എന്തു കഷ്ടമിതിനെന്തു ചൊല്ലണം
എന്തു പാപപരിഹാരമേകണം
തോളിലേറി മനസാക്ഷിയിന്നിതാ
ജീര്‍ണമായി, ശവമെന്നപോലവേ!
പാതിയില്‍ കളകവയ്യ,യീയുടല്‍
നിശ്ചയം, പതറിടുന്നുവെങ്കിലും.
പിണ്ഡമല്ലിതുയിരാണിതെന്റെ ഹാ !
പാതിയാണറിയുക പ്രപഞ്ചമേ.
ചോദ്യമേറെ ഉയരുന്ന നൊമ്പരം
കണ്ടകാഴ്ചയതിനില്ല,യുത്തരം
ചിത്തമാകെ പടരുന്നു കണ്ണുനീര്‍
ദേശമിന്ന് അപമാനപൂരിതം
കണ്ണടച്ചു ഇരുകാലിയായവര്‍
കീടമായതറിയാതെയോ സ്വയം !
മാറണം മനുജരായി നാം സഖേ
ഓര്‍ക്കണം പതനമാണിതെന്നുമേ ...
ജിത്തു
വെന്മേനാട്
"ജാലകം-അടച്ചിട്ട മനസിന്റെ കാഴ്ചയാണ് ......മനസ്സ് ശൂന്യമാണ്....ശേഷിക്കുന്നത് നിറമില്ലാത്ത ചുവരില്‍ കോറിയിട്ട അര്‍ത്ഥങ്ങളില്ലാത്ത അക്ഷരകൂട്ടങ്ങള്‍ മാത്രം,ബാല്യത്തിന് മുടന്തലും...."
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Saturday, August 27, 2016
Friday, April 29, 2016
പരീക്ഷ
ഇനിയുമേറെ പഠിക്കുവാനുണ്ട്.
താളുകളിനിയും മറിയ്ക്കുവാനുണ്ട്.
ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവ
ഒരുവട്ടം കൂടി ഉരുവിട്ടു നോക്കണം
കൂട്ടിക്കിഴിക്കലും ഗുണനഹരണവും
ഒരിക്കലും ചേരാകണക്കുകൾ ചേരവേ
ശിഷ്ടങ്ങളെന്നും ശൂന്യമായ് മാറും
മാന്ത്രിക ഗണിതവുമറിയുവാനുണ്ട്
ബന്ധങ്ങള്‍ ദൃഢമാകാൻ ഭാഷയറിയണം
വാക്കുകള്‍ മുറിവുകള്‍ തീർക്കുമതറിയണം
നല്ല മൊഴികള്‍ കേട്ടു പഠിക്കണം
അക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണം
മുൻപേ നടന്നവര്‍ കോറിയ ചിന്തുകൾ
ചരിത്രമായ സംസ്ക്കാര ചിത്തങ്ങൾ
നേർവഴിയറിയുവാൻ മനഃപാഠമാക്കണം
അടിത്തെറ്റിയാലവ കൈത്താങ്ങാകണം
വഴിവിളക്കിന്നോരത്ത് ചൊല്ലി പഠിക്കണം
വഴികാട്ടുമനുഭവങ്ങളോർത്ത് വെയ്ക്കണം
വീഴ്ചകൾ മറക്കണം തെറ്റുകള്‍ തിരുത്തണം
പടവുകളോരോന്നായ് ചവിട്ടി കയറണം
ചോദ്യങ്ങളോരോന്നായ് കാലങ്ങള്‍ നീട്ടുമ്പോൾ
ചുണ്ടിലെ പുഞ്ചിരി മായാതെ കാക്കണം
ജിത്തു
വെന്മേനാട്
Friday, April 15, 2016
ഇണക്കിളിയുടെ പരിഭവങ്ങൾ !
