Sunday, December 21, 2014

പുല്‍ക്കൊടി



അതിരില്ലാ വാനമെണ്ണിയാലൊടുങ്ങാ സൃഷ്ടികള്‍
കണ്ണെത്താ ദൂരം വന്മരങ്ങള്‍
അതിനിടയിലീയുലകില്‍ പൂവില്ലാ കായില്ല,
മണമില്ല,ഗുണമേതുമില്ലാ ഞാനൊരു പുല്‍കൊടി

വേനലില്‍ കരിയുന്നു പെരുമഴയില്‍ ചീയുന്നു
ഇടയിലെവിടെയോ നാമ്പിടുന്നു ജീവിതം
ഇരുളുകള്‍ ഹൃത്തില്‍ നിറയ്ക്കുന്നു നീര്‍മണി
പുലരിയില്‍ തുഷാരമതിലുദിക്കുന്നു സൂര്യന്‍

ഒന്നിച്ചു ചേര്‍ന്നാല്‍ പച്ചപ്പിന്‍ കുളിരാണ്
യെന്നാല്‍ ഒറ്റയ്ക്ക് നിന്നാല്‍ കളയാണതറിയാം
അ ടിമണ്ണു ചോരാതെയതിരുകള്‍ കാക്കാന്‍
തായ്‌ വേര് തമ്മില്‍ കൈകോര്‍ത്തീടാം

അംഗുലിയിലംഗുലമായ്‌ ഉദകം ചെയ്യുവാന്‍
കൊഴിഞ്ഞ ജീവനൊരിറ്റു കണ്ണീര്‍ പകരുവാന്‍
കറുകയായെങ്കിലും നീയെനിക്കേകിയ ജന്മ,
മതെത്രമേല്‍ പുണ്യം, സകലേശാ നന്ദി ....

ജിത്തു
വെന്മേനാട്

Wednesday, December 17, 2014

അഹം ( ഭാവം )


പുതുമകള്‍ മറന്നുപോയൊരു
ശീലുകള്‍, പഴയ പാഠങ്ങളീ
പെരുവഴിയിലുച്ചത്തില്‍ ചൊന്നു
നിന്നെ വിളിച്ചതും പഠിച്ചതും
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ഒഴിയാതെ പെയ്ത പെരുമഴയില്‍
നനഞ്ഞു ഞാന്‍, പുതു മണ്ണിലും
പുല്‍ക്കൊടിയിലും,ഒരുമാത്രയെന്‍
കുഞ്ഞിനൊരു പേര് തിരഞ്ഞത്
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

വഴികാട്ടിയാം സ്തംഭങ്ങള്‍ നിങ്ങള്‍
വെറുമൊരു പാരായണികന്‍, ഞാന്‍
വഴിതെറ്റിയലയുന്ന പൈതമിന്നും.
വെറുംവാക്കിലര്‍ത്ഥം ചികഞ്ഞത്-
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

കവിയെന്നു കളിയായി,കളി കൂട്ടുകാര്‍
വാക്കില്‍ കഷായം പകര്‍ന്ന നാളിലും
മടുക്കാതെ തോഴി -അലഞ്ഞു ഞാന്‍
തിരഞ്ഞിട്ടും തിരഞ്ഞിട്ടുമകന്നു നീ
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ജിത്തു
വെന്മേനാട്