Friday, October 25, 2013

ഏകാന്തത


കുത്തി നോവിക്കുകയാണ്
സ്നേഹിച്ച കുറ്റത്തിന്..........

ഒറ്റപ്പെടലില്‍
കൈ കുടഞ്ഞെറിഞ്ഞു
കളിയാക്കി ചിരിക്കുകയാണ്........

മറഞ്ഞു നിന്ന്...
ഓര്‍മകളില്‍ ചിതയെരിച്ചു...
നഷ്ടങ്ങളില്‍ വിഷം പുരട്ടി......

നിഴല്‍ തേടി
കാല്‍പ്പാടുകള്‍ തേടി നടക്കവേ,
കുത്തി നോവിയ്ക്കുകയാണവള്‍ ...


  _JITHU_
VENMENAD

(വരികളും വാക്കുകളും...... എല്ലാം എന്റെ കുറ്റം മാത്രം... )

Saturday, September 24, 2011

പാടം


മെതികഴിഞ്ഞാളൊഴിഞ്ഞ പാടം
കുളിര്‍ക്കാറ്റും കിളികളും
കളിയാടും കളമിന്നു ശൂന്യം

മധുരം പകര്‍ന്ന നെഞ്ചിലിന്നു
കരിഞ്ഞടര്‍ന്ന പാടുകള്‍
കനി തിന്നു വളര്‍ന്നവര്‍
നിനക്കേകിയ വിഹിതം..

മെലിഞ്ഞുണങ്ങിയ മേനി നിറയെ....
മുറിവ് തീര്‍ത്ത വിള്ളലുകള്‍....
രക്തത്തിന്‍ പാടുകള്‍...
കറങ്ങി പറക്കും മാംസദാഹിയാം
കഴുകന്‍ കണ്ണുകള്‍ ചുറ്റും..

കാതോര്‍ക്കെ കേള്‍ക്കാം തേങ്ങല്‍..
കരയാതിരിയ്ക്കുക..     

തിരയാം നമുക്കിനിയുമീ
പതിരിലുമൊരു തരി
കതിരെങ്കിലും കാണാം..
നനയ്ക്കാം സ്വപ്നമാ
ശേഷിക്കും കതിരിലും..

വെയില്‍ മായും
മഴ നാണിച്ചു ചിരിക്കും  ...
കരിഞ്ഞമര്‍ന്ന മണ്ണി-
ലിനിയും പാടും പറവകള്‍
ആടും മയിലുകള്‍-
എന്നും കേള്‍ക്കും  
തുഞ്ചന്റെ തത്ത തന്‍
നാട്ടു പാട്ടിന്റെ ശീലും

_Jithu_ 
 Abudhabi

Sunday, September 4, 2011

വെറുതെ...!!!

  


ചിറകടിച്ചരികില്‍ വരും മഴയായ്
മനസ്സില്‍ കുളിരായ് പ്രണയം.
ജ്വാലാമുഖിതന്‍ അന്തരംഗത്തില്‍
എരിയും കനലായ് നീറും വിരഹം..

നുരയിട്ട്‌ പതയും കടലില്‍ നിറയും
മുറിവില്‍,  ഉപ്പുപോലോര്‍മ്മകള്‍....
കാര്‍മുകില്‍ പെണ്‍കൊടി പെയ്യാതെ 
കാത്ത അശ്രുകണങ്ങ-ളതില്‍
ചിരിക്കും വെയിലായ്,  കരയുന്നു ദുഃഖം..

വിടരാതടര്‍ന്നൊരു പൂമൊട്ടിന്‍
തേനായ് പൊലിയുന്നു മോഹം..
കരിങ്കലില്‍ തലതല്ലി തകരുന്നു,
ചിതറുന്നു സ്വപ്നതിരമാലകള്‍ ..

വിടരുന്നു പുലരികള്‍, പിന്നെയും
പലതെങ്കിലും.അവിടെയും കാണ്മു -
എരിഞ്ഞമര്‍ന്ന സന്ധ്യതന്‍ നെഞ്ചകം..പിന്നെ
ഇന്നുമീയെന്നെ കളിയാക്കി ചിരിയ്ക്കും
നാളെകളുമെന്നില്‍ ശേഷിയ്ക്കും പ്രാണനും....


  _Jithu_ 
 Abudhabi

Monday, August 29, 2011

"ദീപം"


........ലോകാസമസ്താ സുഖിനോ ഭവന്തു..........


Tuesday, August 16, 2011

കറുപ്പ്

 
കണ്മണി കറുപ്പിനാല്‍ കൊതിതീരെ കണ്ടു,
വര്‍ണങ്ങള്‍ ഉലകില്‍ പലതെന്നാകിലും
കണ്ടില്ല നീയുമെന്‍ തോഴി, കാര്‍മുകില്‍
കറുപ്പിലെ  മഴവില്ലിനഴകും തുടിക്കുമീ‍മനവും.....
 