മിണ്ടേണ്ട, നീയെന്നരികിൽ വരേണ്ട
പഞ്ചാരവാക്കാലെന്നെ മയക്കേണ്ട
മധുരിത സ്വപ്‌നങ്ങളെത്ര നീ നീട്ടി
പാവമാമീ ഞാന്‍ നിന്നിൽ കുരുങ്ങി !
മാണിക്യക്കല്ലഴകുള്ളൊരു മാല
പൂമലമേട്ടിൽ ചോരാത്തൊരു കൂര
മംഗലം കൂടുവാൻ ചേലുള്ള ചേല
പലവട്ടം ചൊന്നെല്ലാം പാഴ് വാക്കുകളായി !
മണിമലർക്കാവിലെ വേലയ്ക്ക് പോകാന്‍
പകലന്തിയോളം കാത്തുനിന്നില്ലേ
മൂവന്തിനേരത്ത് കൂട്ടരുമൊത്ത്
പനങ്കള്ളു കുടിച്ചെന്നെ പള്ളു പറഞ്ഞില്ലേ !
മൂവാണ്ടൻ മാവിന്റെ മണ്ടേലിരുന്നിട്ട്
പൂവാലിക്കിളിയോട് കിന്നാരമോതീല്ലേ
മനസാക്ഷിയെന്നൊന്ന് മനസ്സിലുണ്ടെങ്കിൽ
എന്നെയോർക്കേണ്ട,യീ മക്കളെയോർക്കൂല്ലേ !
മിണ്ടേണ്ട, നീയെന്നരികിൽ വരേണ്ട
പഞ്ചാരവാക്കാലെന്നെ മയക്കേണ്ട
മധുരിത സ്വപ്‌നങ്ങളെത്ര നീ നീട്ടി
പാവമാമീ ഞാന്‍ നിന്നിൽ കുരുങ്ങി !
ജിത്തു
വെന്മേനാട്Tuesday, April 12, 2016
ഋതു
Thursday, April 7, 2016
തെന്നൽ
Tuesday, October 27, 2015
നിഴല്‍ക്കനവുകള്‍!
മാവിന്റെ തുഞ്ചത്ത് തളിരിലക്കിടയില്‍
ഒളിച്ചിന്നുമാ ഗാനം ഞാന്‍ പാടാറുണ്ട്
നിന്നോട് ചൊല്ലുവാന്‍ മടിച്ചവയെല്ലാം
കാറ്റിന്‍ കാതിലാര്‍ദ്രമായ് മൊഴിയാറുണ്ട് !
അരുവി തന്നോരത്ത് നീ വന്നിരിയ്ക്കുമ്പോള്‍
ഓളമായ് ഞാന്‍ നിന്നെ തഴുകാറുണ്ട്
കിലുകിലെ പെണ്ണേ നീ പൊട്ടിച്ചിരിക്കവേ
കൊലുസിന്‍ കിലുക്കം ഞാന്‍ കവരാറുണ്ട്!
അളകങ്ങള്‍ മാടി ഒളിച്ചെന്നെ നീ നോക്കുമ്പോള്‍
രുചകം തഴുകുമൊരു കാറ്റായ് ഞാന്‍ മാറാറുണ്ട്
പൂവൊന്നു നുള്ളി നീ വാസനിച്ചീടവേ
മലര്‍ഗന്ധമായ് നിന്നില്‍ നിറയാറുണ്ട്!
കോപിച്ചു സഖി നീ, കാര്‍മുകിലാകവേ
ഇന്ദ്രധനുസ്സായി ചാരെ വിരിയാറുണ്ട്
പെയ്യാത്ത മേഘമായ് നീയോടി മറഞ്ഞിട്ടും
നിഴലായ് ഞാനിന്നും അരികിലുണ്ട് !
