുയരുന്നുണ്ടായിരുന്നു ....

"ഭാരതം നമ്മുടെ രാജ്യമാണ് .......നാം ഓരോരുത്തരും സഹോദരീസഹോദരന്മാരാണ്"

ജിത്തു
വെന്മേനാട് 

Monday, June 15, 2015

അറിയുന്നുണ്ടോ




മറന്നു നീ വെച്ച
കൊലുസിന്റെ താളമിന്നുമെന്‍
ഹൃദയം പകര്‍ന്നാടുന്നത് ...
നീ അറിയുന്നുണ്ടോ

അകലും തോറും
കണ്ഠത്തില്‍ കുരുങ്ങിയ
തങ്കനൂല്‍ മുറുകുന്നതും
എന്‍ ശ്വാസം നിലക്കുന്നതും ....
നീ കാണാറുണ്ടോ

നെറ്റിയില്‍ തൊട്ട
കുങ്കുമ ചുവപ്പമിന്നുമെന്‍
മിഴിയിണകളില്‍ പടരുന്നതും
പീലികള്‍ നനയുന്നതും ...
നിന്നെ ചിരിപ്പിക്കാറുണ്ടോ ...!!

പൊടിക്കാറ്റില്‍ ആ
കണ്ണുകള്‍ പിണങ്ങുമ്പോള്‍
എന്‍ തൂലികയില്‍
അക്ഷരങ്ങള്‍ നനയുന്നതും
കവിതകള്‍ വിതുമ്പുന്നതും സഖീ,
നീ അറിയാറുണ്ടോ ..!!

ജിത്തു
വെന്മേനാട്

നഷ്ടപ്രണയങ്ങള്‍


( ചില കാഴ്ചകള്‍ )



1.
അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!

***********************************************

2.
പുടവ കൊടുക്കേണ്ട
കൈകളാല്‍
കൊഴിഞ്ഞ പൂക്കള്‍
കൊരുത്തൊരു
സുവര്‍ണ മാല്യം ഉപഹാരം കൊടുത്ത നാള്‍
കണ്‍കോണില്‍ നിറഞ്ഞതാണ് ........,
ചോദിക്കാതെ മറന്നു വെച്ച കനവിന്‍
മുനയുള്ള മറുപടി.

ഉതിര്‍ന്ന കണ്ണുകളില്‍
കണ്ടതാണ്
വാടി കൊഴിഞ്ഞ മുല്ല പൂവിന്‍ മൗനം ...

ഞാന്‍ അശക്തനായിരുന്നു ..........!!!!!!!!!

*****************************************************

3.
തൊട്ടാവാടി

മുള്ളുണ്ട് , കുത്തി നോവാതെ നോക്കണേ ...
അവളുടെ ഇലകള്‍ വാടാതെ കാക്കണേ ...!!

( ഒരു തെക്കന്‍ കാറ്റിനോട് .)

*************************************************

4.

പറന്നകലും മുന്‍പ്
ഒന്നായ്‌ നാം
കൊത്തി പെറുക്കിയ
നിമിഷങ്ങള്‍
ഇവിടെ
മറവിയുടെ
ചപ്പു കൂനയില്‍
ഉപേക്ഷിച്ചു പോകാം ..........

ഇനിയൊരിക്കല്‍
നാം കണ്ടു
മുട്ടുകയാണ് എങ്കില്‍
അതിവിടെ
ഈ ഓര്‍മ്മകളുടെ
ശവപ്പറമ്പില്‍
വെച്ചാകട്ടെ..!!!!

ജിത്തു
വെന്മേനാട്

Saturday, June 13, 2015

വസുധൈവ കുടുംബകം



കരയാതെയമ്മേ, കലഹങ്ങൾ കാൺകെ; അറിയാം
നിൻ കനവുകളെത്രയോ പൊലിഞ്ഞു പോയ്.
പലനിറം പലതരം ഈ മക്കളെന്നാകിലും
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

നൽകി നീ വിഭവങ്ങളേവർക്കുമൊരു പോലെ
കണ്ടു നീ ഞങ്ങളിലൊരു പോലെ നിനവുകൾ
നിറമുള്ള കാഴ്ചയും നേരായ വഴികളും ‍
പകുക്കാതെ വാത്സല്യം കണിയായൊരുക്കി .

അതിഥിയായ്‌ വന്നവര്‍ അതിരുകള്‍ മാന്തി
മസൃണ സ്മേരത്തില്‍  നഞ്ച് കലര്‍ത്തി
മലരണി കുന്നുമീ കാട്ടു പുഞ്ചോലയും കാടുമീ
നാടു,മമ്മേ നിന്‍ മകുടവും, മരാളര്‍ പകുത്തു

തോറ്റു പോയമ്മേ, യമ്മയുടെ മക്കള്‍
മനസ്സ് പകുത്തപ്പോള്‍ മണ്ണു പകുത്തപ്പോള്‍
തങ്ങളില്‍ തങ്ങളില്‍ വലുതെന്നു ചൊല്ലി
അകതാരില്‍ മതം, മദം പൊട്ടിയപ്പോള്‍

നാടായ നാടെല്ലാം  ഒരു പശ്ചിമകാറ്റ് -
'ദരിദ്രനാരായണരെന്നു കുശുമ്പ് ചൊല്ലി
വിരുന്നൊരുക്കി വറ്റിയ അരവയര്‍ -മുറുക്കി,യീ
മക്കടെ കൈപിടിച്ച,മ്മ നിവര്‍ന്നു നിന്നു

ഓര്‍ക്കുന്നുവിന്നും ചൊല്ലി പഠിപ്പിച്ച പാഠങ്ങള്‍
നീട്ടിയ പാതക,ളുള്‍ക്കാഴ്ചകള്‍ സ്വപ്നങ്ങള്‍
കണ്ണുനീര്‍ത്തുള്ളി നിന്‍  കണ്‍കളില്‍ പടരുവാന്‍
ചിലതുണ്ട് കീടങ്ങള്‍ അറിയുന്നുവെങ്കിലും

പലവഴി ഞങ്ങള്‍  പിരിഞ്ഞുവെന്നാകിലും
നിറമേറെ രുധിരത്തില്‍ കലര്‍ന്നുവിന്നെങ്കിലും
കരയാതെയമ്മേ, കലഹങ്ങൾ കാൺകെ
മനമാകെയൊരു മണ,മതീ മണ്ണിന്റെ ഗന്ധം.

ജിത്തു
വെന്മേനാട്