നടക്കാറുണ്ട് ഞാനുമാ വീഥിയില്‍
ഓടിക്കളിച്ച പാട വരമ്പുകളിൽ
നുണയാറുണ്ടെന്നുമെൻ നിനവുകൾ
പങ്കു നാം വെച്ച പൊതിച്ചോർ മധുരം
മാവിൻ ചില്ലമേൽ ഊയലാടുവാൻ
കൊതിയ്ക്കാറുണ്ട് യൗവ്വന ചിന്തകള്‍
പടിപ്പുരവാതിലിനപ്പുറം തോഴീ
കൈപ്പിടിച്ചിന്നും നാ,മിരിക്കാറുണ്ട്
ചിരിക്കാറുണ്ട്, കളി പറയാറുണ്ട്
കാവിലെ ഞാവൽ പറിക്കാറുണ്ട്
വേനലില്‍ വാടാത്തയകതാരും
പ്രളയത്തിൽ തളരാത്ത പൂക്കളും
പൊടിതട്ടി മുറിവുണക്കും തന്ത്രവും
മറന്നു ഞാനിതായിവിടെയലയുന്നു.
മൂകമായ് പിന്നെയും തേങ്ങുന്നു
ആർത്തു രസിച്ച ബാല്യകേളിയിൽ
കുട ചൂടിയിന്നും ഓർമ്മകളിൽ
നനഞ്ഞു രസിച്ച മഴകളിൽ......!!!
ജിത്തു
വെന്മേനാട്