ജിത്തു
വെന്മേനാട്
Tuesday, October 20, 2015
ദേശാടനക്കിളി
ഋതു മാറി വസന്തം വന്ന നേരം
പത്രങ്ങളാനന്ദ നൃത്തമാടും കാലം
കുസുമങ്ങളിതള്‍മഴ പൊഴിച്ചിടവേ
കിന്നാരമോതി,ക്കിളിയരികിലെത്തി
കളിപറഞ്ഞായിരം കഥ പറഞ്ഞു
കാതങ്ങള്‍ക്കപ്പുറമുള്ളോരു കാഴ്ച തന്നു
കിളിപ്പാട്ടിനീണത്തില്‍ കവിത മൂളി
കാതരയായവള്‍ അരികില്‍ നിന്നു
കായ്ക്കനികള്‍, തരുവും പകുത്തു നല്‍കി
മലരില്‍ ഒളിപ്പിച്ചു മധു പകര്‍ന്നു
അനുരാഗമുന്മത്ത ലഹരിയായ് പടരവേ
കരളിന്‍ ചില്ലമേലാക്കിളി കൂട് കൂട്ടി
കാലങ്ങളതിദ്രുതം കൊഴിഞ്ഞീടവേ
ജരയായ് നരയായ് ഇലകളടര്‍ന്നു വീണു
യാത്രമൊഴിയോതാതാക്കിളിയെങ്ങോ
മറ്റൊരു പൂക്കാലം തിരഞ്ഞകന്നു.
കാറ്റില്‍, മഴയില്‍, പൊരി വെയിലില്‍
ചില്ലയിലാ കൂട് തെല്ലുമേ ഉലഞ്ഞിടാതെ
മറ്റൊരു കിളിപോലും പാര്‍ത്തിടാതെ
മരമിന്നുമേകനായവളെയും കാത്തു നിന്നു
ശിശിരം കൊഴിഞ്ഞു; പൊള്ളും വേനലും വന്നു
വസന്തം വരുമെന്നോതി; മഴ പെയ്തു തോര്‍ന്നു
കാലങ്ങള്‍ പിന്നെയും കൊഴിഞ്ഞു വീണു
എന്തേ, ഇണക്കിളി മാത്രമണഞ്ഞതില്ല !!
ജിത്തു
വെന്മേനാട്
Saturday, October 17, 2015
കുടുംബം
അച്ഛന്‍
ഇടറി വീഴേണ്ടി വന്നു
തനിച്ചു നിന്നതെങ്ങിനെയെന്നറിയാന്‍.
ആ കരങ്ങളുടെ ബലമറിയാന്‍ !
അമ്മ
അമ്മതന്‍ പൊരുളെന്ത്
അറിയില്ലയെന്നാല്‍,
അമ്മയാണെല്ലാം;
അറിയാമതു താന്‍ സത്യം !
കൂടെപ്പിറപ്പ്
തമ്മില്‍ തല്ലാനും
തല്ലിയവനെ തല്ലാനും
തനിച്ചല്ല ഞാനെന്നു ഉറക്കെ പറയാനും
എന്നും അവനുണ്ട് കൂടെ ............... തെമ്മാടി !!
ഭാര്യ
ഇലപൊഴിഞ്ഞ
വെറുമൊരു ശിഖരമാണ് ഞാന്‍
നീയെന്ന വാസന്തം അരികിലില്ലെങ്കില്‍ !!
മക്കള്‍
സമ്പാദ്യം
"നല്‍കുവാന്‍ അച്ഛനേറെയില്ലൊന്നും
നീ തന്നെയെന്‍ സ്വത്തതു നീയു,മറിയുക"
JITHU
VENMENAD
Sunday, October 11, 2015
ഓലക്കുടിൽ
1
ഇറ്റി വീഴുന്നു
കരിയോലത്തുമ്പിൽ
നീർക്കണങ്ങൾ
2
ചോരുന്ന കൂര
കോടിയ പാത്രത്തിൽ
സംഗീത മഴ
3
ചിരവ, കലം
വാതിലുകളടയുന്നു
താഴുകളില്ലാതെ
4
പ്രഭാതമായി
ഓലക്കീറിലൂടെത്തി
നോക്കി സൂര്യന്‍
5
വിരുന്നുകാർ
അമ്മക്കിന്നുമന്തിയ്ക്ക്
വിശപ്പില്ലത്രേ!!
