Friday, May 29, 2015

കര്‍ണ്ണന്‍

Image result for karnan animation













പുച്ഛമാണര്‍ജുനാ ഉയിര്‍ പിടയുന്ന മാത്രയും
വീര പാര്‍ത്ഥ, മറുശരം പോല്‍
പുഞ്ചിരിക്കുന്നു ഞാന്‍ , ചരിത്രം തിരുത്തുവാന്‍ ..!!!

ദേവരാജന്‍, പുത്രനായ്‌ ഭിക്ഷാംദേഹിയായതും
കവചകുണ്ഡലമിരന്നതും അറിഞ്ഞിട്ടും
എന്‍ ജീവനായ്‌,നിനക്കുപഹാരം തന്നതും
അറിയുന്ന മാത്രയില്‍ തളരല്ലേ ഫല്‍ഗുനാ

വിദ്യയിരന്നനാള്‍ ഗുരുകുലം തന്നിലും
വിദ്യയറിഞ്ഞനാള്‍ കൗരവസഭയിലും
സ്വയംവരപന്തലില്‍ പ്രണയം തന്നെയും
പകരം തിരഞ്ഞതെന്‍ ചാതുര്‍വര്‍ണ്ണ്യം

തട്ടിയെടുത്തുവെന്‍ സിംഹാസനങ്ങള്‍
പൊട്ടിചിരിച്ചു നീയെന്നെയും നോക്കി
കണ്ടുവോ നീ,യന്നെന്‍ വാടിയ വദനം
പതിഞ്ഞുവോ കാതിലമ്മതന്‍ തേങ്ങല്‍

ഉതിരുന്നു രുധിരം വരിക നീയരികില്‍
ഒരേ നിറം ഒരു ഗുണം നാമിരുവര്‍ക്കുമതറിക
പതറല്ലെയനുജാ,യമ്മതന്‍ കണ്ണീരു കാണ്‍കെ
പടപൊരുതി നേടിയതെല്ലാം മിഥ്യയെന്നറികെ

നാളെയീയുലകം ഇതിഹാസം തിരുത്തും
ചതിച്ചു നേടിയ വീരാളിപട്ടെനിക്കു നല്‍കും
വീരനാം സൂര്യ പുത്രനെന്നെ  വാഴ്ത്തും
അത് കേട്ടീ രാധേയന്‍ പൊട്ടിചിരിയ്ക്കും..!!!

ജിത്തു
വെന്മേനാട്

Sunday, December 21, 2014

പുല്‍ക്കൊടി



അതിരില്ലാ വാനമെണ്ണിയാലൊടുങ്ങാ സൃഷ്ടികള്‍
കണ്ണെത്താ ദൂരം വന്മരങ്ങള്‍
അതിനിടയിലീയുലകില്‍ പൂവില്ലാ കായില്ല,
മണമില്ല,ഗുണമേതുമില്ലാ ഞാനൊരു പുല്‍കൊടി

വേനലില്‍ കരിയുന്നു പെരുമഴയില്‍ ചീയുന്നു
ഇടയിലെവിടെയോ നാമ്പിടുന്നു ജീവിതം
ഇരുളുകള്‍ ഹൃത്തില്‍ നിറയ്ക്കുന്നു നീര്‍മണി
പുലരിയില്‍ തുഷാരമതിലുദിക്കുന്നു സൂര്യന്‍

ഒന്നിച്ചു ചേര്‍ന്നാല്‍ പച്ചപ്പിന്‍ കുളിരാണ്
യെന്നാല്‍ ഒറ്റയ്ക്ക് നിന്നാല്‍ കളയാണതറിയാം
അ ടിമണ്ണു ചോരാതെയതിരുകള്‍ കാക്കാന്‍
തായ്‌ വേര് തമ്മില്‍ കൈകോര്‍ത്തീടാം

അംഗുലിയിലംഗുലമായ്‌ ഉദകം ചെയ്യുവാന്‍
കൊഴിഞ്ഞ ജീവനൊരിറ്റു കണ്ണീര്‍ പകരുവാന്‍
കറുകയായെങ്കിലും നീയെനിക്കേകിയ ജന്മ,
മതെത്രമേല്‍ പുണ്യം, സകലേശാ നന്ദി ....

