ഇന്നലെ കൂടി ഞാനോർത്തവയാണവ-
യിന്നെല്ലാമിതെങ്ങു പോയ് മറഞ്ഞിരിപ്പൂ.
നാവിന്‍ തുഞ്ചത്ത് തന്നെയുണ്ടെന്നാലോ
വഴുതിയൊഴിഞ്ഞെങ്ങോ ഒളിച്ചു നിൽപ്പൂ...
മുന്‍പിലുണ്ടെന്നാൽ കാണുവാനില്ലൊന്നും
കൺകെട്ടോ മായയോ, യിതിനെന്തു ചൊല്ലും.
ദാഹിച്ചു മോഹിച്ചു തിരയുമ്പോളൊക്കെയും
പിടിയി,ലൊതുങ്ങാതെ കണ്ണാരം കളിച്ചിടുന്നു.
പണ്ട് കൊതിച്ചവ മറവിയിലൊളിച്ചവ
ഹൃദയം പിഴിഞ്ഞിട്ടും അകലത്തു നിന്നവ
കുത്തുന്ന നോവുകള്‍ പൊള്ളും കനലുകള്‍
അസമയ,ത്തൊന്നാകെ മുന്നില്‍ നിരന്നു നിൽപ്പൂ.
വിളിക്കാത്ത നേരത്തെ,രിയുന്നയോർമ്മകൾ
കാണുവാനാകാതെ കീറിയ ചിത്രങ്ങൾ
കൺമുൻപിലൊന്നൊന്നായ് നീട്ടുന്ന മനസ്സേ,
നീയിതുമാത്ര,മേതാഴിയിൽ കുഴിച്ചു മൂടി. ..!
ജിത്തു
വെന്മേനാട്