ജിത്തു
വെന്മേനാട്
Monday, September 21, 2015
കനവേ !
പറന്നുയരുക നീയെൻ സാമ്രാജ്യമാകെ
നീട്ടുക, നിറമുള്ള കാഴ്ചകൾ മിഴിയിൽ
ഓർക്കുക കനവേ, നിനക്കതിരുകളുണ്ട്
അതിരുകൾക്കപ്പുറം അവകാശികൾ കാണാം
ഒരുവേള മതിൽക്കെട്ടിനുമപ്പുറം കാണാം
ചില്ലിട്ട മേടയിൽ പിടയുന്ന നേരുകൾ
കയ്പ്പുനീരണിഞ്ഞ ചപല മോഹങ്ങൾ
നാമൊന്നിച്ചു കണ്ട പാഴ് കിനാവുകൾ
തളരരുത്, പാറുക ഉയരങ്ങളിലിനിയും
മരുപച്ച കണ്ടെന്നാൽ മടിയാതെ മൊഴിയുക
നിൻ ചിറകേറിയെനിക്കുയർന്നീടാൻ
സ്വപ്നങ്ങളെന്റെ സ്വന്തമാക്കീടാൻ
ഇരുൾ മൂടിയ വഴികളിൽ പൗർണമിയായി
ഇടറിയ പാതയിൽ കനലുകളായി
തരിക നീ ,നേരിന്റെയുറവകൾ നെഞ്ചിൽ
ഉശിരുള്ള ലഹരിപ്പൂക്കളീ കൈയ്യിൽ !
ജിത്തു
വെൻമേനാട്
Wednesday, August 26, 2015
മധുരം
നടക്കാറുണ്ട് ഞാനുമാ വീഥിയില്‍
ഓടിക്കളിച്ച പാട വരമ്പുകളിൽ
നുണയാറുണ്ടെന്നുമെൻ നിനവുകൾ
പങ്കു നാം വെച്ച പൊതിച്ചോർ മധുരം
മാവിൻ ചില്ലമേൽ ഊയലാടുവാൻ
കൊതിയ്ക്കാറുണ്ട് യൗവ്വന ചിന്തകള്‍
പടിപ്പുരവാതിലിനപ്പുറം തോഴീ
കൈപ്പിടിച്ചിന്നും നാ,മിരിക്കാറുണ്ട്
ചിരിക്കാറുണ്ട്, കളി പറയാറുണ്ട്
കാവിലെ ഞാവൽ പറിക്കാറുണ്ട്
വേനലില്‍ വാടാത്തയകതാരും
പ്രളയത്തിൽ തളരാത്ത പൂക്കളും
പൊടിതട്ടി മുറിവുണക്കും തന്ത്രവും
മറന്നു ഞാനിതായിവിടെയലയുന്നു.
മൂകമായ് പിന്നെയും തേങ്ങുന്നു
ആർത്തു രസിച്ച ബാല്യകേളിയിൽ
കുട ചൂടിയിന്നും ഓർമ്മകളിൽ
നനഞ്ഞു രസിച്ച മഴകളിൽ......!!!