ജിത്തു
വെന്മേനാട്

Wednesday, December 17, 2014

അഹം ( ഭാവം )


പുതുമകള്‍ മറന്നുപോയൊരു
ശീലുകള്‍, പഴയ പാഠങ്ങളീ
പെരുവഴിയിലുച്ചത്തില്‍ ചൊന്നു
നിന്നെ വിളിച്ചതും പഠിച്ചതും
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ഒഴിയാതെ പെയ്ത പെരുമഴയില്‍
നനഞ്ഞു ഞാന്‍, പുതു മണ്ണിലും
പുല്‍ക്കൊടിയിലും,ഒരുമാത്രയെന്‍
കുഞ്ഞിനൊരു പേര് തിരഞ്ഞത്
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

വഴികാട്ടിയാം സ്തംഭങ്ങള്‍ നിങ്ങള്‍
വെറുമൊരു പാരായണികന്‍, ഞാന്‍
വഴിതെറ്റിയലയുന്ന പൈതമിന്നും.
വെറുംവാക്കിലര്‍ത്ഥം ചികഞ്ഞത്-
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

കവിയെന്നു കളിയായി,കളി കൂട്ടുകാര്‍
വാക്കില്‍ കഷായം പകര്‍ന്ന നാളിലും
മടുക്കാതെ തോഴി -അലഞ്ഞു ഞാന്‍
തിരഞ്ഞിട്ടും തിരഞ്ഞിട്ടുമകന്നു നീ
കവിതേ, നീ തന്നെ ചൊല്ലുക
യുറക്കെപറയുക,യതഹം ഭാവമോ ..!!!

ജിത്തു
വെന്മേനാട്

Friday, November 28, 2014

മറവി



ഇന്നലെ കൂടി ഞാനോർത്തവയാണവ-
യിന്നെല്ലാമിതെങ്ങു പോയ് മറഞ്ഞിരിപ്പൂ.
നാവിന്‍ തുഞ്ചത്ത് തന്നെയുണ്ടെന്നാലോ
വഴുതിയൊഴിഞ്ഞെങ്ങോ ഒളിച്ചു നിൽപ്പൂ...

മുന്‍പിലുണ്ടെന്നാൽ കാണുവാനില്ലൊന്നും
കൺകെട്ടോ മായയോ, യിതിനെന്തു ചൊല്ലും.
ദാഹിച്ചു മോഹിച്ചു തിരയുമ്പോളൊക്കെയും
പിടിയി,ലൊതുങ്ങാതെ കണ്ണാരം കളിച്ചിടുന്നു.

പണ്ട് കൊതിച്ചവ മറവിയിലൊളിച്ചവ
ഹൃദയം പിഴിഞ്ഞിട്ടും അകലത്തു നിന്നവ
കുത്തുന്ന നോവുകള്‍ പൊള്ളും കനലുകള്‍
അസമയ,ത്തൊന്നാകെ മുന്നില്‍ നിരന്നു നിൽപ്പൂ.

വിളിക്കാത്ത നേരത്തെ,രിയുന്നയോർമ്മകൾ
കാണുവാനാകാതെ കീറിയ ചിത്രങ്ങൾ
കൺമുൻപിലൊന്നൊന്നായ് നീട്ടുന്ന മനസ്സേ,
നീയിതുമാത്ര,മേതാഴിയിൽ കുഴിച്ചു മൂടി. ..!

ജിത്തു
വെന്മേനാട്

Monday, November 10, 2014

പുഷ്പകം












പാറി വരും നേരം നിന,ക്കേകുവാന്‍
നറും തേനുമായ്‌ ഞാന്‍ കാത്തു നിന്നു
ഒരു മാത്രയെങ്കിലും മിഴികളില്‍
വാസന്തം തീര്‍ക്കുവാന്‍ ഒരുങ്ങി നിന്നു

രാവുകള്‍ പകലുകളീ  വഴിയോരം
വിഷാനനമിഴയും മണല്‍ക്കാട്ടില്‍
എത്ര നാഴികകള്‍ കൊതിച്ചു ഞാനി-
രുന്നിട്ടും അരികിലണയാഞ്ഞതെന്തേ

പ്രണയ സുഗന്ധം പേറി,യേകയായ്‌
നിന്നെയുമോര്‍ത്തിവള്‍ നിന്നു
മഴവ്വില്‍ പൂവിതള്‍ ചൂടി ചുണ്ടില്‍, മധുര
കനവുമായ്‌ തോഴിയിരുന്നു  ..!!

