കല്ലറകള്‍ ചവുട്ടി താണ്ഡവമാടുവാന്‍
അധികാരത്തളങ്ങളില്‍ ചെങ്കോലെന്തുവാന്‍
പല്ലക്കില്ലേറി പാമരനായ് ചമയുവാന്‍
വേണം മുഖമൂടി, തിരയുന്നു ചുറ്റുമീ ഞാനും
അറപ്പ് തീര്‍ന്നൊരു കൊടുവാള്‍ വേണം
ഉതിര്‍ന്ന ചോരക്കറയതില്‍ വേണം ...
രുധിരമൂറ്റിയലറുന്ന ദംഷ്ട്രകള്‍ വേണം
കൊതി തീരാത്ത കൈകള്‍ വേണം...
പിച്ച ചട്ടിയേന്തി,യിരക്കുവാന്‍ മാനം-
കെട്ട മനസ്സ് വേണം, കോരന്റെ
കുമ്പിളിലും കാലണ തപ്പിയിളിയ്ക്കുവാന്‍
വെളുവെളെ തിളങ്ങുന്ന പുഞ്ചിരി വേണം ..
തിരുത്തുവാന്‍ നാറുന്ന നാക്ക് വേണം
മടക്കുവാന്‍ വളയുന്ന നട്ടെല്ല് വേണം ...
കണ്ടതെല്ലാം കാണാതെ പോകുവാന്‍
കാഴ്ച മങ്ങിയോരകക്കണ്ണ്‍ വേണം
ആവണം എനിക്കൊരു രാഷ്ട്രീയതൊഴിലാളി
വേണം മുഖപടം - യെന്നിലെയെന്നെ മറയ്ക്കുവാന്‍
ജിത്തു
വെന്മേനാട് .