ജിത്തു
വെന്മേനാട്
Wednesday, July 22, 2015
ഉത്സവം

വെൺചാമരമാലവട്ടം
പലവർണ്ണ പട്ടുകുട
നിരനിരയായഴകോടെ
കരിവീരർ നിൽക്കുന്നു
വഴി നീളെ വാണിഭങ്ങൾ
ഹൽവ പൊരി മുട്ടായി
ചുവപ്പിച്ച ചുണ്ടുമായി
ബാല്യമോടി കളിയ്ക്കുന്നു
കൺമഷി കുപ്പിവള
ചേലോടെ തരുണികൾ
കളിയോതി കൗമാര
കുതുകികൾ തൊട്ടരികെ
നീലക്കാളി കരിങ്കാളി
പലനിലക്കാവടികൾ
കുതിര കാള തെയ്യങ്ങൾ
മിഴികളില്‍ വിരുന്നായി
പഞ്ചവാദ്യം നാഗസ്വരം
രാഗങ്ങള്‍ തകർക്കുന്നു
കേട്ടാമോദം ആലിലകൾ
മനമൊന്നായാടുന്നു
നൃത്തച്ചുവടുമായ് ഭഗവതി
ഉറഞ്ഞിതാ തുള്ളുന്നു
കൊഴുക്കുന്നു പഞ്ചാരി
ആരവങ്ങളുന്നതിയായ്
അങ്ങു ദൂരെ കേൾക്കുന്നു
ചെണ്ട തകിൽ മേളങ്ങൾ
ഇങ്ങക്കരെയെന്നകതാരിലും
കമ്പക്കെട്ടുത്സവ താളങ്ങൾ
ജിത്തു
വെന്മേനാട്
Saturday, July 18, 2015
പിണക്കം
ഒരു മുത്തം തന്നാല്‍ തീരുമോ പിണക്കം
എന്തിനാണിണക്കിളി നിനക്കിത്രയും കോപം
കവിത വിരിഞ്ഞ കൺകളിൽ തോഴി
യെന്തിത്ര വേനല്‍ കനലാട്ടം
പൗർണമി വദനത്തിലിന്നമാവാസി
കവിളിണകളിൽ കാർമുകിൽ വിളയാട്ടം
കളി പറഞ്ഞെന്നോട് കഥ പറഞ്ഞ
തേനിതൾ ചുണ്ടില്‍ കയ്ക്കുമൊരു മൗനം
മഴവില്ലു നിറമോലും സ്വപ്‌നങ്ങള്‍
മധുരിത മനോഹര നുണക്കുഴികൾ
ഇനിയും നിനക്കായ് ഞാന്‍ തരില്ലേ
ഇണങ്ങുമോയിണക്കിളി ഞാന്‍ പാവമല്ലേ
വാക്കുകള്‍ പാഴ് വാക്കുകൾ മാത്രമെന്നോ
കിനാവുകള്‍ ആഴിയില്‍ മുങ്ങിയെന്നോ
മധുവിധുവിനിയും മനസ്സില്‍ ബാക്കിയല്ലേ
ഒരുനാളെല്ലാമുപഹാരമായ് നൽകുകില്ലേ
വരിതൻ സുഗന്ധമത്, നീ തന്നെയല്ലേ
നെഞ്ചിലെ താളവുമെൻ ദേവിയല്ലേ.
ഒരു മുത്തം നൽകാം ഞാന്‍ ഓമലാളെ
പിണങ്ങാതെ സഖി, യൊന്നരികിൽ വരൂ...
ജിത്തു
വെന്മേനാട്
Tuesday, July 14, 2015
കാനന വല്ലരി
ആരുമാരുമീ വഴി വന്നതില്ലേ
കണ്ടതില്ലേ മനം തന്നതില്ലേ
വിടര്‍ന്ന മലരിതള്‍ ചൂടിയില്ലേ
മലരിന്‍ മധുവിന്നും നുകര്‍ന്നതില്ലേ
കൊതിതീരെ ശലഭങ്ങള്‍ മുത്തിയില്ലേ
കനവിലെ പ്രണയം ചൊല്ലിയില്ലേ
തേൻ നുകര്‍ന്നാരും പാടിയില്ലേ
ഒരു രേണു പോലും തൊട്ടതില്ലേ
ഇഷ്ടങ്ങള്‍ നീയും കൊതിച്ചുവെന്നോ
ഇതളുകളവനിയില്‍ പൊഴിഞ്ഞുവെന്നോ
വാടിയതെന്തിനു കാനന വല്ലരി
നിറഞ്ഞു ,നീ നിന്നാടിയ വനിയില്‍
ആഴിയില്‍ മുങ്ങിയ ദിനകരന്‍ പോലും
രാവ് കഴിഞ്ഞിങ്ങു വന്നതോര്‍പ്പൂ
വഴിയില്‍ ഇരുളില്‍ കാല്‍ വഴുതിയാലും
വഴി മറക്കാതെ ചിരിച്ചതോര്‍പ്പൂ
കുളിരുള്ളൊരു തെന്നല്‍ വരവുണ്ട്
കിഴക്കന്‍ വാനിലൊരു മഴമുകിലുണ്ട്
തളരാതെ സൂനമേ, പുഞ്ചിരി തൂവൂ
നിനക്കായൊരു വാസന്തം അരികിലുണ്ട് ..
