Saturday, September 24, 2011

പാടം


മെതികഴിഞ്ഞാളൊഴിഞ്ഞ പാടം
കുളിര്‍ക്കാറ്റും കിളികളും
കളിയാടും കളമിന്നു ശൂന്യം

മധുരം പകര്‍ന്ന നെഞ്ചിലിന്നു
കരിഞ്ഞടര്‍ന്ന പാടുകള്‍
കനി തിന്നു വളര്‍ന്നവര്‍
നിനക്കേകിയ വിഹിതം..

മെലിഞ്ഞുണങ്ങിയ മേനി നിറയെ....
മുറിവ് തീര്‍ത്ത വിള്ളലുകള്‍....
രക്തത്തിന്‍ പാടുകള്‍...
കറങ്ങി പറക്കും മാംസദാഹിയാം
കഴുകന്‍ കണ്ണുകള്‍ ചുറ്റും..

കാതോര്‍ക്കെ കേള്‍ക്കാം തേങ്ങല്‍..
കരയാതിരിയ്ക്കുക..     

തിരയാം നമുക്കിനിയുമീ
പതിരിലുമൊരു തരി
കതിരെങ്കിലും കാണാം..
നനയ്ക്കാം സ്വപ്നമാ
ശേഷിക്കും കതിരിലും..

വെയില്‍ മായും
മഴ നാണിച്ചു ചിരിക്കും  ...
കരിഞ്ഞമര്‍ന്ന മണ്ണി-
ലിനിയും പാടും പറവകള്‍
ആടും മയിലുകള്‍-
എന്നും കേള്‍ക്കും  
തുഞ്ചന്റെ തത്ത തന്‍
നാട്ടു പാട്ടിന്റെ ശീലും

_Jithu_ 
 Abudhabi

Sunday, September 4, 2011

വെറുതെ...!!!

  


ചിറകടിച്ചരികില്‍ വരും മഴയായ്
മനസ്സില്‍ കുളിരായ് പ്രണയം.
ജ്വാലാമുഖിതന്‍ അന്തരംഗത്തില്‍
എരിയും കനലായ് നീറും വിരഹം..

നുരയിട്ട്‌ പതയും കടലില്‍ നിറയും
മുറിവില്‍,  ഉപ്പുപോലോര്‍മ്മകള്‍....
കാര്‍മുകില്‍ പെണ്‍കൊടി പെയ്യാതെ 
കാത്ത അശ്രുകണങ്ങ-ളതില്‍
ചിരിക്കും വെയിലായ്,  കരയുന്നു ദുഃഖം..

വിടരാതടര്‍ന്നൊരു പൂമൊട്ടിന്‍
തേനായ് പൊലിയുന്നു മോഹം..
കരിങ്കലില്‍ തലതല്ലി തകരുന്നു,
ചിതറുന്നു സ്വപ്നതിരമാലകള്‍ ..

വിടരുന്നു പുലരികള്‍, പിന്നെയും
പലതെങ്കിലും.അവിടെയും കാണ്മു -
എരിഞ്ഞമര്‍ന്ന സന്ധ്യതന്‍ നെഞ്ചകം..പിന്നെ
ഇന്നുമീയെന്നെ കളിയാക്കി ചിരിയ്ക്കും
നാളെകളുമെന്നില്‍ ശേഷിയ്ക്കും പ്രാണനും....


  _Jithu_ 
 Abudhabi