Saturday, July 22, 2017

തിരിഞ്ഞൊന്നു നടക്കണം

തിരിഞ്ഞൊന്നു നടക്കണം
എഴുതിയതില്‍ ചിലത് തിരുത്തിക്കുറിക്കണം.
മുത്തശ്ശിക്കവിളില്‍
കൊടുക്കാന്‍ മറന്ന ഉമ്മകള്‍ 
കൊടുക്കണം,കണ്ണ് നനയണം .
കൊള്ളാതെ നടന്ന മഴയും വെയിലും
നനഞ്ഞു കുളിരണം
പനിപിടിച്ചുറങ്ങണം
കൈവിട്ട സൗഹൃദകരങ്ങളില്‍
മാപ്പെന്ന് മടിയാതെ കുറിക്കണം
തെറ്റെന്റേതെന്നു മൊഴിയണം
ചിരിച്ചു മടങ്ങണം
അവളെ കാണണം
കുറിച്ച കവിതകളെല്ലാം
കൈകളില്‍ ചേര്‍ത്ത് നല്‍കണം
വിതുമ്പാന്‍ തുടങ്ങുമധരങ്ങള്‍ കാണാതെ
പണ്ടെന്നോ കണ്ടു മറന്നിടത്ത് വെച്ച്
വീണ്ടും തിരിഞ്ഞു നടക്കണം ...........
ജിത്തു
വെന്മേനാട്

കവിത

എഴുതി തെളിയാതെ
നീയെന്ന കവിത !
ഒളിച്ചു വെച്ചിട്ടും
മുഴച്ചു നിന്ന വരികള്‍.
നീ മാത്രം
വായിക്കാതെ പോയതിനാല്‍
പാഴ് വാക്കായ അക്ഷരക്കൂട്ടങ്ങള്‍.
പ്രണയം ചാലിച്ചിട്ടും
പണയമായ സ്വപ്‌നങ്ങള്‍
നനയാന്‍ കൊതിച്ചപ്പോള്‍
പെരുമഴയായ് കഴുത്തറ്റം മുക്കിയവള്‍
വെയിലായ് പൊള്ളിച്ചവള്‍

സന്ധികള്‍

1.ലോപസന്ധി
കൂട്ടിയെത്ര എഴുതിയീട്ടും
പ്രണയം നഷ്ടമായ
രണ്ടു വാക്കുകള്‍ നമ്മള്‍
2.ആഗമസന്ധി
താലിക്കെട്ടി വിളക്കിയ
സ്വപ്നങ്ങളില്‍ ഒരുണ്ണി
3.ദിത്വസന്ധി
നീയും ഞാനുമെന്ന
വാക്കുകള്‍ക്കിടയിലൊരു കല്ലു്കടി
4.ആദേശസന്ധി
എപ്പോഴാണ്
ഞാനെന്നയക്ഷരത്തിനു പകരം
നിനക്കൊരു കൂട്ടക്ഷരം കൂട്ട് വന്നത് !