ജിത്തു
വെന്മേനാട്
Sunday, July 12, 2015
ഭീഷ്മര്‍
പാര്‍ത്ഥന്‍ നയിക്കും
തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന
ഭീഷ്മരായിന്നു ഞാന്‍.
ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു
പ്രണയമെന്നുള്ളില്‍ പണയമായ് ...."
കത്തും വാക്കാല്‍
അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്.
നിരായുധനായീ ഗംഗാപുത്രനും .
നിന്നെ മറതീര്‍ത്തു
ഒളിയമ്പുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്
പണ്ടോര്‍ക്കാതെ ചെയ്തൊരാ തെറ്റിന്‍
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ,
നൊന്തതില്ലത്രമേല്‍
ശരമുനകളെങ്കിലുമെന്‍ -ദേവി,
നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്....!!!
ജിത്തു
വെന്മേനാട്
Thursday, July 9, 2015
ചില നുറുങ്ങുകള്‍
നിയമം
"മണിച്ചിത്രത്താഴിട്ടു പൂട്ടിയത്
മണി ഉണ്ടേല്‍ തുറക്കുന്നത് ..
മതം
"എല്ലാം നല്ലത്
പുസ്തകം തിന്നുന്നവര്‍ ഒഴികെ ..."
മതേതരത്വം
"ദൂരം ഒന്ന് എങ്കിലും
ഒരിടത്തേയ്ക്ക് മാത്രം
തുറയ്ക്കുന്ന നടപ്പാത"
സദാചാരം
"നാണം ഉള്ളവന് ധരിക്കാം
ഇല്ലാത്തവനു വേണ്ടെന്നു വെയ്ക്കാം .. "
( അടിവസ്ത്രം )
രാഷ്ട്രീയം
" വെള്ളത്തുണിയില്‍
പൊതിഞ്ഞു വെച്ച ജീര്‍ണ്ണത "
( ശവം !! )
"മണിച്ചിത്രത്താഴിട്ടു പൂട്ടിയത്
മണി ഉണ്ടേല്‍ തുറക്കുന്നത് ..
മതം
"എല്ലാം നല്ലത്
പുസ്തകം തിന്നുന്നവര്‍ ഒഴികെ ..."
മതേതരത്വം
"ദൂരം ഒന്ന് എങ്കിലും
ഒരിടത്തേയ്ക്ക് മാത്രം
തുറയ്ക്കുന്ന നടപ്പാത"
സദാചാരം
"നാണം ഉള്ളവന് ധരിക്കാം
ഇല്ലാത്തവനു വേണ്ടെന്നു വെയ്ക്കാം .. "
( അടിവസ്ത്രം )
രാഷ്ട്രീയം
" വെള്ളത്തുണിയില്‍
പൊതിഞ്ഞു വെച്ച ജീര്‍ണ്ണത "
( ശവം !! )
Friday, July 3, 2015
വൃത്തം + ചതുരം
വൃത്തം
തെളിനീര്‍
പകരുവാന്‍
അഗ്നിമൂലയില്‍
കുടിയിരുത്തിയിട്ടുണ്ട്
രാകി മിനുക്കിയ ചെങ്കലുകള്‍
വട്ടത്തില്‍ പാകിയടുക്കിയ
ആഴമേറെയുള്ളോരു കിണര്‍ .....!!
