Thursday, May 8, 2014

മഴ



വേനല്‍ മഴ 

വരണ്ടു കീറിയ ഭൂമിയില്‍ 
പ്രതീക്ഷതന്‍ സ്വാന്തനമായ്‌ 
വേനല്‍ മഴ ...

മിഥുന മഴ 

നീര് വറ്റിയ പുഴയില്‍ 
ഉണങ്ങി മെലിഞ്ഞ തരുവില്‍ 
പടര്‍ന്നു കയറുന്ന പ്രണയമഴ 

വര്‍ഷം 

കലിതുള്ളിയവള്‍ 
സംഹാര രുദ്രയായ്‌ 
കുറുമ്പ് കാട്ടും കാലം ...

ചാറ്റല്‍ മഴ 

നാണം കുണുങ്ങിയരികില്‍ 
വന്നാടിയാടി-യോടി 
മറയുന്നു ചാറ്റല്‍ മഴ 

രാത്രി മഴ 

പ്രണയ തീമഴ നെഞ്ചില്‍ തൂവി 
ചാരെ ചിരിയ്ക്കുന്നു രാമഴ 

തുലാമഴ 

ആരവമോടെ വിരുന്നു വന്നു 
തകര്‍ത്താടി പാടുന്നു 
തുലാവര്‍ഷം .....

ജിത്തു
വെന്മേനാട് 

Saturday, May 3, 2014

നിഴല്‍




ഞാന്‍,നിന്നോപ്പം വളര്‍ന്നവന്‍.
പാദങ്ങളില്‍ പുണ്യം തിരഞ്ഞവന്‍
കല്ലിലും മുള്ളിലും കാട്ടുവഴിയിലും
കൈ നീട്ടി കൂട്ടു നിന്ന സൗഹൃദം

കാലടികളില്‍ ഞെരിഞ്ഞമര്‍ന്നവന്‍
ചതുരംഗകളരിയില്‍ ഇടറി നീ,വീഴവേ,
ഓര്‍മ്മകളില്‍ കാല്പാടുകള്‍ തിരയവേ
നിഴലായ്‌, നേര്‍വഴി നീട്ടി വന്നവന്‍

ഇരുളില്‍,ഭയന്ന നാള്‍ -പതറി,
യറിയാതെ നീ തളര്‍ന്ന നാള്‍
സാന്ത്വനമായ്‌ പുണര്‍ന്നവന്‍
പുലരി വരുവോളം കൂടെ നിന്നവന്‍

ഒരുനാള്‍ നീ വളര്‍ന്ന നാള്‍
പുറകിലൊരു പെരുവഴിയില്‍
മറവിയുടെ ശവപ്പറമ്പുകളില്‍
വലിച്ചെറിഞ്ഞ  ഇന്നലെകള്‍

 _ജിത്തു_
വെന്മേനാട്