മോക്ഷം നല്‍കും മരണമായെങ്കിലും...
നേരിനെ കാട്ടിയ ദുഖമായെങ്കിലും...
മുഖം തിരിച്ചു പിന്നെയും അവരെന്നെ..
കറുപ്പെന്നു ചൊല്ലി കാര്‍ക്കിച്ചു തുപ്പി..
 
കറുപ്പില്‍ ലഹരിയില്‍ ഉലകംമറന്നു
ഇരുളിന്‍ മാറില്‍ വിഷപ്പല്ലമര്‍ത്തി...
മാംസഗന്ധം തിരയും  മുഖപടങ്ങള്‍
വെളുവെളെ ചിരിച്ചെന്നും സുന്ദരിയായി..
നിറമായ നിറമെല്ലാം  വാരിപുതച്ചു
വെളുപ്പെന്നു ചൊല്ലിയവര്‍ പൊട്ടിച്ചിരിച്ചു
 
കാര്‍ക്കിച്ചു തുപ്പീട്ടും തള്ളിപറഞ്ഞീട്ടും
കരയാതെ ചിരിച്ചു കവിതകള്‍ ചൊല്ലി..
കാര്‍വര്‍ണ്ണമേനിയില്‍ നിറമേഴും മനമായ്‌
"കറുമ്പന്‍" ഞാന്‍ ഇന്നും ഗര്‍വോടെ നിന്നു..
 

       _Jithu_

        Abudhabi

Friday, August 12, 2011

അബുദാബി....ഒരു രാത്രി കാഴ്ച

Friday, June 10, 2011

പഠിക്കാത്ത പാഠങ്ങള്‍


നോവുന്ന ഓര്‍മക്കായ്‌ ചിതയൊരുക്കണം
ചിതലരിക്കും നഷ്ടങ്ങള്‍ കുത്തിനോവിയ്ക്കെ..
കത്തും മുറിവുകള്‍ മായാതെ മായ്ക്കണം .....,
മറക്കാന്‍ പഠിക്കണം
കനലെരിയും ചിന്തകള്‍ നീറും നേരം
എരിയും നെഞ്ചകം കരയും നേരം.
പൊട്ടിച്ചിരിക്കാന്‍ പഠിക്കണം...
സ്നേഹമാം ബന്ധനം പാശം മുറുക്കുമ്പോള്‍..
പ്രണയത്തില്‍ മാംസഗന്ധം പടരുമ്പോള്‍
അഗ്നിയായ് മൗനം പൊട്ടിത്തെറിക്കണം.
മനമിടറാതെ കാക്കണം.....
കണക്കിന്‍ കളികളില്‍ കാല്‍, ഇടറും നേരം......
രക്തബന്ധങ്ങള്‍ വില പറയും നേരം.....
ചക്രവ്യൂഹങ്ങളില്‍ ഉഴറുന്ന നേരം....
മിഴിനീരുടയാതെ നോക്കണം..
പൊരുതി ജയിക്കണം......
ശരമുനകള്‍ പിന്നെയും
ഹൃദയം തകര്‍ക്കുമ്പോള്‍........
ഇനിയും പഠിക്കാത്ത പാഠം പഠിക്കണം..
Your ever loving friend,
       _Jithu_
        Abudhabi

Sunday, June 5, 2011

പ്രണയാര്‍ദ്രം

 കൊതിപ്പൂ ഞാനോരോ മാത്രയും
നീ തന്നതില്ലൊരു കളിവാക്കു പോലും..
തന്നതിലെന്‍ നിറകൂട്ടില്‍ ചായങ്ങള്‍ പോലുമേ..
അറിഞ്ഞതിലെന്‍ മൌനത്തിന്‍ വിതുമ്പലും
 
അങ്ങകലെ മറയും മരുപ്പച്ചപോലവേ,
അക്ഷരകൂട്ടങ്ങള്‍ കളിചൊല്ലിയകലെ
കാതരമാം വിപഞ്ചികയെന്തിനോ തേങ്ങി..
കരളിലനുരാഗം മൌനമായ് എരിഞ്ഞു.
 
നിഴല്‍ വീണവഴികളില്‍  നീളെ തിരഞ്ഞു...
നിന്‍ നിറസ്മേരത്തിന്‍ പാല്‍ നിലാവെട്ടം..
നീരായീ  മരുവില്‍ പുഞ്ചിരി തൂവാന്‍
നീ നല്‍കും വാക്കിലെന്‍ സ്വപ്‌നങ്ങള്‍ പൂക്കാന്‍....
 
അനുവാദം തേടാതൊരു നാള്‍  നീ വരും
അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും
 
കടമിഴികോണില്‍ പ്രണയവുമായി,
മലയാളിപെണ്ണെന്നെ പുണരും...
അംഗുലീഹര്‍ഷമൊരു കുളിരായ് തഴുകും.
'കവിത'യെന്നെന്‍ കാതില്‍ മെതുവേ മൊഴിയും....
 