ചതുരം
മറ്റൊരു മൂലയില്‍
നാലു കോണിലും
മൂര്‍ച്ചയുമായി
നീന്തിതുടിയ്ക്കുവാന്‍
നീലിമയുടെ സൗന്ദര്യവുമായി
വറ്റി വരണ്ട വെയിലില്‍
കിണറില്‍ ഉറവ പകരാന്‍
താമ്രപര്‍ണ്ണി ...
ഞാന്‍ കൂപമണ്ഡൂകം
നീ ഹംസം
ജിത്തു
വെന്മേനാട്
Friday, June 26, 2015
മഴ പെയ്തു തോര്‍ന്ന നേരം ..!!
മഴപെയ്തു തോര്‍ന്ന നേരം
മതി മറന്നൊരു പുഴയൊഴുകി
മനം നിറഞ്ഞൊരു പൂമരം
മലരിതളില്‍ ഒരു മഴ കരുതി
ഇലചാര്‍ത്തില്‍ നിന്നുമൊരു
ഇരുവാലന്‍ കിളി പാടി
ഇടമുറിയാതൊരു തെന്നല്‍
ഇളംകുളിരിന്‍ കഥ ചൊല്ലി
അടരാതൊരു നീര്‍ത്തുള്ളി
അകതാരില്‍ നനവായി
അലതീര്‍ത്തതീ മനതാരില്‍
അറിയാതൊരു കനലായി
കാത്തൊരു തുടം കണ്ണീര്‍
കൈക്കുമ്പിളിലൊരു ചേമ്പില
കാതലില്‍ കനിയാതെ നീര്‍-
ക്കണമത,ടര്‍ന്നു പോയ്
മാക്കാച്ചി തവളകള്‍ വയല്‍
വരമ്പില്‍ കലഹമായി
മാരി തീര്‍ത്ത വിരല്‍പ്പാടില്‍
മണ്‍മനം പുളകിതമായ്
നനഞ്ഞ തൂവല്‍ ചിറകുകോതി
നടനമാടി മേഘരാവി
നളിന-മീ കുളക്കടവില്‍
നയനാനന്ദ വിരുന്നൊരുക്കി
മഴപെയ്തു തോര്‍ന്ന നേരം
മിഹിരനെത്തി മുത്തമേകി
മുകില്‍ കവിള്‍ തുടുത്ത നേരം
മാരിവ്വില്‍ അരങ്ങു ചാര്‍ത്തി
പുത്തനാം പുടവയണിഞ്ഞു
പൂവ് കോര്‍ത്തു മാല തീര്‍ത്തു
പുതുപുലരിയില്‍ വാസന്തം
പടി വാതിലില്‍ വന്നു നിന്നു.
ജിത്തു
വെന്മേനാട്
Friday, June 19, 2015
പൂവന്‍ കോഴിയുടെ പരിഭവം (അഥവാ പുരുഷ പീഡനം ... !!)
കാലന്‍ കോഴി കാലത്ത് കൂവുമ്പോള്‍
കണ്ണും തിരുമി തൂമ്പയെടുക്കണം
പൊരി വെയില്‍ കൊള്ളണം പറമ്പിലുറങ്ങണം
നാടായ നാടെല്ലാം നടുവൊടിക്കണം
മഞ്ഞെല്ലാം കൊണ്ടാലും മാനം പോയാലും
ആരാന്‍റെ വായിലെ ചീത്തയും കേട്ടാലും
കൊത്തി പെറുക്കിയരവയര്‍ നിറയ്ക്കുവാന്‍
അന്നം തിരയണം തളരാതെ നില്‍ക്കണം
കുടിലിലെ പെണ്ണിന് പൊന്നുരുക്കണം
ക്ടാവ് കരയുമ്പോള്‍ സ്വപ്‌നങ്ങള്‍ നല്‍കണം
കുശിനിയില്‍ കലത്തിലെന്‍ കനവുകള്‍ വേവണം
കനലെരിയുമ്പോള്‍ കരിയാതെ നോക്കണം
ചിരിച്ചു മയക്കുന്ന ഇരുകാലി മൃഗങ്ങളും
റാകി പറക്കുന്ന ചെമ്പരുന്തും
ചുറ്റി പറക്കവേയുറങ്ങാതെ നില്‍ക്കുവാന്‍
ചങ്കൂറ്റമുള്ളവന്‍ തന്നെ വേണം .