ദൂതുമായ്‌പത്രം പ്രിയാ,നിനക്കേകുവാന്‍
മാരുതനോടും, ഞാന്‍ ചൊല്ലി
നാടായ നാടെല്ലാം നുണകള്‍ പറഞ്ഞ
വനിതു മാത്രം ചൊല്ലാന്‍ മറന്നോ,

നാളുകള്‍ നീങ്ങുന്നു തളരുന്നു ഞാനും
വാടുന്നു,ജരവീണിതള്‍ പൊഴിയുന്നൂ
വര്‍ണ്ണചിറകുകള്‍ വീശി, ശലഭമാ,യീ
വഴിയൊന്നു വരിക,ഒരു മുത്തം തരിക

അവസാനമെന്‍ സുന്ദരമേനി,യീ
അവനിയില്‍ പതിയ്ക്കും മുന്‍പേ
അനുരാഗമേ, നിന്നധരങ്ങളാലെ
അന്തരാത്മാവിന്‍ തേന്‍ നീ,നുകരുക ..!!

ജിത്തു
വെന്മേനാട്

Friday, October 31, 2014

പ്രണയം



പതിയേ തഴുകവെ ഇളകി ചിരിയ്ക്കുന്ന
ആലിലചാര്‍ത്തതിലാണെന്‍റെ പ്രണയം

വെയിലേറ്റു വാടുന്ന മലരേ നിന്നോപ്പം
ഉരുകുന്ന പ്രാലേയമാണെന്‍റെ പ്രണയം

മുകിലിന്‍ കവിളില്‍  മഴവില്ലു ചാര്‍ത്തും
മിഹിരന്റെ മുത്തമാണിന്നുമെന്‍ പ്രണയം

പൗര്‍ണമിരാവില്‍ കരയോടു കൊഞ്ചും
അലയുടെ കൈകളില്‍ പകരുന്നു പ്രണയം

മഴക്കാറൊന്നു കണ്ടപ്പോള്‍ ഒളി-കണ്ണിട്ടു
നോക്കിയ പടിഞ്ഞാറന്‍ കാറ്റിലെന്‍ പ്രണയം

വര്‍ണ്ണചിറകടിച്ചരികില്‍ പറന്നെത്തും
ചിത്രപതംഗത്തിനേകുവാനകതാരില്‍

കുസുമമേ, കാത്തു നീ,വെച്ചൊരു മധുരിയ്ക്കും
തേന്‍കണമതിലാകുന്നെന്‍ പ്രണയം

നീയൊഴുകും വഴിയില്‍,നിലാമഴയില്‍ ത്രിസന്ധ്യ
യില്‍,താരകള്‍ വര്‍ണ്ണങ്ങള്‍  വാനിലൊരുക്കി

പുത്തന്‍ പുടവയുപഹാരമേകുവാന്‍ - മറഞ്ഞു
നില്‍ക്കുമൊരു ഇരുള്‍ മാത്രമാണിന്നും പ്രണയം

ശതകോടി ലതകള്‍ കൂടൊരുക്കി കാത്താലും-നിന്‍
ശിഖിരമണയുമൊരു ദേശാടനകിളിയാകുന്നു പ്രണയം

ജിത്തു
വെന്മേനാട്

Friday, October 24, 2014

പ്രണയം



പുഴയില്‍
അക്ഷരങ്ങള്‍
വാരിയെറിഞ്ഞു
കുഞ്ഞോളങ്ങള്‍ പാദങ്ങളെ
ഉമ്മ വെയ്ക്കുന്നതും നോക്കിയിനിയും ഞാനിരിയ്ക്കും .

അക്ഷര തുള്ളികള്‍
കൈകളാല്‍ തട്ടി തട്ടി കളിക്കുമ്പോള്‍
മുഖത്ത് പറ്റിയ തുള്ളിയുടെ നനവ്‌
തൂലികയില്‍ ഇനിയും പകരും ...