 
       _Jithu_
      Abudhabi

Friday, April 29, 2011

"വിഷമഴ"

ഒരു വൃക്ഷത്തിന്‍ നൊമ്പരം
 

കുട്ടികുരങ്ങന്മാര്‍ കുത്തിമറിയുമ്പോള്‍,
ഊഞ്ഞാലൊരുക്കി താരാട്ട് പാടുവാന്‍,
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കുസൃതിയ്ക്കു നല്‍കുവാന്‍ മധുവൂറും തേന്‍പഴം, 
മടിത്തട്ടിലൊളിപ്പിച്ചു കളിപ്പിച്ച കാലവും..
ഇന്നെല്ലാം ഓര്‍മതന്‍ നിഴലുകള്‍ മാത്രം. 

എന്‍ തോഴന്‍ വസന്തത്തിന്‍, ദൂതുമായെത്തും
പുന്നാര പൈങ്കിളിപെണ്ണിന്റെ പാട്ടില്ല. 
അവളരികില്‍ വന്നാല്‍, സമ്മാനമേകാന്‍ 
ഇന്നീ കൈകളില്‍ മധുവൂറും പഴമില്ല .
ഊയലൊരുക്കും കൈകളില്‍ കരുത്തില്ല ...
ശേഷിപ്പതെന്നില്‍ വിഷമേകും തുടിപ്പുകള്‍

ഇന്നെന്റെ തണലില്‍ കണ്ണാരം കളിയ്ക്കുവാന്‍
മാലാഖകുഞ്ഞുങ്ങള്‍ ഒരാളും വരവില്ല..
സരസ്വതി വിളയേണ്ടാ നാവാകെ തള്ളി
ഓടികളിക്കേണ്ട പാദം പിരിഞ്ഞു 
വിങ്ങിതടിച്ചാകെ പൊള്ളിയടര്‍ന്നു 
ചെയ്യാത്ത തെറ്റിന്‍ ശിക്ഷയൊന്നാകെ പേറും 
പട്ടിണികോലങ്ങള്‍......, ഗതികെട്ട ജന്മങ്ങള്‍
കാണുവാനാകുമോ കരളുല്ലോരാര്‍ക്കും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?

അരചനാം മനുജ നിന്നുടെ ധാര്‍ഷ്ട്യം
വിഷമഴയായിനി  പെയ്യാതിരിയ്ക്കുക...
ശേഷിയ്ക്കും രക്തവും ഊറ്റിയെടുക്കാം
നല്‍കാം ഞാനെന്റെ പൂക്കളും കായ്കളും
പകരമായ് നല്‍ക്കുക നിങ്ങളാ ബാല്യം

പൂക്കും പൂവെല്ലാം വാടാതിരിക്കാന്‍,
കാറ്റിനോടോതാം പൊഴിയാതെ കാക്കാന്‍.
കേള്‍ക്കാതിരിക്കില്ല,സഖിയെന്റെ അര്‍ത്ഥന.
കാണാതിരിയ്ക്കില്ല, ഇഴയും കുരുന്നിന്റെ ബാല്യം.
അറിയാതിരിയ്ക്കില്ല, അമ്മയാം മണ്ണിന്റെ ദുഖവും.


 _Jithu_
Abudhabi

Wednesday, April 13, 2011

കുരുക്ഷേത്രം

കുരുക്ഷേത്രഭൂവില്‍ ശംഖൊലി നാദം മുഴങ്ങി...
രണഭേരി മുഴക്കി രണാങ്കണമുണര്‍ന്നു
പാര്‍ത്ഥന്‍ നയിക്കും തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന ഭീക്ഷമരായിന്നു ഞാന്‍.
ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു 
പ്രണയമെന്നുള്ളില്‍ പണയമായ്‌ ...."
കത്തും വാക്കാല്‍ അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്‌.നിരായുധനായീ ഗംഗാ‍പുത്രനും .
നിന്നെ മറതീര്‍ത്തു ഒളിയംബുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്
പണ്ടോര്‍ക്കാതെ ചെയ്തോരാ തെറ്റിന്‍ 
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ ...
നൊന്തതില്ലത്രമേല്‍ ശരമുനകളെങ്കിലുമെന്‍ -
ദേവി,നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്
മദിക്കും മനത്തിന്‍ മുഖം കണ്ണുനീര് ചായം പുരട്ടി
അരികിലന്നര്‍ജുനന്‍ അനുഗ്രഹം തേടും നേരം
അറിയാതെന്നധരത്തില്‍ തെളിഞ്ഞൊരാ ,മന്ദഹാസ-
വുമതിന്‍  പൊരുളും നീ കണ്ടുവോ പാര്‍ത്ഥ?
ഭൂമിയെ പിളര്‍ന്നു നീയേകിയയമൃതം,
മേനിതന്‍ മുറിവുകള്‍ ശാന്തമാക്കി-
രക്തകറകളും ശുചിയാക്കി....,
പിന്നെയും......
മനതാരിന്‍ മുറിവുകള്‍ ബാക്കിയായി..
_Jithu_
Abudhabi