വടക്കേലെ നാണി കുണുങ്ങി നടക്കുമ്പോള്‍
വായ തുറന്നൊന്നും മിണ്ടാതെ നോക്കണം
ഓര്‍ക്കണം ആണിന്റെ കണ്ണത്രെ പ്രശ്നം
ഒരുങ്ങിയിറങ്ങിയവള്‍ക്കില്ലത്രയും നാണം
ഇന്നലെ ചൊന്നവളെന്‍റെ പിടക്കോഴി
മുട്ടയിടില്ല പോല്‍ കട്ടായം
അങ്കവാലുള്ളതും തലപ്പാവ് വെച്ചതും
ആണായി പിറന്നതും കുറ്റമാണോ
ചെന്നായക്കൂട്ടങ്ങള്‍ ചെയ്യുന്ന തെറ്റിനു
ആണായി പിറന്നവനാണോ പഴി.
കൂട്ടത്തില്‍ പോലും നിറം മാറുമോന്തുകള്‍
പുരുഷന്‍റെ പീഡകള്‍ ആരു ചൊല്ലാന്‍..!!!
ജിത്തു
വെന്മേനാട് .. :D
Thursday, June 18, 2015
റെയില്‍ പാളം
ദാ, കിടക്കുന്നു ഒരുത്തി
റെയില്‍ പാളത്തില്‍
പുരോഗമനത്തിന്റെ
ചുണ്ടുകള്‍
അടിവയറ്റില്‍
വേരുകള്‍ വിതച്ചിരുന്നുവത്രേ.......
ആളൊഴിഞ്ഞ മൂലയില്‍
ചുംബനം കൈമാറുന്ന
അവളെ ഞാന്‍ കണ്ടിരുന്നു
അവനവിടെ ഇല്ലല്ലോ ..!!
പല പൂവുകളില്‍
തേന്‍ നുകരുന്ന അവനേയും
കൂടെ കണ്ടിരുന്നതാണ്
ചുമടിറക്കി വിയര്‍പ്പുണക്കി
വരുന്ന അവളുടെ
അച്ഛനെ
അറിയാമായിരുന്നു
ഒഴിഞ്ഞ വയര്‍ മുറുക്കി കെട്ടി
നിന്നെ ഊട്ടിയ അമ്മയെയും.
ഉറക്കെ വിളിക്കാന്‍
പുതുമകള്‍ അറിയാത്ത
നാവുകള്‍ അന്ന് തരിച്ചിരുന്നു
പ്രതിഷേധിക്കാന്‍ കൈകളും
വിലങ്ങിട്ടിരുന്നു ലോകം .!!!
കണ്ണുകളടയ്ക്കാം
സദാചാര വാദി
എന്ന അശ്ലീല പദവിയേറ്റു
വാങ്ങാന്‍ വയ്യ. .
വയ്യ തിരിഞ്ഞു നടന്നു .......
അപ്പോഴും കാതുകളില്‍
പണ്ടെന്നോ കേട്ടു മറന്ന
ചില ശീലുകള്‍ അലയടിച്ചുയരുന്നുണ്ടായിരുന്നു ....
"ഭാരതം നമ്മുടെ രാജ്യമാണ് .......നാം ഓരോരുത്തരും സഹോദരീസഹോദരന്മാരാണ്"
ജിത്തു
വെന്മേനാട്
Subscribe to:
Posts (Atom)