കാവില്‍ വിളക്ക് അണയും വരെ
നാരായത്തുമ്പില്‍
നിന്‍ കരിമഷി പുരട്ടി ചിരിയ്ക്കും
ഇനിയും നിന്നെ പ്രണയിക്കുക തന്നെ ചെയ്യും.
മടുക്കും വരെ ഞാനിനിയും നിന്നെ പുണരുക തന്നെ ചെയ്യും ..

Monday, October 6, 2014

ലലന



വാരിജദള ലോചനം ചാരുവദനം
തവകടാഷം ശസ്ത്രം ഹൃദയഭേദകം
കൃഷ്ണാങ്കുരം ചരണ ചുംബിതം
പവനാശനാശനന്‍ ലജ്ജിതം

പത്മകം ത്രിഗന്ധ ലാഞ്ഛനം
കുലീനം സിന്ദൂരമലംകൃതം
അരുണശോണിമയാര്‍ന്ന കന്ദളം
ഫല്‍ഗുനമംബരം ചുംബനകാമിതം

മഹോദധിജമഭേദ കന്ധരം
തുളുമ്പും മാര്‍ത്തടമതി മോഹിതം
പിപ്പലപത്ര രൂപം രുചകം
മണിപൂരകം അതി സുന്ദരം

സിതച്ഛദ ഗാമിനി വര്‍ണ്ണിനീ
മമമനമതില്‍ മൂലരൂപനിവാസിനി
ഇഷുധിയന്തരാ ന വാകം ശിഷ്ട-
മവര്‍ണ്ണനീയം നിന്‍ മോഹനഗാത്രം

ശുഭം !! ;)

_ജിത്തു_
വെന്മേനാട്

Wednesday, October 1, 2014

പൂജ്യം

വാലായി
കൂടെ ചെര്‍ന്നിരിക്കാന്‍ മാത്രമല്ലേ
ഞാന്‍ കൊതിച്ചത് ...

എന്നിട്ടും
വെട്ടി മുറിക്കുവാന്‍ പാകത്തില്‍
എന്നെ നീ മുന്നോട്ടു തള്ളിയത്
എന്തിനായിരുന്നു

നിഴലായ്‌
നിന്നോപ്പം
വാമഭാഗമലങ്കരിയ്ക്കുവാന്‍
കൊതിച്ചോരെന്നെ നീ
ഭാഗങ്ങളുടെയും
അംശങ്ങളുടെയും പേര് പറഞ്ഞു
നാരായത്തുമ്പിലെ
ഒരൊറ്റ കുത്ത് കൊണ്ട്
വിലയേതുമില്ലാത്ത
വെറുമൊരു
"പൂജ്യം"
മാത്രമാക്കിയത് എന്തുകൊണ്ടായിരുന്നു  ....!!!

ജിത്തു


വെന്മേനാട്

Saturday, August 2, 2014

പുഴ (ഒരു വേനലില്‍ ..!! )



വറ്റിയ വഴികളിലൂടെ ഒന്ന് തിരിഞ്ഞു നടന്നു...
നിറഞ്ഞു തുളുമ്പിയ യൗവനത്തിലൂടെ
പിന്നെയും പിറകോട്ടു ..

ഒരു കൊച്ചരുവിയായ്‌
തീരും മുന്‍പ്
ഉരുളന്‍ കല്ലുകളില്‍
തട്ടി തടഞ്ഞു
വഴിയറിയാതെ
പകച്ചു നിന്ന
നീര്‍ച്ചാലുകളായ്
ബാല്യങ്ങള്‍

ഭാഗ്യവാനാണ്
പരന്നൊഴുകാന്‍
പുഴയെന്നു
ഗര്‍വോടെ പറയാന്‍
കഴിഞ്ഞല്ലോ....!!

മതി ..വെയിലിനെ പഴിക്കണ്ട
തിരിഞ്ഞു നടക്കാം
കാത്തിരിയ്ക്കാം
ഋതു മാറും
ഇനിയുമൊരു
മഴ വരും

കൈ പിടിയ്ക്കും
പുഴ നിറയും ...!!

_ജിത്തു_
വെന്മേനാട്